തച്ചങ്കരിയെ അറിയാം, കത്ത് നൽകിയത് ഓർമയില്ല, സാധാരണ ശുപാർശ കത്ത് കൊടുക്കാറില്ല- പി.ജെ. കുര്യൻ

#ഷിനോജ് എസ്.ടി./മാതൃഭൂമി ന്യൂസ്
പി.ജെ. കുര്യൻ | Photo: Screengrab/Mathrubhumi News
പി.ജെ. കുര്യൻ | Photo: Screengrab/Mathrubhumi News

കോട്ടയം: ടോമിൻ ജെ തച്ചങ്കരിയുമായി ബന്ധപ്പെട്ട ‘വിഐപി കത്തിൽ’ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. കത്ത് കൊടുത്തതായി തനിക്ക് ഓർമയില്ലെന്നും താൻ ഇത്തരത്തിൽ കേസുമായി ബന്ധപ്പെട്ട് കത്ത് കൊടുക്കാറില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. തച്ചങ്കരിയെ നേരത്തെമുതൽ അറിയാം. അന്ന് രാജ്യസഭാംഗങ്ങളായിരുന്ന മറ്റുള്ളവരോട് കൂടി കത്ത് നൽകിയോ എന്ന് ചോദിച്ചുനോക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തച്ചങ്കരിയെ സഹായിക്കാൻ ശ്രമിച്ച കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം അന്നത്തെ കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്ന എ.കെ. ആന്റണിയോ വയലാർ രവിയോ അല്ലെന്നാണ് നിഗമനം. ഇതോടെയാണ് കോൺഗ്രസിന്റെ അന്നത്തെ രാജ്യസഭാംഗങ്ങളിൽ ഒരാളായ പി.ജെ. കുര്യനിലേക്ക് വിരലുകൾ ചൂണ്ടപ്പെടുന്നത്. എന്നാൽ കത്ത് കൊടുത്തെന്നോ കൊടുത്തില്ലെന്നോ ഓർമയില്ല. തച്ചങ്കരിയെ നേരിട്ട് അറിയാം. കേസിൽ ഇടപെടാൻ തച്ചങ്കരി ആവശ്യപ്പെട്ടതായി തനിക്ക് ഓർമയില്ല. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ടോമിൻ തച്ചങ്കരിക്കെതിരായ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിന് തൊട്ടുമുമ്പ് അസാധാരണമായ വി.ഐ.പി. ഇടപെടൽ നടന്നതിന്റെ സൂചനകൾ നൽകുന്ന കത്തായിരുന്നു കോട്ടയം വിജിലൻസ് കോടതി പുറത്തുവിട്ടത്. 2011 മേയ് 25-ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഒരു രാജ്യസഭാംഗം നൽകിയ ‘അതീവരഹസ്യം’ എന്ന് രേഖപ്പെടുത്തിയ ശുപാർശക്കത്തായിരുന്നു കോടതി പുറത്തുവിട്ടത്. തച്ചങ്കരിക്കെതിരായി വിചാരണാനുമതി നൽകുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ഭാഗം കൂടി കേൾക്കാനും നിവേദനം സമർപ്പിക്കാനും അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ കത്ത് നൽകിയത്.

കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കം ടോമിൻ തച്ചങ്കരി കോട്ടയം വിജിലൻസ് കോടതിയിൽ ഉന്നയിച്ചിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ സാക്ഷിയായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയോട് ഫയലുകളുമായി ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. അങ്ങനെ ഹാജരാക്കിയ ഫയലുകൾ പരിശോധിച്ചപ്പോഴാണ് ഈ ശുപാർശക്കത്ത് പുറത്തുവന്നത്. ‘ഡിയർ ശ്രീ പിള്ളേജി’ എന്ന് തുടങ്ങുന്ന കത്തിന്റെ പൂർണ്ണരൂപം കോട്ടയം വിജിലൻസ് കോടതി പുറത്തുവിട്ടെങ്കിലും, കത്ത് നൽകിയ രാജ്യസഭാംഗത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.