‘അവരെ ലോഡ്ജിൽ താമസിപ്പിച്ചു, വാടകവീട്ടിലേക്ക് മാറ്റാനിരുന്നതാണ്’; പിറവത്തെ കൂട്ട ആത്മഹത്യയിൽ പോലീസ്

#സ്വന്തം ലേഖിക
സിസി ടിവി ദൃശ്യത്തിൽനിന്ന്, കോതമംഗലം എസ്എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാർ
സിസി ടിവി ദൃശ്യത്തിൽനിന്ന്, കോതമംഗലം എസ്എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാർ

കോതമംഗലം: ‘ഞങ്ങൾത്തന്നെ റെഡിയാക്കി കൊടുത്ത ലോഡ്ജിലെ മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്. മൂന്ന് നാല് വീട് വാടകയ്ക്ക് നോക്കിയ ശേഷമാണ് ഒരെണ്ണം റെഡിയായത്. ആ വീട് അവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അവിടേക്ക് മാറാൻ ഇരിക്കെയാണ് ഈ മരണവാർത്ത കേൾക്കുന്നത്’, പിറവത്ത് കൂട്ട ആത്മഹത്യചെയ്ത നിർധന കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചതിനെപ്പറ്റി പറയുകയാണ് കോതമംഗലം എസ്എച്ച്ഒ കെ.ആർ പ്രശാന്ത് കുമാർ.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പിറവം മുളക്കുളം പാലത്തിന് സമീപം അ‌മ്മയുടെയും ആൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയത്. അ‌ന്വേഷണത്തിൽ മൃതദേഹങ്ങൾ മൂവാറ്റുപുഴ പായിപ്ര സ്വദേശിനിയായ ബിജിമോളുടെയും (44) നാലു വയസ്സുകാരൻ മകന്റെയുമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജിയുടെ ഭർത്താവ് നാരായണന്റെ (51) മൃതദേഹവും കണ്ടെത്തിയത്. ബിജിയുടെയും നാരായണന്റെയും എട്ടുവയസ്സുകാരിയായ മകൾക്കായി തിരച്ചിൽ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് എക്സൈസ് കടവിൽനിന്ന് മകൾ ഹന്നയുടെ മൃതദേഹവും കിട്ടിയത്.

നേരത്തെ ചെറുവട്ടൂർ ലക്ഷംവീട് നഗറിലെ വാടകവീട്ടിലായിരുന്നു ഒരു വർഷത്തിലേറെയായി പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗർ സ്വദേശികളായ കുടുംബം താമസിച്ചിരുന്നതെന്ന് പ്രശാന്ത് കുമാർ പറഞ്ഞു. വാടകവീട് ഒഴിയേണ്ടിവന്നപ്പോൾ മറ്റൊരു വീടിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് ഒന്നര ആഴ്ച മുമ്പ് കുടുംബം സഹായം അഭ്യർഥിച്ച് പോലീസിനെ സമീപിച്ചത്. ഇങ്ങനെ ഒരു കുടുംബത്തെക്കുറിച്ച് എന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് എറണാകുളം ജില്ലാ റൂറൽ പോലീസ് മേധാവിയായിരുന്നു. അങ്ങനെ അവരെ കാണുകയും അവർക്ക് വേണ്ടുന്ന സഹായങ്ങളെല്ലാം ഞങ്ങൾ പോലീസുകാർത്തന്നെ ഒരുക്കിക്കൊടുക്കുകയുമായിരുന്നു.

അവർക്ക് താമസിക്കാൻ സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കോതമംഗലത്ത് പീസ് വാലി എന്ന സ്ഥാപനത്തിൽ താമസിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവിടെ സ്ത്രീകൾക്ക് മാത്രമായിരുന്നു സൗകര്യം ഉണ്ടായിരുന്നത്. ബിജിമോൾക്ക് കാഴ്ച പരിമിതിയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിന് ഒരു ലോഡ്ജിൽ മുറിയെടുത്തുകൊടുക്കുകയും ഭക്ഷണവും വസ്ത്രങ്ങളും എല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അവരെ നല്ലൊരു വാടകവീട് എടുത്ത് മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പല വാടക വീടുകൾ നോക്കിയിരുന്നെങ്കിലും അതൊന്നും ശരിയായില്ല. പിന്നീട് കോതമംഗലം നെല്ലിക്കുഴിയിൽത്തന്നെ ഒരെണ്ണം റെഡിയായി. അവരെ കൂട്ടിക്കൊണ്ടുപോയി ആ വീട് കാണിക്കുകയും അവർക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. മാറാമെന്ന് പറഞ്ഞ ദിവസം രാവിലെ അവർ താമസിച്ചിരുന്ന സ്ഥലത്ത് ചെന്നപ്പോഴാണ് പള്ളിയിൽ പോകാൻ എന്നുപറഞ്ഞ് കുടുംബം അവിടെ നിന്നിറങ്ങിയതായി അറിയുന്നത്.

പുതിയ വാടക വീട്ടിലേക്ക് വേണ്ട അത്യാവശ്യം സാധനങ്ങളുമായാണ് പോലീസ് എത്തിയത്. പിന്നീട് കേൾക്കുന്നത് ഇവരുടെ ഞെട്ടിക്കുന്ന മരണവാർത്തയായിരുന്നു. അവർക്ക് ഒരു ഫോൺ വാങ്ങി കൊടുക്കുവാനും ഞങ്ങൾ പദ്ധതി ഇട്ടിരുന്നു. അവരുടെ ആധാർ കാർഡ് കൊണ്ടുവരണമെന്നും അത് വെച്ച് പുതിയൊരു സിം എടുത്ത്, ഫോൺ വാങ്ങി അവർക്ക് കൊടുക്കാം എന്നാണ് കരുതിയത്. അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ വിളിക്കാമല്ലോ എന്നും ഞങ്ങൾക്ക് അവരെയും വിളിക്കാമല്ലോ എന്നും അവരോടുതന്നെ പറഞ്ഞിരുന്നു.

വൈകീട്ട് പോലീസിന്റെ ഗ്രൂപ്പിൽ പിറവത്തുനിന്നുള്ള സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം കണ്ട് വിളിച്ച് ചോദിച്ചപ്പോഴാണ് ഈ കുടുംബമാണെന്ന് മനസ്സിലായത്. ഞങ്ങളുടെ സ്റ്റേഷനിലെ പിആർഒയും എന്റെ കൂടെയുള്ള ഡ്രൈവറുമാണ് അവർക്കു വേണ്ടി വീട് കണ്ടെത്താനും മറ്റ് സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കാനും ശ്രമിച്ചത്. ഞങ്ങൾക്കെല്ലാവരും വ്യക്തിപരമായും അല്ലാതെയും ഏറെ വേദനയോടെയാണ് അവരുടെ മരണവാർത്ത കേട്ടത്, എസ്എച്ച്ഒ കെ.ആർ പ്രശാന്ത് കുമാർ പറഞ്ഞു.

Content Highlights: The family was homeless and sought help from Kothamangalam police., SHO K.R. Prashanth Kumar and his team provided shelter, food, and clothing., Police actively searched for a new rental home and had secured one for the family., The family went missing on the day they were scheduled to move into the new house., The tragic deaths of the mother, father, and two children were confirmed in Piravom.