പിണറായി നല്ല മുഖ്യമന്ത്രി,ശിവശങ്കറിന് സംഭവിച്ചത് ദൗര്ഭാഗ്യകരമെന്നല്ലാതെ എന്തുപറയാന്‍-ടീക്കാറാം മീണ

കേരള കേഡറിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം, പ്ലാനിങ് ആന്‍ഡ് എക്കണോമിക്സ് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചിരിക്കുകയാണ് ടീക്കാറാം മീണ. രാജസ്ഥാനിലെ ഗ്രാമീണ ജീവിതത്തില്‍നിന്ന് കേരളമെന്ന സമത്വ സുന്ദര ഭൂമിയിലെത്തിയ ഇദ്ദേഹം ഇപ്പോള്‍ തനി മലയാളിയാണ്. മലയാളികളേക്കാള്‍ നന്നായി മലയാളത്തെയും കേരളത്തെയും മനസിലാക്കിയ ടീക്കാറാം മീണ, തന്റെ സര്‍വീസ് കാലത്തേപ്പറ്റിയും കടന്നുവന്ന ജീവിതത്തേപ്പറ്റിയും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കേരളം തന്റെ കര്മഭൂമിയായിരുന്നെന്നും അതിനാല്‍ ഇനിയുള്ള ജീവിതത്തിലും മലയാളികള്‍ക്കും കേരളത്തിനും തന്റെ ഹൃദയത്തില്‍ എന്നും സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഇത്രയും കാലത്തെ സര്‍വീസ് ജീവിതത്തില്‍ നന്നായി അറിഞ്ഞതും മികച്ച ഭരണാധികാരിയും മുഖ്യമന്ത്രിയും പിണറായി വിജയനാണെന്നും മീണ കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം
മൂന്ന് പതിറ്റാണ്ട് നീണ്ട സര്‍വീസാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇത്രയും കാലം കൊണ്ട് കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും എങ്ങനെയാണ് വിലയിരുത്തുന്നത്?
ഇപ്പോള്‍ ഞാനൊരു മലയാളിയായി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് പ്രസക്തിയുണ്ടോയെന്ന് എനിക്ക് തോന്നുന്നില്ല. ഞാനും മലയാളിസമൂഹത്തിന്റെ ഒരു ഭാഗമാണ്. ഇവിടെനിന്ന് കിട്ടിയ അപാരമായ സ്നേഹം, ആദരവ്, ബഹുമാനം എന്നിവയ്ക്ക് ഇവിടെയുള്ള നല്ലവരായ ആളുകള്‍ക്ക് നന്ദി പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇത്രയുമധികം ആദരവ് കിട്ടുമൊ എന്ന് എനിക്ക് സംശയമുണ്ട്. ഇവിടുത്തെ ജനങ്ങളുടെ മഹാമനസിന് ഉദാഹരണമാണത്. എവിടെ പ്രവര്‍ത്തിച്ചോ അവിടെയെല്ലാം ജനങ്ങളുമായി നേരിട്ടുള്ള ബന്ധമാണ് എനിക്കുള്ളത്. എന്നെ കാണാന്‍ ആരെങ്കിലും വരുമ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് തിരികെ പോകണം എന്നായിരുന്നു എന്റെ ലക്ഷ്യം.
ഐ.എ.എസ്. ഓഫീസര്‍ ആയതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങള്‍ക്ക് നമ്മളെക്കൊണ്ട് എത്രത്തോളം പ്രയോജനമുണ്ട്, എത്രത്തോളം അവര്‍ക്ക് ഉപയോഗപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്, അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ നമുക്ക് സാധിച്ചോ, അവരുടെ മുഖത്ത് ചിരികൊണ്ടുവരാന് സാധിച്ചോ, ദുഃഖങ്ങളും കഷ്ടതകളും ഉള്ള സമയത്ത് എത്രത്തോളം അവരെ സഹായിക്കാന്‍ സാധിച്ചു എന്നുള്ള പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ് ഉണ്ടാകേണ്ടത്. എന്റെ ഹൃദയത്തിലെ അടിസ്ഥാന സിദ്ധാന്തം ആയിരുന്നു ഇത്. ഈയൊരടിസ്ഥാനത്തിലാണ് കഴിഞ്ഞ 35 വര്‍ഷമായി ഈ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചത്. ഇതിന്റെ ഭാഗമായി കിട്ടിയ പിന്തുണയും ആദരവുമൊക്കെ ഒരു സ്വത്തായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.
രാജസ്ഥാനിലെ സ്വന്തം ഗ്രാമത്തില്‍നിന്ന് കേരളത്തിലേക്കുള്ള യാത്ര എത്രത്തോളം നീണ്ടതായിരുന്നു?
തുടക്കത്തില്‍ 1989-ലാണ് ഞാന്‍ കേരളത്തില്‍ വന്നത്. കൊല്ലം ജില്ലയിലാണ് എന്റെ ട്രെയിനിങ് തുടങ്ങിയത്. അന്ന് സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഞങ്ങളിവിടെ വന്നപ്പോള്‍ ഭാഷ വലിയ തടസമായിരുന്നു. ഭക്ഷണശൈലിയും വ്യത്യസ്തമായിരുന്നു. രാജസ്ഥാനില്‍ 98 ശതമാനം ആളുകളും സസ്യാഹാരികളാണ്. അവിടെ കിട്ടുന്ന ഭക്ഷണം ഇവിടെ കിട്ടുകയില്ല. ഭാഷ അവിടുത്തേതില്‍ നിന്ന് വ്യത്യസ്തമാണ്. എന്നേക്കാള്‍ എന്റെ ഭാര്യയ്ക്കാണ് വലിയ സങ്കടം വന്നത്.
ഞാന്‍ കുറച്ച് കാലം കഴിഞ്ഞതോടെ നോണ്‍ വെജിറ്റേറിയനായി മാറി. പക്ഷെ ഭാര്യ ഇപ്പോഴും സസ്യാഹാരി തന്നെ. അവിടുത്തേപ്പോലെ നല്ല പച്ചക്കറികള്‍ ഇവിടെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്.
മലയാള ഭാഷ പഠിച്ചിരിക്കണം എന്നുള്ള നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. കാരണം കേരളമെന്നത് എന്റെ കര്‍മഭൂമിയാണ്. ഞാനത് എന്റെ ഭാര്യയോടും പറഞ്ഞിരുന്നു. വിരമിക്കുന്നത് വരെ ഇനി ഇവിടെ തന്നെ അധികനാളും ചിലവഴിക്കണം. അതില്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിക്കണമെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു.
നല്ല ആളുകളെയാണ് എല്ലാ സ്ഥലത്തും എനിക്ക് കിട്ടിയത്. കൊല്ലം ജില്ലയില്‍ വിജയാനന്ദ് സാര്‍ എന്റെ കളക്ടറായിരുന്നു. അവിടുത്തെ എന്റെ പി.എ. ഫ്രാന്‍സിസ്, അവിടുത്തെ സ്റ്റാഫുകള്‍, തഹസില്‍ദാര്‍ എന്നുവേണ്ട, എല്ലാവരും എനിക്ക് നല്ല പരിശീലനമാണ് തന്നത്. പിന്നെ തൃശ്ശൂര്‍ കളക്ടറായിരുന്ന സമയത്ത് ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ എനിക്ക് സാധിച്ചു. ഒരുപാട് ഗ്രാമപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഏതൊക്കെ രീതിയില്‍ സഹായിക്കാനാകുമെന്ന് നോക്കി അവരെ സഹായിച്ചു.
ഐ.എ.എസ്. എന്നത് വെറുമൊരു പോസ്റ്റ് മാത്രമല്ല. അത് ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് ദൈവം നമുക്ക് തരുന്നത്. അപ്പോള്‍ അതില്‍ അഹങ്കാരം പാടില്ല. അഹങ്കാരം വന്നാല്‍ അതിലൊന്നും ചെയ്യാന്‍ പറ്റില്ല.
രാജസ്ഥാന്റെ അന്നത്തെ കാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഐ.എ.എസ്. നേടിയെടുക്കുക എന്നത് ഏന്ന എളുപ്പം സാധിക്കുന്ന ഒന്നല്ല. ഐ.എ.എസ്. എന്ന സ്വപ്നം പൂര്‍ത്തിയാക്കിയത് എന്തെല്ലാം കടമ്പകള്‍ കടന്നാണ്?
അക്കാലത്ത് ഗ്രാമപ്രദേശങ്ങളിലെ എല്ലാ വിദ്യാര്‍ഥികളും ചെറുപ്പക്കാരും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഞാനും അനുഭവിച്ചിരുന്നു. എന്റെ ഗ്രാമപ്രദേശത്ത് അന്ന് സ്കൂള്‍ എന്ന് പറയാനായി ഒന്നുമുണ്ടായിരുന്നില്ല. നാല് കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ എന്ന് പറയാനായി ഉള്ള സംവിധാനം. ദിനവും അത്രയും കിലോമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കണം. ഒരു മരത്തിന് കീഴില്‍ കുറച്ച് ബെഞ്ചും മറ്റും ഉള്ളതാണ് ഈ സ്കൂള്‍ എന്ന് പറയുന്നത്. ചില ക്ലാസുകള്‍ കൂരപോലെ കെട്ടിയെടുത്ത മുറികളില്‍ നടക്കുമെന്ന് മാത്രം. അഞ്ചാം ക്ലാസ് വരെ അവിടെ പഠിച്ചു.
മഴയൊക്കെ വരുന്ന സമയത്ത് കുടയൊന്നും ഇല്ല. പകരം ദേഹം നനയാതിരിക്കാന്‍ ചാക്ക് കീറി തലയിലിട്ടാണ് പോവുക. വീട്ടിലൊരുപാട് കൃഷിയുണ്ടായിരുന്നു. കൂടെ കുറെ കന്നുകാലികളും. മാതാപിതാക്കളോടൊപ്പം കൃഷി ചെയ്യണം, കന്നുകാലികളെ നോക്കണം, വീട്ടുജോലികളില്‍ അവരെ സഹായിക്കണം. കൂടാതെ ഒരുപാട് വന്യജീവികള്‍ ഉള്ള സ്ഥലമായിരുന്നു ഞങ്ങളുടേത്. കന്നുകാലികളെ ആക്രമിക്കുന്ന സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ബി.എ. വരെയുള്ള എന്റെ ജീവിതം ഇങ്ങനെയായിരുന്നു.
അച്ഛനും അമ്മയുമൊക്കെ നല്ല കഠിനാധ്വാനികളായിരുന്നു. അവരുടെ പ്രാര്‍ഥനയുടെയും കര്മത്തിന്റെയുമൊക്കെ ഫലമായിട്ടാകും ഈ സര്‍വീസ് എനിക്ക് ലഭിച്ചത്.
നിരവധി മുഖ്യമന്ത്രിമാരുടെ കാലത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്രയും കാലത്തെ അനുഭവത്തില്‍ നല്ലൊരു ഭരണാധികാരിയായി തോന്നിയത് ആരെയാണ്?
എനിക്ക് എല്ലാ മുഖ്യമന്ത്രിമാരുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ചിലതൊക്കെ നല്ല അനുഭവങ്ങളും ചിലതൊക്കെ ശക്തമായ അനുഭവങ്ങളുമുണ്ട്. 1992- 93 കാലത്ത് മുഖ്യമന്ത്രി കരുണാകരന് സാറായിരുന്നു. കുറെയൊക്കെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട് ഞങ്ങള്‍ തമ്മില്‍. പക്ഷെ അദ്ദേഹം ശക്തനായ ഭരണാധികാരിയായിരുന്നു. 2007 മുതല്‍ 2011 വരെ ഞാന്‍ പ്ലാനിങ് സെക്രട്ടറി ആയിരുന്ന സമയത്ത് വി.എസ്. അച്യുതാന്ദനായിരുന്നു മുഖ്യമന്ത്രി. നല്ലൊരു പിന്തുണയും ആശിര്‍വാദവും കാലത്ത് ഉണ്ടായിരുന്നു. പിന്നെ വന്ന ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് അദ്ദേഹവുമൊത്ത് അധികം പ്രവര്‍ത്തിക്കാന്‍ സമയം കിട്ടിയിട്ടില്ല. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ തൃശ്ശൂര്‍ കളക്ടറായിരുന്നു.
എനിക്ക് ഏറ്റവും നല്ല അനുഭവം കിട്ടിയിട്ടുള്ളത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പ്രവര്‍ത്തിക്കുമ്പോഴാണ്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നല്ലൊരു പിന്തുണയും സ്വാതന്ത്ര്യവുമാണ് എനിക്ക് ലഭിച്ചത്. ജോലിയില്‍ അദ്ദേഹം അനാവശ്യമായി ഇടപെടല്‍ നടത്താറില്ല. ഞാന്‍ മലയാളത്തിലാണ് എപ്പോഴും കാര്യങ്ങള്‍ വിശദീകരിക്കുക. അടുത്തിടെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പ്ലാനിങ് ബോര്‍ഡിന്റെ ഒരു മീറ്റിങ്ങില്‍ മന്ത്രിമാരുടെയൊക്കെ മുന്നില്‍ വെച്ച് 60 പേജോളം വരുന്ന കാര്യങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചു. അന്ന് അദ്ദേഹം എന്റെ മലയാള അവതരണത്തെ അഭിനന്ദിക്കുകയുണ്ടായി. എന്റെ മലയാളത്തിന് 90 മാര്‍ക്ക് തരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സാധാരണ അദ്ദേഹം ഇങ്ങനെ തുറന്ന് സംസാരിക്കുന്ന ആളല്ല. അദ്ദേഹം പക്ഷെ നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കും.
നല്ല കഴിവുള്ളവരെ അദ്ദേഹം വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അദ്ദേഹത്തിന് തന്റെ ഉദ്യോഗസ്ഥരെ നന്നായി മനസിലാക്കാനാകും. ആരെ എവിടെ നിയമിച്ചാല്‍ നന്നായി പ്രവര്‍ത്തിക്കാനാകും എന്ന വീക്ഷണം അദ്ദഹത്തിനുണ്ട്. ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഏത് രീതിയില്‍ പ്രവര്‍ത്തിക്കും എന്ന് അദ്ദേഹത്തിന് അറിയാം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സൗന്ദര്യവും അത് തന്നെയാണ്. അതൊക്കെ കൊണ്ട് അദ്ദേഹത്തെ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു.
സര്‍വീസിലിരുന്ന കാലത്ത് ഒരുപാട് വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ടാകുമല്ലോ, അത്തരം പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്തു?
ഞാന്‍ പറഞ്ഞില്ലെ, ഒരു ഗ്രാമപ്രദേശത്തുനിന്ന് വരുന്ന ആളാണ് ഞാന്‍. എനിക്ക് ഈ ചതികളും മറ്റും അറിയില്ല. ആരെങ്കിലും കുറ്റം ചെയ്താല്‍ അത് മന്ത്രിയായാലും നേതാവായാലും ഞാന്‍ ചോദ്യം ചെയ്യും. ഒരുകാര്യം അതെനിക്ക് മനസിലായിക്കഴിഞ്ഞാല്‍ അതില്‍ ഞാന്‍ ഉറച്ച നിലപാട് സ്വീകരിക്കും. അതില്‍ നിന്ന് ഞാന്‍ പിന്നാക്കം പോകില്ല. എന്നാല്‍ ചെറിയ വിഷയങ്ങളിലൊന്നും ഞാന്‍ ആരുടെയും മനസ് വിഷമിപ്പിക്കില്ല. പക്ഷെ ആരെങ്കിലും ഒരു തെറ്റ് ചെയ്യുകയും അത് വലിയ വിഷയമാകുന്നതുമാണെങ്കില് അത് മുഖത്തുനോക്കി എടുത്തടിക്കുന്ന സ്വഭാവക്കാരനാണ് ഞാന്‍. ഒരു മീറ്റിങ്ങിലാണെങ്കില് അത് മന്ത്രിമാരുടെയോ, സെക്രട്ടരിമാരുടെയോ ആണെങ്കിലും പറയാനുള്ളത് ഞാന്‍ പറയും. മിണ്ടാതിരിക്കാറില്ല.
എന്റെ ആവശ്യപ്രകാരം നടപടിയെടുത്ത ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്ന നടപടി ഞാന്‍ സ്വീകരിച്ചിട്ടില്ല. ഒരു ടീം ലീഡറെന്ന നിലയില്‍ അതെന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ ചെയ്യുന്നതൊക്കെ ദുര്‍ബലമായ വ്യക്തിത്വത്തിന്റെ പ്രശ്നമാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഒരുദ്യോഗസ്ഥന്റെയും കരിയര്‍ നശിപ്പിക്കാന്‍ പാടില്ല. കാരണം എല്ലാവരും മനുഷ്യന്മാരാണ്, തെറ്റ് സംഭവിക്കും. ചിലര്‍ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നവരാണെങ്കില്‍ മറ്റുചിലര്‍ മന്ദഗതിയില്‍ കാര്യങ്ങള്‍ നീക്കുന്നവരാകും. ഇവരെയെല്ലാം മുന്നോട്ടു കൊണ്ടുപോവുകയാണ് വേണ്ടത്. കാരണം അവരാണ് നിങ്ങളുടെ ശക്തി.
ഇതിലേറ്റവും നല്ല ഉദാഹരണം ഇലക്ടറല്‍ ഓഫീസിലേതാണ്. അവിടെ എല്ലാ ഉദ്യോഗസ്ഥരും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. നിങ്ങളുടെ ടീമാണ് നിങ്ങളുടെ ശക്തി. അങ്ങനെയെങ്കില്‍ നിങ്ങള്‍ നല്ലൊരു ലീഡറായി മാറും. അവരെ പിന്തുണയ്ക്കണം, പ്രേരിപ്പിക്കണം, പ്രോത്സാഹിപ്പിക്കണം, തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്ത് ശക്തമായ തീരുമാനങ്ങള്‍ എടുക്കണം. നിങ്ങള്‍ ദുര്‍ബലരാണെന്ന് അവര്‍ക്ക് തോന്നാന്‍ പാടില്ല. അങ്ങനെവന്നാല്‍ ആരും നിങ്ങളെ പിന്തുണയ്ക്കാന്‍ വരില്ല. ഭീരുവായിട്ടുള്ള ഒരു നേതാവിനെയും ആരും പിന്തുണച്ചിട്ടില്ല. അത് ഈ കാലത്തിന്റെ സ്വഭാവമാണ്.
ഈ പോസ്റ്റിലിരിക്കുമ്പോള്‍ അത്തരം അവസരങ്ങള്‍ ഒരുപാടുവരും. ഒരുപാട് കാര്യങ്ങള്‍ വരുമ്പോള്‍ അവയൊക്കെ നിരീക്ഷിക്കപ്പെടും. നിങ്ങള്‍ ഏത് രീതിയിലുള്ള നേതാവാണ്, എങ്ങനെ തീരുമാനങ്ങളെടുക്കുന്നു, ഇരട്ടത്താപ്പുണ്ടോ എന്നൊക്കെ. നിങ്ങള്‍ക്ക് നല്ലൊരു ട്രാക്ക് റെക്കോര്‍ഡുണ്ടെങ്കില്‍ ആളുകള്‍ക്ക് നിങ്ങളെ മനസിലാക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥരും നിങ്ങളും തമ്മിലുള്ള വിശ്വാസമാണ് പ്രധാനം. വിശ്വാസമില്ലെങ്കില്‍ മുന്നോട്ടുപോകില്ല.
ഇപ്പോള്‍ പറഞ്ഞതുപോലെ കടുത്ത നടപടികള്‍ എടുക്കേണ്ടി വന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
ഒരുപാട് ഉണ്ടായിട്ടുണ്ട്, സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്നപ്പോഴാണ് അത്തരത്തില്‍ ആദ്യമായി കടുത്ത നടപടി എടുക്കേണ്ടി വന്നത്. 1992-93 കാലത്തായിരുന്നു അത്. ഏഴ് ഡി.എസ്.ഒമാരെ അന്ന സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്നത്തെ വിഷയത്തിന്റെ പേരില്‍ ആ സമയത്തെ മന്ത്രിയുമായി എനിക്ക് തര്‍ക്കങ്ങളുണ്ടായി. അധികാരത്തിന്റെ വിഷം ബാധിച്ച ആളായിരുന്നു അദ്ദേഹം. എന്ത് ചെയ്യാനും മടിയില്ലാത്ത അദ്ദേഹത്തിന്റെ നിലപാട് ഞാന്‍ എതിര്‍ത്തു. ഒരുപാട് അഴിമതികള്‍ ഉണ്ടായിരുന്നു ആ സമയത്ത് ഡിപ്പാര്‍ട്ട്മെന്റില്‍. അതൊക്കെ മാറ്റാന്‍ ശ്രമിക്കുന്ന സമയത്ത് എനിക്കെതിരെ അദ്ദേഹം ഒരുപാട് നീക്കങ്ങള്‍ നടത്തി.
തൃശ്ശൂരിലുണ്ടായിരുന്ന സമയത്ത് അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ ശക്തമായ റെയ്ഡുള്‍പ്പെടെയുള്ള നടപടികളെടുത്തു. പിന്നീട് ഡെപ്യൂട്ടേഷനില്‍ കേന്ദ്ര സര്‍വീസിലേക്ക് പോയ സമയത്ത് വ്യാജ എന്‍.ജി.ഒകള്‍ക്കെതിരെ നടപടികളെടുത്തു. അവര്‍ സര്‍ക്കാര്‍ ഗ്രാന്‍ഡുകള്‍ കൈക്കലാക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. അവരെ ഞാന്‍ കരിമ്പട്ടികയില്‍ പെടുത്തി. അന്നത്തെ ഒരു മന്ത്രിക്ക് അതൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ ഭാഗമായി എന്നെ അവിടെനിന്ന് മാറ്റി.
ഇവിടെ പ്ലാനിങ് ഡിപ്പാര്ട്ട്മെന്റിലായിരിക്കുമ്പോള് ഒരുപാട് ഫയലുകള്‍ വിവിധ വകുപ്പുകളില്‍നിന്ന് വരും. അവ നോക്കുമ്പോള്‍ ഒരുകാര്യം ശരിയല്ലെങ്കില്‍ അത് അപ്പോള്‍ തന്നെ പറയും. തെറ്റായ കാര്യമാണ് അതിലുള്ളതെങ്കില്‍ ഫയല്‍ തിരിച്ചയക്കും. ഫണ്ട് അനുവദിക്കില്ല, അത് ഏത് സെക്രട്ടറി നിര്‍ദ്ദേശിച്ചാലും മന്ത്രി നിര്‍ദ്ദേശിച്ചാലും. അക്കാര്യത്തില്‍ എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് ഇഷ്ടമാണ്. അദ്ദേഹം ഒരിക്കലും എന്തിനിങ്ങനെ ചെയ്തു, എന്താണ് കാര്യം എന്നൊന്നും തിരക്കില്ല. അതാണ് ഒരു നേതാവിന്റെ ഗുണം.
മുഖ്യമന്ത്രിക്ക് തന്റെ ഉദ്യോഗസ്ഥരെ നന്നായി അറിയാമെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു ശിവശങ്കര്‍. അദ്ദേഹത്തിന് സംഭവിച്ച കാര്യങ്ങള്‍ താങ്കള്‍ക്കും അറിയാവുന്നതല്ലേ. ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കറെ എങ്ങനെ വിലയിരുത്തുന്നു?
അദ്ദേഹം ഒരു പ്രാപ്തനായ ഉദ്യോഗസ്ഥനാണ്. കാര്യക്ഷമതയുള്ള കഴിവുള്ള ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആക്കിയത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ ഭാഗത്തുനിന്ന് തെറ്റുകള്‍ സംഭവിക്കും. നിര്‍ഭാഗ്യകരമാണ് അതൊക്കെ. നമ്മളാരും നൂറുശതമാനം ശുദ്ധരല്ലല്ലോ. ജീവിതം ഇങ്ങനെ തന്നെയാണ്. തെറ്റുകള്‍ സംഭവിക്കാം. അതില്‍നിന്ന് പാഠം പഠിച്ചുകൊണ്ട് തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം. എന്തൊക്കെ സംഭവിച്ചാലും അദ്ദേഹം നല്ല കഴിവുള്ള മനുഷ്യനാണ്. അദ്ദേഹത്തിന് സംഭവിച്ചതൊക്കെ നിര്‍ഭാഗ്യകരമെന്ന് പറയേണ്ടി വരും.
വിശ്രമജീവിതത്തെ പറ്റി എന്താണ് പദ്ധതി?
വിശ്രമജീവിതമെന്ന് പറയുമ്പോള്‍, നമുക്ക് കര്‍മം ചെയ്യാതിരിക്കാന്‍ സാധിക്കില്ല. മരണം വരെ കര്മമെന്തെങ്കിലും ചെയ്തിരിക്കണം. പക്ഷെ അത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയായിരിക്കണം. കുടുംബം നന്നാകണം, കുട്ടികള്‍ നല്ല ദിശയിലേക്ക് പോകണം. നിങ്ങളെ സമീപിക്കുന്ന ഒരാള്‍ക്ക് നിങ്ങള്‍ നല്ലയാളാണെന്ന് തോന്നണം, ആര് നിങ്ങളെ കാണാന്‍ വന്നാലും അവര്‍ തിരികെ പുഞ്ചിരിയോടെ പോകാനാകണം.
ദൈവത്തിന്റെ മഹത്തായ സൃഷ്ടിയാണ് മനുഷ്യര്‍. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉള്ളിലുള്ള ദൈവത്വം പുറത്തേക്ക് വരുന്നു. അമ്പലത്തിലോ പള്ളിയിലോ അല്ല ദൈവം നമ്മുടെ ഹൃദയത്തിലാണ് ഉള്ളത്. നിങ്ങള്‍ ജനങ്ങളോട് സംസാരിക്കുമ്പോള്‍ നിങ്ങളുടെ മുഖത്തുനിന്ന് വരുന്ന വാക്കുകള്‍ അത് ദേവ വാക്യങ്ങളാണ്. ചിലപ്പോള്‍ നിങ്ങള്‍ വളരെ മോശമായ വാക്കുകള്‍ ഉപയോഗിക്കേണ്ടിവരും. അതാണ് നിങ്ങളുടെ ഉള്ളിലുള്ള തിന്മകള്. ആ തിന്മകളെ നിയന്ത്രിച്ച് നന്മകളെ പുറത്തേക്ക് കൊണ്ടുവരണം. നമ്മള് നമ്മളെ തന്നെ നന്നാക്കിയാല്‍ മതി. ജാതിയേതായാലും മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുള്ളത്.
നിങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്കും നല്ലത് വരും. മോശം കാര്യങ്ങള്‍ ചെയ്താല്‍ അങ്ങനെയും സംഭവിക്കും. അതുകൊണ്ട് ആരെയും ദ്രോഹിക്കാന്‍ പാടില്ല. നമ്മളാരും ദൈവത്തെ കണ്ടിട്ടില്ല. എന്നാല്‍ മനുഷ്യരെ കാണുന്നുണ്ട്. നല്ല മനുഷ്യരെ കണ്ടാല്‍ അവരെ ദേവന്മാരെപ്പോലെയാണ് സ്നേഹിക്കുന്നത്. ഏത് മനുഷ്യരിലും ദൈവികമായ ശക്തിയുണ്ട്. അത് മനസിലാക്കിയാല്‍ മാത്രം മതി.
കര്‍ത്തവ്യമാണ് ധര്‍മം. നിങ്ങളെ ഏല്‍പ്പിച്ച ജോലി നന്നായിട്ട് ചെയ്യുന്നുണ്ടോ, വീട്ടില്‍ നിങ്ങളൊരു അച്ഛനാകാം, സഹോദരനാകാം. ഏത് ബന്ധവുമാകട്ടെ ആ കര്‍ത്തവ്യങ്ങളൊക്കെ നിങ്ങള്‍ നന്നായി നിര്‍വഹിക്കുന്നുണ്ടോയെന്ന് നോക്കണം. എന്നാല്‍ മാത്രമേ ഈ സമൂഹത്തില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ സാധിക്കു. അതാണ് എന്റെ ലക്ഷ്യം. നല്ലവരായിട്ടുള്ള മനുഷ്യരെ ഒറ്റക്കെട്ടായി കൊണ്ടുപോയി സമൂഹത്തില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കാനാണ് ഉദ്ദേശം.
Content Highlights: pinarayi vijayan is good chief minister says teekaram meena