വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലം; തുക കൈമാറിയത് അക്കൗണ്ട് വഴി, നികുതിയും കൃത്യമായി അടച്ചിട്ടുണ്ട്- പിണറായി വിജയൻ

പത്തനംതിട്ട: വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുക കൈമാറിയത് അക്കൗണ്ട് വഴിയാണെന്നും നികുതിയും കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാന്നാറിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനം പൂർത്തിയാക്കിയ ശേഷം ലോകത്തിലെ തന്നെ പ്രശസ്തമായ ഐടി കമ്പനികളിലൊന്നിലാണ് വീണ ആദ്യം ജോലിയിൽ പ്രവേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് വിവാഹശേഷമാണ് ജോലി അവസാനിപ്പിച്ചത്. അതിനുശേഷം വിദേശരാജ്യങ്ങളിലടക്കം പോയി ജോലി ചെയ്തിരുന്നതായും, അവിടെത്തന്നെ തുടർന്നിരുന്നെങ്കിൽ വലിയ ശമ്പള നിലവാരത്തിലേക്ക് വീണ എത്തുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട് മറ്റൊരു കമ്പനിയിൽ ജോലി ചെയ്ത ശേഷം സ്വന്തമായി ഒരു ഐടി കമ്പനി ആരംഭിക്കുകയായിരുന്നു. സ്വന്തം കമ്പനി വഴി നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഐടി സേവനങ്ങൾ നൽകിവന്നു. മകളുടെ കമ്പനി നൽകിയ സേവനങ്ങളുടെ കൂട്ടത്തിലുള്ളതാണ് സിഎംആർഎൽ (CMRL) കമ്പനിയുമായുള്ള ഇടപാടെന്ന് അദ്ദേഹം വ്യക്തമാക്കി. മകളുടെ കമ്പനി നൽകിയ സേവനത്തിന് സിഎംആർഎൽ നൽകിയത് കൃത്യമായ പ്രതിഫലമാണെന്നും അതൊരു രഹസ്യ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ തുക നൽകിയതും മകളുടെ കമ്പനി അത് സ്വീകരിച്ചതും ഔദ്യോഗികമായി അക്കൗണ്ടുകൾ വഴിയും രേഖപ്രകാരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ തുക അക്കൗണ്ടിൽ ഉൾപ്പെടുത്തുമ്പോൾ കമ്പനികൾ നൽകേണ്ട എല്ലാവിധ നികുതികളും കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവൻ ഇടപാടുകളും രേഖാമൂലവും നിയമപരവുമായാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
വീണയുടെ കമ്പനിക്ക് പണം ലഭിച്ച ഘട്ടത്തിൽ മുഹമ്മദ് റിയാസ് അവരുടെ ഭർത്താവായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ, തനിക്കുവേണ്ടി പണം വാങ്ങി അത് വീണ റിയാസ് മുഖേന പുറത്തുകടത്തി വിദേശത്തേക്ക് കടത്തി എന്നാണ് കണ്ടെത്തൽ. വർഷങ്ങൾക്ക് ശേഷം വീണയുടെ ഭർത്താവായി വന്ന റിയാസിനായി ഈ പണം സൂക്ഷിച്ചുവെച്ചുവെന്നും അത് തനിക്കായി പുറത്തേക്ക് കടത്തിയെന്നുമാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇഡിയെപ്പോലുള്ള ഒരു അന്വേഷണ ഏജൻസി ഇത്ര ലജ്ജാകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.
വലിയ അച്ചിൽ വാർത്ത നിരത്തിയതുകൊണ്ട് താൻ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഒരു കൈക്കൂലിക്കാരനായി മാറില്ലെന്നും താൻ ജീവിച്ച ജീവിതം എങ്ങനെയാണെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അത് തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. ചിലർക്കുള്ള അമർഷവും രോഷവും വിദ്വേഷവും പകയും തീർക്കുന്ന രീതിയിൽ അച്ച് നിരത്തിയാൽ തകർന്നുപോകുന്ന ഒന്നല്ല തന്റെ വ്യക്തിജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തിലുള്ള ശീലങ്ങളിലൂടെയല്ല തങ്ങളാരും വളർന്നുവന്നിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ ഇതൊന്നും പറഞ്ഞ് തങ്ങളെ തകർത്തുകളയാമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങളിൽ രാഷ്ട്രീയമായ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായ കാര്യങ്ങളെ നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.