‘ഇതുകൊണ്ട് വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കണ്ട’- പ്രസംഗത്തിനിടയിൽ വെള്ളം കുടിച്ചത് തമാശയാക്കി പിണറായി

#ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മാന്നാറിലെ പരിപാടിയിൽ രാവിലത്തെ രോഷാകുലനായ രൂപത്തിൽ നിന്ന് മാറി അല്പം പുഞ്ചിരിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്നെ പഴിചാരാനുള്ള ഇഡി നീക്കം വിജയിക്കില്ലെന്നും വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടയിൽ വെള്ളം കുടിച്ചപ്പോൾ അദ്ദേഹം അത് തമാശയാക്കി. ഇതുകൊണ്ട്(ആരോപണങ്ങളെ തുടർന്ന്) വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയുള്ള വേട്ടയാടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഒരുപാട് കാലമായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. തന്നെ തകർക്കാൻ ശ്രമിച്ച ശക്തികൾ ആഗ്രഹിച്ച രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ഇഡി ഇപ്പോൾ പ്രത്യേക നിലപാടുമായാണ് മുന്നോട്ടു പോകുന്നതെന്ന് ആരോപിച്ചു. ഒരു ദിവസം രാവിലെ താൻ താമസിക്കുന്ന വീട്ടിലേക്ക് അടക്കം ഇഡി ഉദ്യോഗസ്ഥർ കയറിവന്നുവെന്നും, ഏതെങ്കിലും തരത്തിൽ തന്നെ പഴിചാരാൻ ശ്രമിച്ചെങ്കിലും അവർക്ക് സഹായകമായ ഒന്നും അവിടെനിന്ന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ കമ്പനി നൽകിയ സേവനങ്ങളുടെ കൂട്ടത്തിലുള്ളതാണ് സിഎംആർഎൽ (CMRL) കമ്പനിയുമായുള്ള ഇടപാടെന്ന് അദ്ദേഹം വ്യക്തമാക്കി. മകളുടെ കമ്പനി നൽകിയ സേവനത്തിന് സിഎംആർഎൽ നൽകിയത് കൃത്യമായ പ്രതിഫലമാണെന്നും അതൊരു രഹസ്യ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ തുക നൽകിയതും മകളുടെ കമ്പനി അത് സ്വീകരിച്ചതും ഔദ്യോഗികമായി അക്കൗണ്ടുകൾ വഴിയും രേഖപ്രകാരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ തുക അക്കൗണ്ടിൽ ഉൾപ്പെടുത്തുമ്പോൾ കമ്പനികൾ നൽകേണ്ട എല്ലാവിധ നികുതികളും കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവൻ ഇടപാടുകളും രേഖാമൂലവും നിയമപരവുമായാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.