സാലറി ചാലഞ്ച്; വിട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മുകളിലാണ് കുട്ടികള്‍- മുഖ്യമന്ത്രി

#സ്വന്തം ലേഖിക
പിണറായി വിജയന്‍ | Photo: Screen grab/ Facebook: Pinarayi Vijayan
പിണറായി വിജയന്‍ | Photo: Screen grab/ Facebook: Pinarayi Vijayan

കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാലറി ചാലഞ്ചിന് വിസമ്മതിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ എത്ര ഉയരത്തിലാണെന്ന് മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് ബാലസംഘം സംസ്ഥാന സമ്മേളന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകപക്ഷീയമായിട്ടായിരുന്നില്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ശമ്പളം സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളോട് ചര്‍ച്ച ചെയ്താണ് അഞ്ചു ദിവസത്തെ ശമ്പളമെന്ന് തീരുമാനിച്ചത്. ഒരു സംഘടന സംഭാവന ചെയ്യാന്‍ പറ്റില്ലെന്ന് അറയിച്ചു. ഇത് ശരിയല്ലെന്ന് അവരോട് പറയേണ്ടതായി വന്നു- മുഖ്യമന്ത്രി പറഞ്ഞു.

ഇവരുടെ മനോഭാവത്തെ കുട്ടികളുടേതുമായി താരതമ്യപ്പെടുത്തിയാല്‍, കുട്ടികള്‍ എത്രമാത്രം ഉയരെ നില്‍ക്കുന്നു, ഇവര്‍ എത്രമാത്രം താഴെ നില്‍ക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരും ഇങ്ങനെയാണെന്നല്ല പറയുന്നതന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ രീതിയിലാണ് കുട്ടികള്‍ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിലടക്കം സംഭാവന നല്‍കാനായി മുന്നോട്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തോല്‍പ്പിക്കാന്‍ പാടില്ല എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. എന്തുമാത്രം തെറ്റി ധാരണയാണത്. വായിക്കാനും എഴുതാനും ശേഷി വേണ്ടേ കുട്ടികള്‍ക്ക്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ എന്തിനാണ് എതിര്‍ക്കേണ്ടത്. നിലവാരമില്ലാത്ത കുട്ടിയായി വളര്‍ന്നാല്‍ കോളജിലും പ്രൊഫഷണല്‍ തലത്തിലും അത് പ്രതിഫലിക്കും. ദേശീയ ശരാശരിയേക്കാള്‍ പിറകില്‍ നില്‍ക്കേണ്ടവരാണോ നമ്മള്‍? ഓള്‍ പ്രൊമോഷന്‍ എന്ന നയം വന്നു. പഠിച്ചാലും പഠിച്ചില്ലെങ്കിലും പാസായി പോവുകയാണ്. എല്ലാ കുട്ടികളും നിലവാരത്തോടെ പാസാവണം എന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ ആ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM Pinarayi Vijayan speech at Balasangham state conference