സംസ്ഥാന സർക്കാർ RSS-ന് കീഴ്‌പ്പെടുന്നു, വർഗീയ അജണ്ടകൾ വിവിധ രൂപങ്ങളിൽ നടപ്പിലാക്കപ്പെടുന്നു-പ്രതിപക്ഷ നേതാവ്

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ | ചിത്രം: മാതൃഭൂമി
പിണറായി വിജയൻ | ചിത്രം: മാതൃഭൂമി

ആലപ്പുഴ: സംസ്ഥാന സർക്കാർ ആർ.എസ്.എസ്സിന് കീഴ്‌പ്പെടുന്നുവെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരത്തിലെ പ്രഖ്യാപിത നിലപാടിൽനിന്ന് കോൺഗ്രസ് പിന്നോട്ടുപോയെന്നും പിഎം ശ്രീയിലൂടെ കാവിവത്കരണമാണ് ഉദ്ദേശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ആലപ്പുഴയിൽ കർഷക സംഘം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വർഗീയ അജണ്ടകൾ വിവിധ രൂപങ്ങളിൽ നടപ്പിലാക്കപ്പെടുകയാണ്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനവും, പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും കൃത്യമായ അജണ്ടയുടെ ഭാഗമാണ്.

ഇതൊന്നും ഇവിടെ നടപ്പാക്കില്ലെന്ന് പറഞ്ഞ സർക്കാർ ഇവിടെയുണ്ടായിരുന്നു. അന്ന് ഇവിടെ എൽ.ഡി.എഫ്. സർക്കാരായിരുന്നു. എന്നാൽ നിലവിൽ സംസ്ഥാനത്ത് ആർ.എസ്.എസ്. അജണ്ടകൾക്ക് പൂർണ്ണമായി കീഴ്‌പ്പെടുന്ന നിലപാടാണ് കാണുന്നത്.’

ബിജെപിയുടെ നയങ്ങൾ നടപ്പാക്കുന്ന സർക്കാരാണോ ഇതെന്ന സംശയം ചുരുങ്ങിയ നാളുകളിലെ പ്രവർത്തനങ്ങൾ കൊണ്ട് തന്നെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

‘വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ചൊല്ലേണ്ടതുള്ളൂ എന്ന് ഭരണഘടനാ അസംബ്ലിയും മതനിരപേക്ഷ ശക്തികളും തീരുമാനിച്ചിരുന്നതാണ്. എന്നാൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറുന്ന സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലിയത് ആർ.എസ്.എസ്. അജണ്ടയുടെ ഭാഗമായാണ്.’

‘സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് നിർദ്ദേശിച്ച ഏക സംസ്ഥാനവും കേരളമായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതിനെ തുടർന്നാണ് പിന്നീട് ആ തീരുമാനത്തിൽ നിന്നും പിന്മാറിയത്.’ ആർ.എസ്.എസ്. നയങ്ങൾ സംസ്ഥാനത്ത് വീണ്ടും വീണ്ടും ആവർത്തിക്കുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു.