പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ എയ്ഡ്‌സ് വർധിക്കുന്നു; ജാഗ്രതാ നടപടിയുമായി ആരോഗ്യവകുപ്പ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: gettyimages
പ്രതീകാത്മക ചിത്രം | Photo: gettyimages

പെരുമ്പാവൂർ: അതിഥി തൊഴിലാളികൾക്കിടയിൽ എയ്ഡ്‌സ് രോഗം വർധിക്കുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ആരോഗ്യം, വനിത-ശിശു ക്ഷേമം, തൊഴിൽ, നിയമം ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഇല്ലെങ്കിലും പുതിയ കേസുകൾ ഉണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ചെയ്യുന്നുണ്ടെന്ന് പ്രോജക്ട് ഡയറക്ടർ പറഞ്ഞു. നിലവിൽ അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്കരണ പരിപാടികൾ നടക്കുന്നുണ്ട്. കൂടുതൽ ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ജോ. ഡയറക്ടർ രശ്മി മാധവൻ, ഡെപ്യൂട്ടി ഡയറക്ടർ ബാല മഞ്ജു, അസി. ഡയറക്ടർ ജിജോ എന്നിവർ പങ്കെടുത്തു. ആരോഗ്യ ഉത്സവം എന്ന പേരിൽ ഫെബ്രുവരി 22-ന് പെരുമ്പാവൂരിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പരമാവധി അതിഥി സംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കാനും സമഗ്ര ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണവും മെഡിക്കൽ ചെക്കപ്പും നടത്താനും തീരുമാനിച്ചു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, മറ്റ് വകുപ്പുകളുടെ സഹകരണമുണ്ടാകും. തൊഴിൽ ദാതാക്കൾ, സർക്കാരിതര സംഘടനകൾ, തൊഴിലാളി സംഘടനകൾ എന്നിവരുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.

Content Highlights: Review meeting in Perumbavoor addresses rising AIDS concerns among guest workers. Officials from health, labor, and welfare departments attended. Focus on prevention and awareness.