കർണാടകയിലെ 'ബുൾഡോസർ രാജ്' സംഭവിക്കാൻ പാടില്ലാത്തത്- പാണക്കാട് സാദിഖലി തങ്ങൾ

#ന്യൂസ് ഡെസ്ക്
സാദിഖലി ശിഹാബ് തങ്ങള്‍
സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കർണാടകയിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്ത സംഭവം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാർ ഭൂമി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയുണ്ടായതെങ്കിലും അവിടെ താമസിച്ചിരുന്ന ജനങ്ങളുടെ സാഹചര്യം കൂടി പരിഗണിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അവിടെ താമസിച്ചുകൊണ്ടിരുന്ന ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വന്നതിൽ സർക്കാരിന് നിയമപരമായ ന്യായങ്ങളുണ്ടാകാം. അത് സർക്കാർ ഭൂമി ആയതിനാലാണ് നടപടി ഉണ്ടായതെങ്കിലും ഇത്തരത്തിൽ ബുൾഡോസർ ഉപയോഗിച്ചുള്ള നീക്കങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നതാണ് ഞങ്ങളുടെ പക്ഷം. വീട് നഷ്ടപ്പെട്ട ആളുകളെ പുനരധിവസിപ്പിക്കുമെന്നും അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ചെയ്തു കൊടുക്കുമെന്നും കർണാടക മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ നിലപാട് നല്ലൊരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ 22-ന് പുലർച്ചെ നാലുമണിക്കാണ് കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ ഒഴിപ്പിക്കൽ നടന്നത്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, ജെസിബികളും 150-ഓളം പോലീസ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് വീടുകൾ തകർത്തത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങളാണ് പൊളിച്ചതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, തങ്ങൾക്ക് മുൻകൂട്ടി നോട്ടീസ് നൽകിയിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നും താമസക്കാർ പരാതിപ്പെടുന്നു.