പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ: സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിൽ; നിർമ്മാണം ആറ് മാസത്തിനകം

പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

മണ്ണാർക്കാട് : പാലക്കാട്-കോഴിക്കോട് നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാരത്തുക വിതരണവും അവസാനഘട്ടത്തിലെത്തിയതോടെ ദേശീയപാതാവിഭാഗം ദർഘാസ് നടപടികൾക്കായുള്ള റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്രത്തിന്റെ അനുമതി ലഭ്യമായാൽ ദർഘാസ് നടപടികൾ പൂർത്തീകരിച്ച് ആറുമാസംകൊണ്ട് പണി തുടങ്ങാനാകുമെന്ന് അധികൃതർ അറിയിച്ചു.

ഭൂമിയേറ്റെടുക്കാനും നിർമാണത്തിനുമായി 10,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ 120 കിലോമീറ്ററിലാണ് പാത കടന്നുപോകുക. നിലവിലെ പാലക്കാട്-കോഴിക്കോട് ദേശീയപാത 966-ന്റെ ബദൽപാതയായാണ് ഗ്രീൻഫീൽഡ് പാത അറിയപ്പെടുന്നത്.

മൂന്നു ജില്ലകളിലും പാതയ്ക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിലാണ്. ഏറ്റെടുത്ത സ്ഥലത്തിന്റെയെല്ലാം തുക നൽകിക്കഴിഞ്ഞു. 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. നാലുവരിപ്പാതയാണ് നിർമിക്കുന്നത്. 21 വില്ലേജുകളിലൂടെയാണ് ഗ്രീൻഫീൽഡ് പാത കടന്നുപോകുന്നത്. 61.3 കിലോമീറ്ററാണ് ദൂരം.

ലാൻഡ് റവന്യൂ, സോഷ്യൽ ഫോറസ്ട്രി, പൊതുമരാമത്ത് വിഭാഗം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവേ പൂർത്തീകരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഭൂമിയേറ്റെടുക്കൽ 85 ശതമാനവും പൂർത്തിയായി.

1755.88 കോടി രൂപയാണ് ഇതിനായി കേന്ദ്രം പാലക്കാട് ജില്ലയ്ക്ക് അനുവദിച്ചത്. ഇതു മുഴുവൻ വിതരണം ചെയ്തു. 276 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ ഏകദേശം 10 ഹെക്ടറോളം വനഭൂമിയുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ ഇതിന്റെ സർവേനടപടികളും പൂർത്തീകരിക്കുമെന്ന് സ്ഥലമേറ്റെടുപ്പ് വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

Content Highlights: Palakkad-Kozhikode greenfield highway: Land acquisition in final stage; construction begins soon