നെന്മാറയിൽ പ്രതിഷേധം; പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം, കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ

ചെന്താമര, നെന്മാറയിലെ സംഘർഷത്തിൽ നിന്ന്
ചെന്താമര, നെന്മാറയിലെ സംഘർഷത്തിൽ നിന്ന്

പാലക്കാട്: നെന്മാറയിൽ ജാമ്യത്തിലിറങ്ങി പ്രതി അയൽവാസിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഇരട്ടക്കൊലപാതകത്തിൽ പോലീസിനുണ്ടായ വീഴ്ച ചൂണ്ടിക്കാണിച്ചുള്ള മാർച്ച് ആണ് ഇപ്പോൾ അക്രമാസക്തമായിരിക്കുന്നത്. പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലാണ് മാ‍ർച്ചിന് നേതൃത്വം നൽകുന്നത്. 

രാഹുൽ മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതോടെ, പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന്, ഇവർക്ക് നേരെ പോലീസ് ലാത്തിവീശി. പ്രവർത്തകരിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. 

തിങ്കളാഴ്ചയായിരുന്നു അയൽവാസിയുടെ ഭാര്യയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങി അയൽവാസിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ഓഗസ്റ്റ് 30-നാണ് സുധാകരന്റെ ഭാര്യ സജിതയെ ഇയാൾ കൊലപ്പെടുത്തിയത്.

ജയിലിൽനിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉൾപ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബർ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയത്.

തുടർന്ന്, സുധാകരനെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. ചില അയൽവാസികളെയും ഭീഷണിപ്പെടുത്തിയിരുന്നു. സമീപവാസികൾ ഇതുസംബന്ധിച്ച് നെന്മാറ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് ഇയാളെ വിളിപ്പിച്ചു. സ്റ്റേഷനുള്ളിൽ കയറാതെ നിന്ന ഇയാളോട്‌ ഇൻസ്പെക്ടർ പുറത്തേക്കുവന്നാണ് സംസാരിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചത് കോടതിയിൽ റിപ്പോർട്ടുചെയ്ത് ജാമ്യം റദ്ദാക്കാനുള്ള നടപടി വൈകിയെന്ന് കുടംബം ആരോപിക്കുന്നുണ്ട്. 
 

Content Highlights: Protests erupt in Palakkad after a man on bail murders his neighbor and mother