ഒന്നിച്ച് അവര്‍ നിത്യനിദ്രയിലേക്ക്, കൂട്ടുകാരികള്‍ മടങ്ങി; കബറടക്കം പൂര്‍ത്തിയായി

പാലക്കാട്: പരസ്പരം തോളോട് തോള്‍ചേര്‍ന്ന് നടന്നവര്‍, അവര്‍ ഒരുമിച്ച് മടങ്ങി നിത്യനിദ്രയിലേക്ക്. നാടിനെ മുഴവന്‍ കണ്ണീരിലാഴ്ത്തി നാലുപേരുടേയും കബറടക്കം തുപ്പനാട് ജുമാ മസ്ജിദില്‍ നടന്നു. ജീവിതത്തിലും മരണത്തിലും വേര്‍പിരിയാത്ത ആ കൂട്ടുകാരുടെ കബറിടങ്ങളും ഒരുമിച്ചായിരുന്നു.
പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയപ്പോഴുണ്ടായ അപകടത്തിലാണ് കൂട്ടുകാരികളും എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളുമായ റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, നിദ ഫാത്തിമ, ആയിഷ എന്നിവര്‍ മരിച്ചത്.
വ്യാഴാഴ്ച സ്‌കൂള്‍ കഴിഞ്ഞ നടന്നുവരുന്നതിനിടെ ഇവരുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞായിരുന്നു അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ കുട്ടികളുടെ വീടുകളിലെത്തിച്ച മൃതദേഹം എട്ടരയോടെ തുപ്പനാട് കരിനമ്പനയ്ക്കല്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി മാറ്റിയിരുന്നു. ഉറ്റവരും നാടുമുഴുവനും ആദാരഞ്ജലി അര്‍പ്പിക്കാനെത്തി.
മന്ത്രിമാരായ എം.ബി.രാജേഷ്, കെ.കൃഷ്ണന്‍കുട്ടി എന്നിവരും കെ.ശാന്തകുമാരി എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര അടക്കമുള്ള ഉദ്യോഗസ്ഥരും കുട്ടികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു
പിന്നീട് തുപ്പനാട് ജുമാ മസ്ജിദ് കബര്‍സ്ഥാനിലേക്ക്. മണ്ണോട് ചേര്‍ന്ന് നാലുപേരും. കണ്ണീരില്‍ കുതിര്‍ന്ന മൂന്ന്പിടി മണ്ണ് വാരിയിട്ട് ഉറ്റവരും നാട്ടുകാരും. ഉള്ളുലയ്ക്കുന്ന നിലവിളിയും പൊട്ടിക്കരച്ചിലുമായിരുന്നു പനയംപാടെത്തെങ്ങും.
ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് ഒന്നിച്ചുമടങ്ങിയ കൂട്ടുകാരാണ്. പരീക്ഷാനാളുകള്‍ കഴിഞ്ഞുള്ള അവധിക്കാലം ആഘോഷിക്കാന്‍ മനസ്സുകൊണ്ട് കൊതിച്ചവരാണ്. നിയന്ത്രണം വിട്ടെത്തിയ ആ ലോറിക്കടിയില്‍ എല്ലാം ഞെരിഞ്ഞമര്‍ന്നു. കളിച്ചുംചിരിച്ചും ഒരുമിച്ച് നടന്നവരെ ചേതനയറ്റ നിലയില്‍ കണ്ട കാഴ്ച സുഹൃത്തുക്കള്‍ക്കും താങ്ങാനാകുന്നതായിരുന്നില്ല. കണ്ടുനിന്നവര്‍ ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടത്തിലായി.
അപകടസ്ഥലത്തുനിന്നും 300 മീറ്റര്‍കൂടി പിന്നിട്ടാല്‍ ഇവരുടെ വീടുകളില്‍ എത്തുമായിരുന്നു. മദ്രസപഠനം മുതല്‍ തുടങ്ങിയതാണ് നാലുപേര്‍ക്കിടയിലെ സൗഹൃദം. സ്‌കൂളില്‍ എട്ടാംതരത്തിലെ വിവിധ ഡിവിഷനുകളിലായാണ് ഇവര്‍ പഠിച്ചിരുന്നത്.
Content Highlights: palakkad accident funeral completed