‘‘രഘുപതി രാഘവ രാജാറാം’ പാടി അച്ഛന്റെകൂടെ നടന്നവരാണ് ഞാനും മുരളിയേട്ടനും, ജനിച്ചുവീണതുതന്നെ കോൺഗ്രസിലേക്ക്’

തിരുവനന്തപുരം: ബി.ജെ.പി. കോർ കമ്മിറ്റിയംഗവും മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാൽ പാർട്ടിയിൽനിന്ന് രാജിവെച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് നൽകി. ബി.ജെ.പി.യിൽ ചേർന്നത് ആശയങ്ങൾ പഠിക്കാതെ എടുത്ത തീരുമാനമായിരുന്നെന്നും ആ തെറ്റ് തിരുത്തുകയാണെന്നും പദ്മജ പറഞ്ഞു. ലീഡറുടെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസിലേക്കുള്ള മടക്കം സഹോദരനും മന്ത്രിയുമായ കെ. മുരളീധരനും സ്വാഗതംചെയ്തു.
രാജിക്കാര്യം ആദ്യം അറിയിച്ചത് മുരളീധരനെയാണെന്ന് പദ്മജ പറഞ്ഞു. ചേട്ടനെ തിരിച്ചുകിട്ടി, അതാണ് സന്തോഷം. പദവി കിട്ടാത്തതുകൊണ്ടല്ല രാജി. ബി.ജെ.പി. വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. താൻ ഒന്നും ആവശ്യപ്പെട്ടിട്ടുമില്ല. കോൺഗ്രസിലെ പദവി കണ്ടുമല്ല രാജി. യു.ഡി.എഫ്. അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും പദ്മജ പറഞ്ഞു.
2004-ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും 2016-ൽ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലും പരാജയപ്പെട്ടതോടെ തൃശ്ശൂർ ഡി.സി.സി. നേതൃത്വവുമായി ഇടഞ്ഞ് പദ്മജ ബി.ജെ.പി.യിൽ ചേരുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചു.
മൂന്നാംസ്ഥാനത്തായതോടെ ബി.ജെ.പി. നേതൃത്വത്തിലെ ഒരു വിഭാഗവുമായി അകന്നു. തോറ്റാൽ ഭരണഘടനാപദവിയുള്ള സ്ഥാനമുൾപ്പെടെ ബി.ജെ.പി. വാഗ്ദാനം ചെയ്തിരുന്നെന്നാണ് പദ്മജയോട് അടുപ്പമുള്ളവർ പറയുന്നത്. അതേസമയം അവഗണിച്ചെന്നാണ് പരാതി.
ബി.ജെ.പി. വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതിൽ തുറന്നിട്ടിരിക്കേണ്ട ഗതികേടിൽ ഇതുവരെ കോൺഗ്രസ് എത്തിയിട്ടില്ലെന്ന് സാമൂഹിക മാധ്യമത്തിൽക്കുറിച്ച് കോൺഗ്രസ് വക്താവ് ജിന്റോ ജോൺ പ്രതികരിച്ചു.
രണ്ടുവർഷവും ഒൻപതുമാസവും നീണ്ട ബി.ജെ.പി. ബന്ധം ഉപേക്ഷിച്ച പദ്മജാ വേണുഗോപാൽ ‘മാതൃഭൂമി’യോട് മനസ്സുതുറക്കുന്നു.
ബി.ജെ.പി.വിടാൻ കാരണം?
തീർത്തും വ്യക്തിപരമാണ്. അവരുടെ ആശയവും എന്റേതും ചേരില്ല. ഞാൻ കെ. കരുണാകരന്റെ മകളാണ്. എല്ലാവരും 18 വയസ്സാകുമ്പോഴാണ് കോൺഗ്രസിലെത്തുന്നത്. ഞാൻ ജനിച്ചുവീണതുതന്നെ കോൺഗ്രസിലേക്കാണ്. ബി.ജെ.പി.യിൽ എല്ലാവരും നന്നായാണ് പെരുമാറിയത്. ആരെക്കുറിച്ചും പരാതിയില്ല. തെറ്റ് എനിക്കാണ് പറ്റിയത്. ആലോചിക്കണമായിരുന്നു. ഒരു ദിവസംകൊണ്ട്, മനസ്സുവിഷമിച്ച് കരഞ്ഞുകരഞ്ഞ് എടുത്ത തീരുമാനമായിരുന്നു കോൺഗ്രസ് വിടാൻ. തൃശ്ശൂരിൽ ചിലർ എന്നെ നിൽക്കാൻ അനുവദിച്ചില്ല, അപമാനിച്ചു. പലരോടും പരാതി പറഞ്ഞിട്ടും ഒന്നും നടന്നില്ല.
ബി.ജെ.പി. വർഗീയപ്പാർട്ടിയാണോ?
ഒട്ടും വർഗീയതയില്ലാത്ത പാർട്ടിയാണെന്ന് പറയാൻ പറ്റില്ല. പൂർണ വർഗീയതയുമില്ല. അവർ എല്ലാവരുമായും ബന്ധം വെക്കുന്നവരാണ്. പ്രധാനമന്ത്രി എന്നനിലയിൽ നരേന്ദ്രമോദി കുറേ നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. അബദ്ധങ്ങളും വന്നിട്ടുണ്ട്.
ഇതല്ല ഇടമെന്ന് തോന്നിയത് എപ്പോഴാണ്?
കയറി കുറച്ചുദിവസം കഴിഞ്ഞപ്പോൾത്തന്നെ മനസ്സിലായി. കുട്ടിക്കാലത്ത് അച്ഛൻ യോഗങ്ങൾക്ക് കൊണ്ടുപോകുമ്പോൾ ഒരു മൂലയിൽ കസേരയിട്ട് ഇരുത്തും. ‘രഘുപതി രാഘവ രാജാറാം’ പാടി അച്ഛന്റെകൂടെ നടന്നവരാണ് ഞാനും മുരളിയേട്ടനും. അങ്ങനെയുള്ള എനിക്ക് എന്തുപറ്റിയെന്ന് സ്വയം ചോദിക്കാറുണ്ട്.
എ.കെ. ആന്റണിയുടെ മകൻ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
അനിൽ ആന്റണി തിരിച്ച് കോൺഗ്രസിലേക്ക് വരണമെന്ന് ആഗ്രഹമുണ്ട്. കോൺഗ്രസ് പാരമ്പര്യത്തിൽ ജനിച്ചുവളർന്നവർക്ക് മറ്റൊരു പ്രസ്ഥാനവുമായി ചേർന്നുപോകാൻ പ്രയാസമാണ്.
Content Highlights: Padmaja Venugopal resigned from the BJP and submitted her resignation to state president Rajeev Chandrasekhar., She admitted that joining the BJP was a hasty decision and stated her ideology does not align with theirs., Both KPCC President Sunny Joseph and her brother K. Muraleedharan welcomed her potential return to Congress.