'കൊച്ചുകൊച്ചു പരിഭവങ്ങൾക്ക് പ്രസക്തിയില്ല, അഭിപ്രായസ്വാതന്ത്ര്യം കൊടുക്കുന്ന പാർട്ടിയാണ് തങ്ങളുടേത്'

ന്യൂഡൽഹി: പാർട്ടിയിൽ ഭിന്നതകളില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. കുറച്ചൊക്കെ അഭിപ്രായ സ്വാതന്ത്ര്യം കൊടുക്കുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത തകർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡൽഹിയിൽ ചേർന്ന പിഎസി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ദേശീയപാത ഡിസൈൻ അടക്കമുള്ള കാര്യങ്ങൾക്ക് എന്തുസംഭവിച്ചു എന്നകാര്യം പരിശോധിക്കാൻ ആവശ്യപ്പെട്ടുവെന്നും സിഎജിയോട് (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) ഓഡിറ്റ് ചെയ്യാൻ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.
എൻഎച്ച്എഐ ചെയർമാന്റെ നേതൃത്വത്തിൽ അടിയന്തരമായി ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളം സന്ദർശിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. അപകടമുണ്ടായ സ്ഥലങ്ങൾ മാത്രമല്ല, അപകട സാധ്യതയുള്ള മറ്റു പലയിടങ്ങളും കേരളത്തിലുണ്ട്. എല്ലായിടങ്ങളും പരിശോധിച്ച് ഇത്തരം കാര്യങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയശേഷം നിർമ്മാണ ജോലികളുമായി മുന്നോട്ടുപോകാനാണ് പിഎസി നിർദേശം നൽകിയിരിക്കുന്നത്. ഇതിനുപുറമെ ഐഐടി പാലക്കാട്, സിഎസ്ഐആർ, ജിഎസ്ഐ ഇവിടങ്ങളിൽനിന്നുള്ള മൂന്ന് അംഗങ്ങളുൾപ്പെടുന്ന സാങ്കേതികവിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്താനും പിഎസി തീരുമാനിച്ചു. മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണത്തിൽ വ്യാപക അഴിമതിയുണ്ടെന്ന ആക്ഷേപമുണ്ട്. അതുകൊണ്ടാണ് സിഎജി ഓഡിറ്റ് ചെയ്യട്ടെ എന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂർ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണോ എന്ന ചോദ്യത്തിന്, കുറച്ചൊക്കെ അഭിപ്രായസ്വാതന്ത്ര്യം കൊടുക്കുന്ന പാർട്ടിയാണ് തങ്ങളുടേത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള പാർട്ടി ആയതുകൊണ്ട് ചിലർ അഭിപ്രായം പറയും, ചിലർ പറയാതിരിക്കും. അതൊക്കെ പാർട്ടിയുടെ സൗന്ദര്യമാണ്, അദ്ദേഹം പറഞ്ഞു.
കൂടാനാഗ്രഹിക്കുന്നവരെയെല്ലാം കൂടെക്കൂട്ടാൻ തങ്ങൾ തയ്യാറാണെന്നായിരുന്നു പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിലെ അനിശ്ചിതത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി. എല്ലാം ശുഭമായി പര്യവസാനിക്കും. പിണറായിയെ താഴെയിറക്കുക എന്നതാണ് ഇപ്പോൾ കേരളത്തിൽ എല്ലാവരുടേയും ലക്ഷ്യം. ആ ലക്ഷ്യം വരുമ്പോൾ വിശാല ലക്ഷ്യത്തിന്റെ മുമ്പിൽ കൊച്ചു കൊച്ചു പരിഭവങ്ങൾക്കോ പിണക്കങ്ങൾക്കോ എന്ത് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: PAC chairman K.C. Venugopal addresses concerns over Kerala highway collapse