നല്ല ആത്മവിശ്വാസമുണ്ട്, ഒരുതെറ്റും ചെയ്തിട്ടില്ല, നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്

#ന്യൂസ് ഡെസ്ക്
പി.എ. മുഹമ്മദ് റിയാസ് | Photo: Screengrab/Mathrubhumi News
പി.എ. മുഹമ്മദ് റിയാസ് | Photo: Screengrab/Mathrubhumi News

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകിയ സംഭവത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ്. ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും ഏതൊക്കെ നിലയിൽ മുന്നോട്ടു പോയാലും ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും പൂർണ്ണ ആത്മവിശ്വാസത്തോടെ തന്നെ കാര്യങ്ങളെ നേരിടുമെന്നും എംഎൽഎ വ്യക്തമാക്കി.

ദേശീയതലത്തിൽ ഇഡിക്കെതിരെ ശബ്ദമുയർത്തുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെയും എംഎൽ‍എ രൂക്ഷമായി വിമർശിച്ചു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ചോദ്യം ചെയ്തപ്പോഴും കർണാടകയിലെ നേതാക്കളെ ലക്ഷ്യമിട്ട് റെയ്ഡുകൾ നടത്തിയപ്പോഴും ഇഡിയുടെ നടപടികളെ ശക്തമായി എതിർത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ അതേ ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുള്ള തീരുമാനം കേരള സമൂഹം തീർച്ചയായും ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിച്ച വ്യാജവാർത്തകളെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം തന്നെ ചിലർക്ക് നിയമപരമായ നോട്ടീസുകൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരും നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും മറ്റു നിയമപരമായ നീക്കങ്ങൾ കൈക്കൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി മറുപടി നൽകുമെന്നും ഒരു തെറ്റും ചെയ്യാത്തതിനാൽ ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.