ബിന്ദു വന്നിരുന്നു, കേസ് ഗൗരവമായെടുത്തു- ദളിത് യുവതി സ്റ്റേഷനിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ പി. ശശി

പി. ശശി, ആർ. ബിന്ദു | Photo: Mathrubhumi
പി. ശശി, ആർ. ബിന്ദു | Photo: Mathrubhumi

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ദളിത് യുവതി ആര്‍. ബിന്ദു പോലീസ് സ്‌റ്റേഷനില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. പോലീസിനെതിരേ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ പി. ശശിയില്‍നിന്ന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ബിന്ദു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ പ്രതികരണം. 

ബിന്ദു ഓഫീസില്‍ വന്നിരുന്നെന്ന് ശശി പറഞ്ഞു. ബിന്ദുവിന്റെ കേസ് ഗൗരവമായെടുത്തു. പോലീസിനോട് അന്വേഷിച്ച് നടപടി എടുക്കാന്‍ പറഞ്ഞു. പക്ഷേ, പരാതി നൽകിയ സ്ത്രീക്കെതിരേ കേസ് എടുക്കണമെന്ന് ബിന്ദു പറഞ്ഞു. അക്കാര്യത്തിൽ നിങ്ങള്‍ നിയമപരമായി നീങ്ങണമെന്ന് താൻ പറഞ്ഞു, ശശി മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.

Read more: 'ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് മക്കളുടെ മുഖം, തൃപ്തികരമായിരുന്നില്ല പി.ശശിയുടെ മറുപടി'

പോലീസിനെതിരായി നടപടി എടുക്കുകയാണെന്നും അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതി നല്‍കിയ സ്ത്രീക്കെതിരേ കേസ് എടുക്കണമെങ്കില്‍ അതിന് പരാതി നല്‍കുകയോ അല്ലെങ്കില്‍ കോടതിയെ സമീപിക്കുകയോ വേണം. അതാണ് പറഞ്ഞത്, ശശി പറഞ്ഞു.

സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് അമ്പലമുക്ക് സ്വദേശികളായ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് വീട്ടുജോലി ചെയ്ത് ഉപജീവനം നടത്തുന്ന ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 20 മണിക്കൂറോളം പോലീസ് ബിന്ദുവിനെ ചോദ്യം ചെയ്തു. ഒടുവില്‍ മോഷണം പോയെന്ന് പരാതി ലഭിച്ച 18 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാല പരാതിക്കാരായ ഗള്‍ഫുകാരുടെ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. ഇക്കാര്യം ബിന്ദുവിനെ അറിയിക്കുകപോലും ചെയ്യാതെ സ്റ്റേഷനില്‍നിന്ന് പറഞ്ഞുവിട്ടെന്നാണ് ആരോപണം. എന്നാല്‍ എഫ്ഐആര്‍ റദ്ദാക്കാതെ പോലീസ് തുടര്‍നിയമ നടപടിക്ക് പോയതോടെ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പട്ടികജാതി കമ്മിഷനും ബിന്ദു പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞമാസം 23-നായിരുന്നു സംഭവം.

Content Highlights: p sasi on inhuman treatment faced by dalit woman in peroorkkada police station