ഒരു അച്ഛന്റെ വർഷങ്ങൾനീണ്ട പോരാട്ടം, കെ.കരുണാകരന്റെ രാജി; രാജന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് അൻപതാണ്ട്

#നിസാം കക്കയം
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട പി. രാജന്റെ കക്കയത്തുള്ള സ്മാരകം. ഇൻസെറ്റിൽ പി.രാജൻ
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട പി. രാജന്റെ കക്കയത്തുള്ള സ്മാരകം. ഇൻസെറ്റിൽ പി.രാജൻ

കക്കയം (കോഴിക്കോട്): ഇന്ന് മാർച്ച് രണ്ട്, ഈച്ചരവാരിയർ എന്ന അച്ഛന്റെ വർഷങ്ങൾനീണ്ട പോരാട്ടം ഓർമ്മിക്കപ്പെടുന്ന ദിവസം. ഒരുവിദ്യാർഥിയുടെ തിരോധാനത്തിൽത്തുടങ്ങി കെ. കരുണാകരനെന്ന മുഖ്യമന്ത്രിയുടെ അധികാരം നഷ്ടപ്പെടുന്നതിലേക്കുനയിച്ച കൊലപാതകം നടന്നിട്ട് തിങ്കളാഴ്ച 50 വർഷം തികയുകയാണ്. 1976 മാർച്ച് രണ്ടാംതീയതിയാണ് പോലീസിന്റെ ഭീകരമർദനമേറ്റുവാങ്ങി കോഴിക്കോട് റീജണൽ എൻജിനിയറിങ് കോളേജ് വിദ്യാർഥി പി. രാജൻ കക്കയം ക്യാമ്പിൽ രക്തസാക്ഷിയാവുന്നത്.

കക്കയം ക്യാമ്പിൽ സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണന്റെയും സംഘത്തിന്റെയും ക്രൂരമർദനവും ഉരുട്ടലുംകാരണമാണ് രാജൻ കൊല്ലപ്പെട്ടതെന്നാണ് അന്ന് പുറത്തുവന്ന വിവരങ്ങൾ. മൃതശരീരം എങ്ങനെ നശിപ്പിച്ചുവെന്നതിനെപ്പറ്റി പലകഥകളും പ്രചരിച്ചിട്ടുണ്ട്. രാജന്റെ മൃതദേഹം കണ്ടെത്താൻ നേവിയുടെ മുങ്ങൽവിദഗ്‌ധർ കക്കയം ഡാമിൽ രണ്ടുദിവസം മുങ്ങിത്തപ്പിയിരുന്നു.

രാജന്റെ മൃതദേഹം ഒരിക്കലും കണ്ടെത്താതിരിക്കാൻ വയറുകീറി ഡാമിൽ താഴ്ത്തിയെന്ന സംശയത്തെത്തുടർന്നായിരുന്നു പരിശോധന. അതല്ല, പഞ്ചസാരയിട്ട് പൂർണമായി കത്തിച്ചുകളഞ്ഞെന്നും ഡാം സൈറ്റ് പരിസരത്തുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിക്കളഞ്ഞെന്നുമെല്ലാമുള്ള വെളിപ്പെടുത്തലുകളും വാദങ്ങളുമുണ്ട്. തെളിവുകളുടെ അഭാവമാണ് കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല എന്ന്‌ വിധിക്കുമ്പോൾ കോയമ്പത്തൂർ കോടതി കാരണമായി പറഞ്ഞത്.

കക്കയത്ത് രാജന്റെ പ്രതിമസ്ഥാപിക്കാനും വൻപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. 1980-ൽ കക്കയത്ത് രക്തസാക്ഷിമണ്ഡപം നിർമിച്ച അന്നുതന്നെ പോലീസ് പൊളിച്ചുനീക്കി. നാലുപേർ അറസ്റ്റിലാവുകയുംചെയ്തു. പിന്നീട് നിയമപോരാട്ടത്തിലൂടെയാണ് രാജന്റെ പ്രതിമ കക്കയത്ത് സ്ഥാപിച്ചത്.

രാജൻ (ഫയൽച്ചിത്രം)

Content Highlights: Commemorates the 50th anniversary of the death of engineering student P. Rajan., Details the infamous custodial torture at Kakkayam camp during the 1976 Emergency., Explains how the case and subsequent legal battles led to the resignation of then-Chief Minister K. Karunakaran., Highlights the decades-long fight for justice by Rajan's father, Eachara Warrier.