പാഠപുസ്തകം കിട്ടിയില്ലെന്ന് ആറാംക്ലാസുകാരിയുടെ പരാതി; അധ്യാപികയെ സ്ഥലംമാറ്റി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം | Photo: മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

ഒറ്റപ്പാലം: സ്കൂളിൽ യഥാസമയം പാഠപുസ്തകങ്ങൾ കിട്ടിയില്ലെന്ന ആറാംക്ലാസുകാരിയുടെ പരാതിയിൽ അധ്യാപികയ്ക്കെതിരേ നടപടി. ഈസ്റ്റ് ഒറ്റപ്പാലം ജി.എച്ച്.എസിലെ അധ്യാപിക പി.എ. ബിന്ദുമോളെയാണ് ആനക്കര ജി.എച്ച്.എസിലേക്ക് സ്ഥലംമാറ്റിയത്.

ഭാഷാപാഠപുസ്തകങ്ങളെത്തിയില്ലെന്ന് ആറാംക്ലാസ് വിദ്യാർഥിയാണ് ഓൺലൈനായി വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് മന്ത്രിയുടെ ഓഫീസ് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിക്കാൻ നിർദേശിച്ചു. തുടർന്നാണ് അധ്യാപികയെ സ്ഥലംമാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. സലീന ബീവി ഉത്തരവിറക്കിയത്.

ഈ അധ്യയനവർഷത്തിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഭാഷാപുസ്തകങ്ങളുടെ വിതരണമാണ് വൈകിയത്. സൊസൈറ്റി സെക്രട്ടറികൂടിയായ അധ്യാപിക കൃത്യസമയത്ത് നടപടി പൂർത്തിയാക്കാത്തതാണ് കാരണമെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരുവർഷത്തേക്ക് ഓൺലൈനായി സ്ഥലംമാറ്റത്തിന് അർഹതയുണ്ടായിരിക്കില്ലെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തിയാണ് നടപടി.

Content Highlights: Teacher Bindumol transferred to Anakara GHS for negligence., Complaint filed by a 6th-grade student via online portal., Delayed distribution of language textbooks for classes 5, 6, and 7., Disciplinary action includes a one-year ban on online transfer requests.