എഫ്.സി.ആർ.എ. ഭേദഗതി; നിലപാട് കടുപ്പിച്ച് പ്രതിപക്ഷം, മിനിറ്റ്സും നിവേദനങ്ങളുടെ കണക്കും ചോദിച്ച് അംഗങ്ങൾ

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനം തുടങ്ങാറായിരിക്കെ, വിവാദമുയർത്തിയ വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബില്ലിന്മേൽ നിലപാട് കടുപ്പിച്ച് ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാർ. ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി വ്യാഴാഴ്ച യോഗം ചേർന്നപ്പോൾ സമിതിയുടെ ഇതുവരെ ചേർന്ന യോഗങ്ങളുടെ വിശദമായ മിനുട്സും അതിലുന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ പകർപ്പുകളും അംഗങ്ങൾക്ക് പൂർണമായി ലഭ്യമാക്കണമെന്ന് ജെ.പി.സിയിലെ പ്രതിപക്ഷ അംഗങ്ങൾ അധ്യക്ഷൻ ബി.ജെ.പി അംഗം സഞ്ജയ് ജയ്സ്വാളിനോട് രേഖാമൂലം ആവശ്യപ്പെട്ടു.
അംഗങ്ങളുന്നയിച്ച ചോദ്യങ്ങളും അതിന് നൽകപ്പെട്ട വിശദീകരണങ്ങളും സാക്ഷിവിസ്താരങ്ങളുമൊന്നും മതിയായ രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന ആശങ്ക പങ്കുവച്ചാണ് അധ്യക്ഷന് കത്ത് നൽകിയത്. ഇത്തരം ഒഴിവാക്കലുകൾ സമിതിയുടെ വിലയിരുത്തലുകളെ അപൂർണമാക്കുമെന്നും പാർലമെന്ററി ചട്ടങ്ങൾക്ക് വിരുദ്ധമാണതെന്നും അംഗങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. സമിതിയുടെ നടപടികളിൽ സുതാര്യതയും വിശ്വാസ്യതയുമുറപ്പാക്കാൻ രേഖകൾ എത്രയും വേഗം സമഗ്രമായി ലഭ്യമാക്കണമെന്നാണ് ആവശ്യം. ഡി.എം.കെയിലെ എ.രാജ, പി. വിത്സൺ എന്നിവരുൾപ്പെടെ ഒപ്പിട്ടാണ് കത്ത് കൈമാറിയത്. ജെ.പി.സിയിലെ കേരളത്തിൽ നിന്നുള്ള അംഗങ്ങളായ ആന്റോ ആന്റണിയും ഇ.ടി. മുഹമ്മദ് ബഷീറും ഒപ്പുവച്ചിട്ടുണ്ട്.
ഡി.എം.കെ അംഗം പി.വിത്സൺ മുൻകൈയെടുത്ത് നൽകിയ മറ്റൊരു കത്തിൽ സമിതിക്ക് ഇതുവരെ ലഭിച്ച നിവേദനങ്ങളുടെയും വിയോജനക്കുറിപ്പുകളുടെയും വിശദാംശങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ടു. ഓരോ നിവേദനത്തിലെയും ഉള്ളടക്കത്തിന്റെ ഹ്രസ്വരൂപം, അതിന്മേലെടുത്ത തുടർനടപടികൾ, സമിതി മുമ്പാകെ ഹാജാരാകാൻ സന്നദ്ധതയറിയിച്ചവരുടെ വിവരങ്ങൾ, ലഭിച്ച നിവേദനങ്ങളെല്ലാം അംഗങ്ങൾക്കിടയിൽ വിതരണം നടത്തിയോ, സമിതിയുടെ അടുത്ത യോഗത്തിൽ നിവേദനങ്ങൾ വയ്ക്കുക, തെളിവെടുപ്പിന് സന്നദ്ധതയറിയിച്ചവരെ വിളിച്ചുവരുത്തുക, നിവേദനങ്ങൾ സമർപ്പിക്കാൻ നിശ്ചിത സമയക്രമമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇതിലുയർത്തി. ഹൈദരബാദിൽ നിന്ന് നിരവധി നിവേദനങ്ങൾ ലഭിച്ച സാഹചര്യത്തിൽ സമിതിയുടെ സിറ്റിങ് അവിടെ നടത്തണമെന്ന നിർദ്ദേശവും ഈ കത്തിൽ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിലും ആന്റോ ആന്റണിയും ഇ.ടി. മുഹമ്മദ്ബഷീറും ഉൾപ്പെടെയുള്ളവർ ഒപ്പുവച്ചു.
കരടുബില്ലിന്മേൽ ആക്ഷേപങ്ങൾ ക്ഷണിച്ചപ്പോൾ രണ്ടാഴ്ചത്തെ സമയപരിധി സമിതി നിശ്ചയിച്ചിരുന്നു. അതിന് ശേഷവും നിരവധി നിവേദനങ്ങൾ ലഭിക്കുന്ന സാഹചര്യത്തിലാണ് പുതിയൊരു സമയക്രമം നിർദ്ദേശിക്കാൻ സമിതി അധ്യക്ഷനോട് അംഗങ്ങൾ ആവശ്യപ്പെടുന്നത്. മതപരം, ജീവകാരുണ്യം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന ദൂരവ്യാപകഫലമുളവാക്കുന്ന ബില്ലായതിനാൽ ഇതേച്ചൊല്ലിയുയരുന്ന ആശങ്കകൾ അതേ ഗൗരവത്തോടെ കണക്കിലെടുക്കണമെന്ന് കത്തിൽ പറഞ്ഞു.
അതേസമയം, സമിതിയുടെ വ്യാഴാഴ്ചത്തെ സിറ്റിങിൽ പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറും സി.ബി.സി.ഐയെ പ്രതിനിധീകരിച്ചെത്തിയ ഫാ. മാത്യു കോയിക്കലും ബില്ലിലെ വ്യവസ്ഥകളെ ശക്തിയായി എതിർത്തു. അപകടകരമായ വ്യവസ്ഥകളടങ്ങിയ ബിൽ പിൻവലിക്കണമെന്ന് ഇവരാവശ്യപ്പെട്ടു. എന്നാൽ ഡൽഹി നാഷണൽ ലോ സ്കൂളിലെ അധ്യാപിക പ്രൊഫ. സീമ സിങ് ബില്ലിനെ അനുകൂലിച്ചു. ചില വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് അവർ നിർദ്ദേശിച്ചു.
Content Highlights: Opposition MPs, including DMK and Kerala representatives, demanded complete minutes and documents from the JPC chairman., Concerns raised over lack of proper recording of witness testimonies and member questions., Demanded a structured timeframe for submissions and a sitting in Hyderabad., Witnesses like Vrinda Grover and Fr. Mathew Koickal opposed the bill, while Prof. Seema Singh supported it with modifications.