ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്: പദ്ധതിരേഖ തയ്യാറാക്കാൻ വിദഗ്ധസമിതി, നാലുമാസത്തിനകം റിപ്പോർട്ട്

തിരുവനന്തപുരം: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലക്ഷ്യമിടുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യുടെ വിശദപദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ വിദഗ്ധസമിതിയായി.
നാലുമാസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദേശം നൽകിയതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതി അധ്യക്ഷൻ. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മുൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും സംസ്ഥാന മുൻ ഇൻഷുറൻസ് ഓംബുഡ്‌സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ അംഗം പി.ജെ. ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനി മുൻചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെ. സനത്കുമാർ എന്നിവരാണ് അംഗങ്ങൾ.
ധന, ആസൂത്രണ സെക്രട്ടറിമാരും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യുട്ടീവ് ഡയറക്ടറും സമിതിയുടെ ഭാഗമാകും. വരുമാനാടിസ്ഥാനത്തിലുള്ള നിയന്ത്രണം പരമാവധി കുറച്ച് മുഴുവൻ കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശ്യം.
എം-പാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന തരത്തിൽ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ.) മുഖേന നടപ്പാക്കുന്നതും പരിഗണനയിലുണ്ട്.
നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ്, പൊതുജനാരോഗ്യ സഹായധന പദ്ധതികളെ ഇതുമായി ബന്ധിപ്പിക്കുന്നതും പരിശോധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫ്. പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റികളിൽ ഒന്നായിരുന്നു ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്. ആദ്യ ബജറ്റിലും ഇത് ഉൾപ്പെടുത്തിയിരുന്നു.
Content Highlights: Expert committee formed to prepare the Detailed Project Report (DPR) for the Oommen Chandy Health Insurance Scheme., Aims to provide 25 lakh rupees health insurance coverage to all families in Kerala., Committee directed to submit the report within four months., Cashless treatment will be considered through empanelled government and private hospitals.