ആറുമാസം മുലപ്പാൽമാത്രം കിട്ടുന്നത് 56% കുട്ടികൾക്ക് മാത്രം; ബേബി ഫുഡിലേക്ക് മാറുന്നവരിൽ വർധന

#കെ.വി. കല
പ്രതീകാത്മക ചിത്രം | Photo:Pixabay
പ്രതീകാത്മക ചിത്രം | Photo:Pixabay

തൃശ്ശൂര്‍: ആറുമാസംവരെ മുലപ്പാല്‍മാത്രം ലഭിക്കുന്നത് സംസ്ഥാനത്തെ 56 ശതമാനം കുഞ്ഞുങ്ങള്‍ക്ക്. ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഞ്ചാമത് സര്‍വേപ്രകാരം ദേശീയതലത്തില്‍ 64 ശതമാനം കുഞ്ഞുങ്ങള്‍ക്ക് ആറുമാസവും മുലപ്പാല്‍മാത്രം നല്‍കുന്നുണ്ട്. ആറുമാസംവരെ മുലപ്പാല്‍മാത്രം മതിയെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാര്‍ശ. 

എന്നാല്‍, കേരളത്തില്‍ 46 ശതമാനം അമ്മമാരും ആറുമാസത്തിനുള്ളില്‍ മറ്റു ഭക്ഷണം കൊടുത്തുതുടങ്ങുന്നു. ആറുമാസം പ്രസവാവധി ഇല്ലാത്ത അസംഘടിതമേഖലയില്‍ ജോലിചെയ്യുന്നവരാണ് ഇതില്‍ നല്ലൊരു വിഭാഗവും. അവധിയുള്ള ജീവനക്കാരും മുന്നൊരുക്കം എന്ന നിലയില്‍ നേരത്തേതന്നെ മറ്റു ഭക്ഷണം ശീലിപ്പിച്ചുതുടങ്ങുന്ന പതിവുണ്ട്.

വിലകൂടിയ ബേബി ഫുഡ് വാങ്ങാന്‍ ശേഷിയുണ്ടെന്ന കാരണത്താല്‍ പലരും ആറുമാസം മുന്‍പുതന്നെ ഇവ കൊടുത്തുതുടങ്ങുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഇതിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ 2003-ല്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവന്നെങ്കിലും പലരും കണക്കിലെടുക്കുന്നില്ല. 

99.9 ശതമാനം പ്രസവങ്ങളും ആശുപത്രിയില്‍ നടക്കുമ്പോഴും ആദ്യ ഒരുമണിക്കൂറില്‍ മുലപ്പാല്‍ ലഭ്യമാവുന്നത് 68 ശതമാനം കുഞ്ഞുങ്ങള്‍ക്കു മാത്രമാണ്.

Content Highlights: only 56 percentage infants gets breast milk says national health and family welfare survey