30 കോടി അടിച്ചയാൾക്ക് എത്രകിട്ടും? ഏജൻസി കമ്മിഷൻ 3 കോടി, ആദായനികുതിയും സർച്ചാർജും പുറമേ; ഇതാണ് ആ തുക

കാഞ്ഞങ്ങാട്: ഈവർഷത്തെ തിരുവോണം ബംബർ ലോട്ടറി നറുക്കെടുത്തിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി ഭാഗ്യശാലിക്ക് ലഭിക്കുക-30 കോടി. എന്നാൽ ഈ 30 കോടി മുഴുവനും ഒന്നാം സമ്മാനം അടിച്ചയാൾക്ക് ലഭിക്കുമോ? ഇല്ല എന്ന് എല്ലാവർക്കുമറിയാം. പക്ഷേ, കൃത്യമായി എത്ര രൂപയാണ് ഒടുവിൽ ആ ഭാഗ്യശാലിക്ക് ലഭിക്കുക എന്നകാര്യം ഭൂരിഭാഗം പേർക്കും അറിയില്ല. അതെത്രയാണെന്ന് നോക്കാം.
ഒന്നാം സമ്മാനമായ 30 കോടി രൂപയിൽ മൂന്ന് കോടി രൂപ ഏജൻസി കമ്മിഷനാണ്. ബാക്കി 27 കോടി രൂപയുടെ അടിസ്ഥാന ആദായ നികുതി 8.10 കോടി രൂപയാണ്. ഈ 8.10 കോടി രൂപയുടെ 25 ശതമാനം സർച്ചാർജ് 2,02,50,000 രൂപ. അടിസ്ഥാന ആദായനികുതിയും സർച്ചാർജും കൂട്ടിയാൽ 10,12,50,000 രൂപയാണ് ആകെ കുറയുക. ഇതിന്റെ നാല് ശതമാനം സെസ് 40.50 ലക്ഷം രൂപയും കുറയും. അങ്ങനെ 27 കോടി രൂപയിൽ നിന്ന് 10.253 കോടി കുറച്ചാൽ കിട്ടുന്ന 16.47 രൂപയാണ് ഒടുവിൽ വിജയിക്ക് കിട്ടുക.
Don’t Miss: 30 കോടിയുടെ തിരുവോണം ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഇതാണാ ഭാഗ്യനമ്പർ
അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുപോയതോടെ റെക്കോർഡ് വിൽപ്പനയാണ് ഇത്തവണ ഓണം ബംബറിനുണ്ടായത്. ഏറ്റവും കൂടുതൽ പാലക്കാട് ജില്ലയിലാണ് (20,95,300). തൃശ്ശൂർ രണ്ടാംസ്ഥാനത്തും (10,62,000), തിരുവനന്തപുരം(8,64,100) മൂന്നാംസ്ഥാനത്തുമാണ്.
500 രൂപയാണ് ടിക്കറ്റ് വില. 90 ലക്ഷം ടിക്കറ്റുകൾ വിൽപന നടത്തിയതിലൂടെ 450 കോടി രൂപയുടെ വിറ്റുവരവാണ് ആകെയുണ്ടായത്. ഏജന്റുമാർ ലോട്ടറി കാര്യാലയത്തിൽ അടയ്ക്കുന്ന തുക ടിക്കറ്റൊന്നിന് 411 രൂപയാണ്. ജി.എസ്.ടി. ഉൾപ്പെടെയാണിത്. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ച് ഒരു ടിക്കറ്റിന് സർക്കാരിന് കിട്ടുന്നത് ഏകദേശം 268 രൂപയാണ്.
ഈ കണക്കനുസരിച്ച് 90 ലക്ഷം ടിക്കറ്റുകൾക്ക് സർക്കാർ ഖജനാവിലെത്തിയത് 241.20 കോടിയിലധികം രൂപയാണ്. ഇതിൽ 125.54 കോടി രൂപ സമ്മാന ഇനത്തിൽ നൽകണം. 90 ലക്ഷം ടിക്കറ്റുകൾക്ക് ജി.എസ്.ടി. ഇനത്തിൽ ലഭിക്കുന്ന 128.52 കോടി രൂപയാണ്. ഇതിന്റെ പാതി സ്വാഭാവികമായും കേരളത്തിന് കിട്ടും. ഒന്നാംസമ്മാനത്തിന്റെ തുകയിലുൾപ്പെടെ ലഭിക്കുന്ന നികുതി വേറെയും.
Content Highlights: For the ₹30 crore Kerala Thiruvonam Bumper, ₹3 crore goes as agency commission. After deducting base income tax, surcharge, and health and education cess from the remaining ₹27 crore, the lucky winner receives ₹16.47 crore.