ജയിലിൽ 21 ദിവസം, കേസുകൾ 70; ഇടതുകോട്ടകളെ വിറപ്പിച്ച് നിയമസഭയിലേക്ക്; ഇനി മന്ത്രി ജനീഷ്

#ന്യൂസ് ഡെസ്ക്
Photo: facebook.com/janeesh.ranjan/
Photo: facebook.com/janeesh.ranjan/

തൃശ്ശൂരിനെ അമ്പരപ്പിച്ച് അപ്രതീക്ഷിത മന്ത്രി. ജില്ലയിൽ കെ.എസ്.യു., യൂത്ത് കോൺഗ്രസ് എന്നിവയ്ക്ക് നേതൃത്വം നൽകി നാട്ടുകാർക്ക് പരിചിതനായ ഒ.ജെ. ജനീഷിനാണ് അത്യസുലഭമായ നിയോഗം. ഏറ്റവും ഒടുവിലാണ് ജനീഷിന്റെ മന്ത്രിസ്ഥാനം തീരുമാനിച്ചത്. തൃശ്ശൂരിന് മന്ത്രിയില്ലെന്ന നിലയിൽ ആശങ്ക നിലനിൽക്കേയാണ് അപ്രതീക്ഷിത നീക്കം. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഇത്തവണ അട്ടിമറി വിജയം േനടിയ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാണ്. ജനീഷ് നിയമസഭയിൽ പുതുമുഖമാണ്. ജില്ലയിൽനിന്ന് ജയിച്ച മൂന്നു കോൺഗ്രസ് സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടനും രണ്ടാംതവണ ജയിച്ച സനീഷ് കുമാർ ജോസഫിനും മന്ത്രിസ്ഥാനം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. അതുണ്ടായില്ല. പിന്നീടാണ് ജില്ലയ്ക്ക് മന്ത്രിയില്ലെന്ന രീതിയിൽ പ്രചാരണമുണ്ടായത്. മന്ത്രിസഭയിലെ ജാതി സമവാക്യങ്ങളും ജനീഷിന് തുണയായി. മന്ത്രിയാകില്ലെന്നുറപ്പിച്ച് തിരുവനന്തപുരത്തുനിന്നു മടങ്ങിയ സനീഷിനെ ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് തിരിച്ചു വിളിപ്പിച്ചിരുന്നു. അതിനു ശേഷം വൈകീട്ടോടയാണ് ജനീഷിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ജയിച്ചാൽ മന്ത്രിയാണെന്നുറപ്പിച്ച ടി.എൻ. പ്രതാപൻ 126 വോട്ടിന് തോറ്റതോടെയാണ് കെ.സി. ഗ്രൂപ്പുകാരനായ ജനീഷിന് നറുക്കു വീണത്.

കഴിഞ്ഞ രണ്ടു മന്ത്രിസഭകളിലും മന്ത്രിമാരെക്കൊണ്ട് സമ്പന്നമായിരുന്നു ജില്ല. മൂന്നു മന്ത്രിമാർ വീതം. റവന്യൂ, ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ പ്രമുഖ വകുപ്പുകളും കിട്ടി. 2016-21 കാലഘട്ടത്തിൽ സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ എന്നിവർ ജില്ലയിൽനിന്നുള്ള മന്ത്രിമാരായി. രവീന്ദ്രനാഥ് വിദ്യാഭ്യാസവും സുനിൽകുമാർ കൃഷിയും കൈകാര്യം ചെയ്തു. തദ്ദേശസ്വയംഭരണം, സഹകരണം, വിനോദസഞ്ചാരം, എന്നിവയ്ക്കു പുറമേ വ്യവസായ വകുപ്പിന്റെ അധികച്ചുമതലയും മൊയ്തീൻ കൈകാര്യം ചെയ്തു.

കെ. രാധാകൃഷ്ണൻ, കെ. രാജൻ, ആർ. ബിന്ദു എന്നിവർ 2021-ൽ മന്ത്രിമാരായി. ദേവസ്വം, പട്ടികജാതി-വർഗക്ഷേമം, പാർലമെന്ററി കാര്യങ്ങൾ തുടങ്ങിയ വകുപ്പിന്റെ മന്ത്രിയായിരുന്ന രാധാകൃഷ്ണൻ 2024-െല പാർലമെന്റ് തിരഞ്ഞെടുപ്പിൽ‍ ജയിച്ചതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു. രാജൻ റവന്യൂ, ഭവനനിർമാണവും ബിന്ദു ഉന്നത വിദ്യാഭ്യാസവും സാമൂഹികനീതിയും 2026 വരെ കൈകാര്യം ചെയ്തു. കഴിഞ്ഞ രണ്ടു മന്ത്രിസഭകളിലുണ്ടായിരുന്ന രണ്ടു പേർ ഇത്തവണയും നിയമസഭയിലെ പ്രതിപക്ഷബെഞ്ചിലുണ്ട്- സി. രവീന്ദ്രനാഥും കെ. രാജനും.

ജയിലിൽ 21 ദിവസം, കേസുകൾ 70

ജനീഷിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയ ഇടപെടലുകളിലൊന്നായിരുന്നു പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരായ സമരം. ഹൈക്കോടതി മുതൽ സുപ്രീംകോടതി വരെ നീണ്ട ആ നിയമയുദ്ധത്തിലൂടെ ടോൾപിരിവിലെ ക്രമക്കേടുകൾക്കെതിരേ ശക്തമായ വിധി സമ്പാദിച്ചു. ജനകീയസമരങ്ങളെ കേസുകൾകൊണ്ട് നേരിടാനായിരുന്നു ഭരണകൂടശ്രമം.

നവകേരളസദസ്സിനെതിരേയുള്ള പ്രതിഷേധത്തിൽ 21 ദിവസം ജയിൽവാസം അനുഭവിച്ചു. പാഠപുസ്തകസമരം ഉൾപ്പെടെയുള്ള വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ എഴുപതോളം കേസുകളാണ് നിലവിലുള്ളത്. സമരങ്ങളുടെ പേരിലുള്ള േകസുകൾ കാരണം പാസ്പോർട്ട് തടയുന്നതടക്കം വെല്ലുവിളി നേരിടുന്നുണ്ട്.

കൊടുങ്ങല്ലൂർ കോട്ട പിടിച്ചു

കൊടുങ്ങല്ലൂർ ഇടതുകോട്ടയാണെന്നും അത് തകർക്കാൻ പഴയ മുഖങ്ങൾക്കുപോലുമാകില്ലെന്ന എൽ.ഡി.എഫിന്റെ വിശ്വാസമാണ് ഒ.ജെ. ജനീഷെന്ന കന്നിക്കാരൻ തകർത്തത്. രണ്ടുതവണ തുടർച്ചയായി സി.പി.െഎ.യുടെ എം.എൽ.എ. ആയ വി.ആർ. സുനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്. ഒരുപക്ഷേ, ജനീഷ് പോലും പ്രതീക്ഷിച്ച വിജയമായിരുന്നില്ല. എല്ലാം അപ്രതീക്ഷിതം. വി.ഡി. സതീശൻ മന്ത്രിസഭയിൽ അവസാനനിമിഷം ഇടം നേടിയതും അതുപോലെത്തന്നെ.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണെങ്കിലും മന്ത്രിസഭയിലെത്തുമെന്ന് ജനീഷ് പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ, തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ഒരുക്കം നടത്തിയതുമില്ല. വിളിയെത്തിയപ്പോൾ കൈയിൽ കിട്ടിയ വസ്ത്രമണിഞ്ഞ് കാറിൽ പുറപ്പെട്ടു. കുറച്ചങ്ങെത്തിയപ്പോഴാണ് മന്ത്രിസ്ഥാനം ഉറപ്പാണെന്നറിഞ്ഞത്. ആശ്ചര്യമായി. വലിയ സ്ഥാനമല്ലേ. ചുമതലയേറ്റെടുക്കുന്ന ചടങ്ങ് കുടുംബാംഗങ്ങളും കാണണമല്ലോ. എല്ലാവരും പുറപ്പെടാൻ പറഞ്ഞപ്പോൾ വൈകുന്നേരമായി. വിളിയെത്തിയതോടെ വീട്ടുകാരും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ആദ്യമന്ത്രി

കൊടുങ്ങല്ലൂർ നഗരസഭയും പഴയ മാള മണ്ഡലത്തിലെ വെള്ളാങ്ങല്ലൂർ, പുത്തൻചിറ, മാള, പൊയ്യ, കുഴൂർ, അന്നമനട പഞ്ചായത്തുകളും ചേർന്ന കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ആദ്യമന്ത്രിയാണ് ഒ.ജെ. ജനീഷ്. പുതിയ കൊടുങ്ങല്ലൂർ മണ്ഡലം രൂപംകൊണ്ടശേഷം 2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ടി.എൻ. പ്രതാപനും, 2016-ലും 2021-ലും എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാറും ഇവിടെനിന്ന്‌ എം.എൽ.എ.മാരായെങ്കിലും മന്ത്രിമാരാകാൻ കഴിഞ്ഞില്ല. എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാറിനെ പരാജയപ്പെടുത്തിയാണ് ഇത്തവണ ജനീഷ് വിജയിച്ചത്.

1996-ൽ തട്ടകം മാറി പഴയ മാള മണ്ഡലത്തിൽ മത്സരിച്ച് യു.ഡി.എഫിലെ മേഴ്‌സി രവിയെ പരാജയപ്പെടുത്തിയ എൽ.ഡി.എഫിലെ വി.കെ. രാജൻ കൃഷിമന്ത്രിയായിട്ടുണ്ട്. അന്ന് കൊടുങ്ങല്ലൂർ നഗരസഭയൊഴിച്ചുള്ള പഞ്ചായത്തുകളായിരുന്നു മാളയിൽ. പിന്നീട് 2006-ൽ കൊടുങ്ങല്ലൂർ നഗരസഭയും ഇപ്പോഴത്തെ കയ്പമംഗലം മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളുമുൾപ്പെട്ട പഴയ കൊടുങ്ങല്ലൂർ മണ്ഡലത്തിൽനിന്ന് സി.പി.ഐ.യിലെ കെ.പി. രാജേന്ദ്രൻ വിജയിച്ച് റവന്യൂമന്ത്രിയായി. ഒ.ജെ. ജനീഷിന്റെ അപ്രതീക്ഷിത മന്ത്രിപദവിയിൽ കൊടുങ്ങല്ലൂരിലെ യു.ഡി.എഫ്. കേന്ദ്രങ്ങളിൽ വലിയ ആഹ്ലാദമുയർന്നിട്ടുണ്ട്.

ലഭിച്ച അവസരങ്ങളിൽ സംതൃപ്‌തൻ -ഒ.ജെ. ജനീഷ്

അവസരങ്ങൾ വന്നുചേർന്നതാണെന്നും ഇതുവരെ ലഭിച്ച അവസരങ്ങളിൽ 100 ശതമാനം സംതൃപ്തനാണെന്നും നിയുക്തമന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ.ജെ. ജനീഷ്. ഇതുവരെ ഒരു അവസരത്തിനുംവേണ്ടി ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാള ശ്രീനാരായണഗുരുധർമ ട്രസ്റ്റിന്റെ വാർഷികപൊതുയോഗത്തിൽ ട്രസ്റ്റ് മെമ്പർ കൂടിയായ ഒ.ജെ. ജനീഷിന് നൽകിയ സ്വീകരണത്തിന് നന്ദി പ്രകടിപ്പിക്കുകയായിരുന്നു.

മന്ത്രിയാകുമെന്ന പ്രതീക്ഷ ട്രസ്റ്റ് ഭാരവാഹികൾ പരസ്യമായി പറഞ്ഞതിന് മറുപടിയായാണ് ജനീഷിന്റെ പ്രതികരണം. ചരിത്രഗവേഷകൻ ചെറായി രാമദാസ് പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ്‌ബാബു അധ്യക്ഷനായി. സെക്രട്ടറി പി.കെ. സാബു, കെ.കെ. ബിനേഷ്, കെ.വി. രാജു, ഡയറക്ടർ ഇ.പി. രാജീവ് എന്നിവർ പ്രസംഗിച്ചു.

Content Highlights: OJ Janeesh appointed as a surprise minister representing Thrissur district., Janeesh is the youngest Congress MLA from the district in the 2026 assembly., His appointment follows the electoral defeat of TN Prathapan., Active in Youth Congress and known for leading protests like the Paliyekkara toll gate strike., Faces over 70 legal cases due to his involvement in various public agitations.