ഗാന്ധിജിയെ വീണ്ടെടുക്കാൻ എൻഎസ്എസ് നേതൃത്വത്തിൽ രണ്ടാംവിമോചനസമരം വേണം -ഡോ. സിറിയക് തോമസ്

ചങ്ങനാശ്ശേരി: രാജ്യത്ത് സംഘടിതമായി ഗാന്ധിനിന്ദ നടക്കുകയാണെന്നും ഗാന്ധിജിയെ വീണ്ടെടുക്കാൻ രണ്ടാം വിമോചനസമരത്തിന് എൻഎസ്എസ് നേതൃത്വം നൽകണമെന്നും എംജി സർവകലാശാല മുൻ വൈസ് ചാൻസലറും ദേശീയന്യൂനപക്ഷകമ്മിഷൻ മുൻ അംഗവുമായ ഡോ.സിറിയക് തോമസ് ആവശ്യപ്പെട്ടു. എൻഎസ്എസ് ആസ്ഥാനത്ത് 149-ാം മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്നം എന്നും ഗാന്ധിയനായിരുന്നു. എൻഎസ്എസ് രൂപവത്കരിച്ചപ്പോൾ അദ്ദേഹം പ്രസിഡന്റായി നിയോഗിച്ചത് മറ്റൊരു ഗാന്ധിയനായ കെ. കേളപ്പനെയാണ്. ഇരുവരും ദേശീയവാദികളും ഗാന്ധിയൻമാർഗം സ്വീകരിച്ചവരുമാണ്. ഗുരുവായൂർ സത്യാഗ്രഹത്തിൽ കെ. കേളപ്പനും വൈക്കം സത്യാഗ്രഹത്തിൽ മന്നത്ത് പദ്‌മനാഭനും നേതാക്കളായത്, ഹൃദയക്ഷേത്രത്തിൽ അവർ ദേശീയതയുടെയും ദേശാഭിമാനത്തിന്റെയും തീജ്വാല കെടാതെ സൂക്ഷിച്ചതുകൊണ്ടാണ്.
മന്നവും കേളപ്പനും സമുദായസ്‌നേഹികളാണ്. മതവാദികളോ വർഗീയവാദികളോ അല്ല. ഗാന്ധിജിയെ രാഷ്ട്രീയപ്രതിഷ്ഠയായി നിലനിർത്താൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഇടതുപക്ഷവും ഇതിനൊപ്പം ചേരണം. ഗാന്ധിനിന്ദ രാഷ്ട്രീയ മഹാപാപമാണ്. അതിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എൻഎസ്എസിനേ കഴിയൂ-ഡേ.സിറിയക് തോമസ് പറഞ്ഞു.
സോഷ്യൽ എൻജിനീയറിങ്ങിൽ എൻഎസ്എസിനുള്ള സ്ഥാനം വലുതാണ്. വിമോചനസമരത്തിന്റെ ഓർമ്മയെ ഇപ്പോഴും ഇടതുപക്ഷം ഭയക്കുന്നത് അതിന്റെ തെളിവാണ്. ശബരിമലയിൽ ആചാരലംഘനം നടന്നപ്പോൾ സ്വാഭാവിക പ്രതികരണവുമായി ആദ്യം മുന്നോട്ടുവന്നത് എൻഎസ്എസാണ്. 24 മണിക്കൂർ തികയും മുൻപേ ഒരു ആലോചനാ യോഗംപോലും വിളിക്കാതെ നാമജപ പ്രതിഷേധഘോഷയാത്ര നടത്തി. പെരുന്നയിലിരുന്ന്, കേരളം മുഴുവൻനടന്ന നാമജപ ഘോഷയാത്രയ്ക്ക് എൻഎഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻനായർ നേതൃത്വംനൽകി. പിന്നീടാണ് അതിലെ രാഷ്ട്രീയംകണ്ട് മറ്റുള്ളവർ ഏറ്റെടുത്തത്.
എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിച്ചു. കവി രാജീവ് ആലുങ്കൽ അനുസ്മരണപ്രഭാഷണം നടത്തി. എൻഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻനായർ, ട്രഷറർ അഡ്വ.എൻ.വിഅയ്യപ്പൻപിള്ള എന്നിവർ സംസാരിച്ചു.
Content Highlights: Former VC Dr. C. Thomas urges NSS to lead a `Second Liberation Struggle` to defend Mahatma Gandhi from organized insults. Calls for unity against political sin.