പി.എഫ്. പെൻഷൻ വെട്ടിക്കുറയ്ക്കലിനെതിരേ രൂക്ഷവിമർശനവുമായി പ്രേമചന്ദ്രൻ; യോഗം വിളിക്കാമെന്ന് കേന്ദ്രം

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അംഗങ്ങളുടെ പെൻഷൻ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന നടപടികൾക്കെതിരേ പാർലമെന്റിലെ ലേബർ കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ ആഞ്ഞടിച്ച് എൻ.കെ. പ്രേമചന്ദ്രൻ. യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി പി.എഫ്. പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധിയെ ദുർവ്യാഖ്യാനംചെയ്തുകൊണ്ട് മനുഷ്യത്വരഹിതമായ നടപടികളാണ് ഇ.പി.എഫ്.ഒ. ചെയ്യുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. തുടർന്ന്, ഇക്കാര്യങ്ങൾ വിശദമായി ചർച്ചചെയ്യാൻ പ്രത്യേക യോഗം വിളിക്കാമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉറപ്പുനൽകി.
ഉയർന്ന പെൻഷനെ അട്ടിമറിക്കാൻ ഇ.പി.എഫ്.ഒ. സ്വീകരിച്ച പ്രോ റേറ്റാ രീതി നിയമത്തിനും സ്‌കീമിനുമെതിരാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ട്രസ്റ്റ് ചട്ടങ്ങളുടെ പേരിൽ ഉയർന്ന പെൻഷൻ നിഷേധിക്കുന്നത് നിയമവിരുദ്ധവും 2022-ലെ സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ്. പെൻഷൻ വെട്ടിക്കുറയ്ക്കുന്ന ഇ.പി.എഫ്.ഒ. നടപടികൾക്കെതിരേ ഒമ്പത് ഹൈക്കോടതി വിധികളുണ്ടായിട്ടും അതൊന്നും നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
തൊഴിലാളികൾക്ക് അനുകൂലമായ കോടതിവിധികൾ പ്രേമചന്ദ്രൻ യോഗത്തിൽ വായിച്ചുകേൾപ്പിച്ചു. പെൻഷൻ കുറയ്ക്കുന്നതെങ്ങനെയെന്ന് കണക്കുകൾ സഹിതം വിവരിച്ചതോടെ എം.പി. ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞ മന്ത്രി, ഇതിനായി പ്രത്യേക യോഗം വിളിക്കാമെന്നും ഉറപ്പുനൽകി. തൊഴിൽ സഹമന്ത്രി ശാഭാ കരന്തലജെ, ലേബർ സെക്രട്ടറി, ചീഫ് പി.എഫ്. കമ്മിഷണർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Content Highlights: NK Premachandran challenged the EPFO's pro-rata calculation method for pensions., Alleged that EPFO is violating the 2022 Supreme Court verdict on higher pensions., Union Labour Minister Mansukh Mandaviya committed to a special meeting to address the grievances., Highlighted nine High Court rulings favoring employees that remain unimplemented.