നിപ: കുട്ടിയെ അഡ്മിറ്റാക്കാൻ കാത്തിരുന്നത് അരമണിക്കൂർ; ഐസൊലേഷൻ വാർഡൊരുക്കിയത് പൂട്ടുപൊളിച്ച്

നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചുകൊണ്ട് ബാരിക്കേഡും ബോര്‍ഡും വെക്കുന്നു (ഇടത്), ഐസൊലേഷന്‍ വാര്‍ഡിന്റെ താക്കോല്‍ കിട്ടാത്തതിനെ തുടര്‍ന്ന് ചുറ്റിക കൊണ്ട് അടിച്ചു പൂട്ട് പൊട്ടിച്ച ശേഷമാണ് വാര്‍ഡ് ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റിയത്. പൂട്ട് പൊളിക്കാനായി ഉപയോഗിച്ച ചുറ്റികയുമായി നില്‍ക്കുന്നയാള്‍.
നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചുകൊണ്ട് ബാരിക്കേഡും ബോര്‍ഡും വെക്കുന്നു (ഇടത്), ഐസൊലേഷന്‍ വാര്‍ഡിന്റെ താക്കോല്‍ കിട്ടാത്തതിനെ തുടര്‍ന്ന് ചുറ്റിക കൊണ്ട് അടിച്ചു പൂട്ട് പൊട്ടിച്ച ശേഷമാണ് വാര്‍ഡ് ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റിയത്. പൂട്ട് പൊളിക്കാനായി ഉപയോഗിച്ച ചുറ്റികയുമായി നില്‍ക്കുന്നയാള്‍.

കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം, പാണ്ടിക്കാട്, ചെന്പ്രശ്ശേരിയിലെ പതിന്നാലുകാരനെ പ്രവേശിപ്പിക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡൊരുക്കിയത് ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിച്ച്. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയെ കൊണ്ടുവന്നശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ അരമണിക്കൂറാണ് ആംബുലൻസിൽ കാത്തിരിക്കേണ്ടിവന്നത്.

മെഡിക്കൽകോളേജിൽ കുട്ടിയെ പ്രവേശിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയാണ്  ഐസൊലേഷൻ വാർഡൊരുക്കുന്നത് താമസിപ്പിച്ചത്. കുട്ടിയെ മാറ്റുന്നതിനായി മെഡിക്കൽ കോളേജ് അധികൃതർക്ക് അറിയിപ്പ് ലഭിക്കാൻ വൈകിയതും കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്.) നിസ്സഹകരണവുമാണ് കാലതാമസം ഉണ്ടാക്കിയത്.

ഐസൊലേഷൻ വാർഡാക്കിയ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പേവാർഡ് സജ്ജീകരിക്കാനാണ് താമസമുണ്ടായത്. ആദ്യം പോവാർഡിലെ ആളുകളെ ഒഴിപ്പിച്ചു. തുടർന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസിൽനിന്ന് പേവാർഡിലെ ഐസൊലേഷൻ മുറിയുടെ താക്കോൽ ലഭിക്കാത്തതിനെത്തുടർന്ന് ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിക്കേണ്ടിവരുകയായിരുന്നു. കോവിഡ് കാലത്തിനുശേഷം മാസങ്ങളായി പൂട്ടിക്കിടന്ന ഐസൊലേഷൻ വാർഡ് പിന്നീടാണ് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയത്. മെഡിക്കൽ കോളേജിലെ ശുചീകരണത്തൊഴിലാളികളും ജീവനക്കാരും ഒത്തൊരുമിച്ച് ശ്രമിച്ചതിനാലാണ് കാലതാമസം കുറയ്ക്കാൻ സാധിച്ചത്.

അടിയന്തര സാഹചര്യത്തിൽ കെ.എച്ച്.ആർ.ഡബ്ല്യു.എസ്. വരുത്തിയ അലംഭാവമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഐസൊലേഷൻ വാർഡാക്കുന്നതോടെ വരുമാന നഷ്ടമുണ്ടാകുമെന്നതാണ് കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ നിസ്സഹകരണത്തിന് കാരണമായത്. ഇവർക്കുകീഴിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് കെ.എച്ച്.ആർ.ഡബ്ല്യു.എസ് തന്നെയാണ്. എന്നാൽ നിപ, കോവിഡ് തുടങ്ങിയ അസുഖങ്ങൾ വരുമ്പോഴെല്ലാം ഇവിടത്തെ പേവാർഡിലുള്ളവരെ ഒഴിപ്പിക്കുകയും ഐസൊലേഷൻ വാർഡാക്കി ഉപയോഗിക്കുകയും ചെയ്യുന്നതാണ് കെ.എച്ച്.ആർ.ഡബ്ല്യു.എസിനെ ചൊടിപ്പിച്ചത്. വരുമാനനഷ്ടമുണ്ടാകുന്നതോടെ ശമ്പളം കൊടുക്കാൻപോലും പ്രയാസമാകുന്നതാണ് കാരണം.

എന്നാൽ ഇവർ താക്കോൽ തരാൻ തയ്യാറാവാതിരുന്നിട്ടും തിരുവനന്തപുരത്തുനിന്ന് ആരോഗ്യവകുപ്പധികൃതർ ഇടപെടാൻ തയ്യാറാവാതിരുന്നതും സമയനഷ്ടമുണ്ടാക്കി. ഒടുവിൽ പൂട്ട് പൊളിക്കുകയായിരുന്നു.

ഇതുകാരണം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ മൂന്നുമണിക്കൂറോളം പി.പി.ഇ. കിറ്റിട്ട് ഇരിക്കേണ്ട സാഹചര്യവുമുണ്ടായി. രോഗബാധിതനായ കുട്ടിയോടൊപ്പം കൊണ്ടുവന്ന ബന്ധുക്കളും മറ്റൊരു ആംബുലൻസിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. മുന്നറിയിപ്പ് കൃത്യമായി നൽകാത്തതിനാൽ മെഡിക്കൽ കോളേജിലെ മറ്റു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകാത്ത സ്ഥിതിയുമുണ്ടായി. ചിലർ കാര്യമറിയാനായി മാസ്‌ക് ധരിക്കാതെ ഐസൊലേഷൻ വാർഡിലേക്ക് എത്തുകയുംചെയ്തു. കുട്ടിയെ ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്കുമുൻപാണ് നിപ വാർഡിന്റെ ബോർഡ് വെച്ചത്.

Content Highlights: Nipah virus case Waited half an hour to admit the child