തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

#സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിൽ നീലഗിരി ലങ്കുർ ഇനത്തിലുള്ള കരിങ്കുരങ്ങിന് കുഞ്ഞുണ്ടാകുന്നത്. 15 വയസ്സ് പ്രായമുള്ള രഞ്ജിനി എന്ന പെൺ കുരങ്ങിനാണ് ചൊവ്വാഴ്ച വൈകിട്ട് കുഞ്ഞ് ജനിച്ചത്. 18 വയസുകാരൻ രാജീവ് ആണ് അച്ഛൻ. ഇതിനു മുൻപ് ഇവർക്ക് 2014 ൽ സോന എന്ന പെൺ കുഞ്ഞ് ജനിച്ചെങ്കിലും അതിനു ശേഷം പ്രസവിച്ചിട്ടില്ല. പൊതുവെ പ്രജനനത്തിന്റെ കാര്യത്തിൽ നാണംകുണുങ്ങികളും, എന്നാൽ വളരെ പെട്ടെന്ന് പ്രകോപിതരാകുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുന്ന കുരങ്ങ് വർഗം ആയതുകൊണ്ട് ഇവയെ ഇണചേർക്കുന്നത് ശ്രമകരമാണ്.

മൃഗശാല ക്യൂറേറ്റർ സംഗീത മോഹൻ, കീപ്പർ രഞ്ജിത്ത്, സൂപ്പർവൈസർ രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൃത്യമായ പരിചരണം നൽകുകയും, ഇണചേരലിനു അനുയോജ്യമായ സാഹചര്യങ്ങൾ കൂടിനുള്ളിൽ ഒരുക്കുകയും ചെയ്തതുകൊണ്ടാണ് ഇത്തവണ ശ്രമം വിജയിച്ചത് എന്ന് അധികൃതർ അറിയിച്ചു. പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗം ആയതിനാൽ ഇപ്പോൾ കുഞ്ഞ് ജനിച്ചത് വലിയ നേട്ടമായി കരുതുന്നതായി മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി പറഞ്ഞു.

ലോകത്താകെ പതിനായിരത്തിൽ താഴെയാണ് ഇവയുടെ ഇപ്പോഴത്തെ എണ്ണം. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി, പ്രത്യേകം സജ്ജമാക്കിയ നഴ്‌സറി കൂട്ടിലേക്ക് അമ്മയെയും കുഞ്ഞിനേയും മാറ്റി. ഒരു മാസത്തിനു ശേഷം സന്ദർശകർക്ക് കാണാവുന്ന വിധത്തിലുള്ള ഓപ്പൺ കൂട്ടിലേക്ക് മാറ്റും എന്ന് സൂപ്രണ്ട് അനിൽ കുമാർ അറിയിച്ചു.

Content Highlights: First Nilgiri Langur birth at Thiruvananthapuram Zoo in 12 years., The mother, Ranjini, and father, Rajeev, successfully bred under expert supervision., Nilgiri Langurs are an endangered species with fewer than 10,000 left globally., Mother and baby are currently in a nursery enclosure, public viewing to start in a month.