ആൾ അകത്തുകയറിയത് മറന്നു; കെയർടേക്കർ ശൗചാലയം പൂട്ടി വീട്ടിൽ പോയി; യാത്രക്കാരനെ കാത്ത് അവസാന മലയോര ബസ്

നീലേശ്വരം: നഗരസഭാ ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ ശൗചാലയത്തിൽ ആൾ കയറിയത് മറന്ന് കെയർടേക്കർ ശൗചാലയം പൂട്ടി വീട്ടിൽ പോയി. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. 8.10-ന്റെ കൊന്നക്കാട് ബസിന് നാട്ടിലേക്ക് മടങ്ങേണ്ടയാളാണ് തിടുക്കത്തിൽ ശൗചാലയത്തിലെത്തിയത്. ഇദ്ദേഹത്തോട് പണം വാങ്ങി അകത്തേക്ക് വിട്ട കെയർ ടേക്കർ ഓർക്കാപ്പുറത്ത് ശൗചാലയം പൂട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
സാധാരണ 8.10 ഓടെ മാത്രമേ പൂട്ടാറുള്ളു എങ്കിലും മകന് സുഖമില്ലെന്നറിയിച്ച് വീട്ടിൽനിന്ന് ഫോൺ വന്നതിനാലാണ് പെട്ടെന്ന് മടങ്ങിയതെന്ന് പറയുന്നു. എന്നാൽ മെയിൻ സ്വിച്ച് ഓഫാക്കിയാണ് മടങ്ങിയതെന്നും ലൈറ്റ് അണഞ്ഞ നേരത്തും അകത്തുനിന്ന് ആളനക്കം കേട്ടില്ലെന്നും കെയർ ടേക്കർ പറഞ്ഞു.
വീട്ടിലെത്തിയശേഷം ബസ്‌സ്റ്റാൻഡിലെ ബസ് ഏജന്റ് കെ. മോഹനൻ വിളിച്ചപ്പോഴാണ് കെയർ ടേക്കർ അബദ്ധം മനസ്സിലാക്കിയത്. ഇതിനിടെ ശൗചാലയത്തിൽ കുടുങ്ങിയ ആൾ അടിയന്തരസേവന നമ്പറായ 112-ൽ വിളിച്ച് വിവരം പറഞ്ഞതോടെ നീലേശ്വരം പോലീസും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ആളുകളും കൂട്ടംകൂടി. ശൗചാലയത്തിൽ കുടുങ്ങിയ യാത്രക്കാരന് വേണ്ടി 8.10-ന് പോകേണ്ട അവസാന മലയോര ബസും കാത്തുനിന്നു. അയൽവാസിയുടെ ഇരുചക്രവാഹനത്തിൽ കിതച്ചെത്തിയ കെയർടേക്കർ ശൗചാലയം തുറന്ന് യാത്രക്കാരനെ മോചിപ്പിച്ചു. ഇദ്ദേഹത്തെയും കയറ്റി ബസും നീങ്ങിയതോടെ എല്ലാം ശുഭം.
Content Highlights: Caretaker accidentally locked a passenger inside the Nileshwaram bus stand toilet and went home., The caretaker left early because of an emergency call regarding her son's health., The trapped passenger called the emergency number 112, prompting police intervention., The caretaker returned quickly and unlocked the door, allowing the passenger to catch his bus.