ദേശീയപാതാ തകര്‍ച്ച; എന്‍എച്ച്‌ഐ കേരള റീജണൽ മേധാവിയെ ഡൽഹിയിലേക്ക് മാറ്റി

കോഴിക്കോട്: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ദേശീയപാതാ അതോറിറ്റിയുടെ കേരളത്തിന്റെ ചുമതലയുള്ള റീജണല്‍ ഓഫീസറെ ഡല്‍ഹിയിലേക്ക് സ്ഥലംമാറ്റി. രാജസ്ഥാന്‍കാരനായ ബി.എല്‍. മീണയെയാണ് ഡല്‍ഹിയിലെ എന്‍എച്ച്എഐ ആസ്ഥാനത്തേക്കാണ് മാറ്റി വെള്ളിയാഴ്ച ഉത്തരവിറങ്ങിയത്. അവിടെ ഝാര്‍ഖണ്ഡ് ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന എ.കെ. മിശ്രയെ പകരം നിയമിച്ചു. ഉടനടി സ്ഥലംമാറ്റം നടപ്പാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കൂരിയാട് റോഡ് തകര്‍ന്നതിന് പുറമേ കേരളത്തില്‍ പലയിടത്തും വ്യാപകമായി ദേശീയപാതാനിര്‍മാണത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കേരളത്തില്‍ ആറുവരിപ്പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിലും പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിലും ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന് എന്‍എച്ച്എഐ നല്‍കിയ റിപ്പോര്‍ട്ട്. കൂരിയാട്ടെ സംഭവത്തില്‍ കൊച്ചിയിലെ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും സൈറ്റ് എന്‍ജിനിയറെ പിരിച്ചുവിടുകയും ചെയ്തു.
കേരളത്തില്‍ പലയിടത്തും പ്രശ്‌നങ്ങളുണ്ടായതില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മീണയെ സസ്‌പെന്‍ഡ് ചെയ്യാനാണ് ആലോചനയെങ്കിലും കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരേ അത്തരമൊരു നടപടി സ്വീകരിക്കുന്നത് ദേശീയപാത അതോറിറ്റിക്ക് ക്ഷീണം ചെയ്യുമെന്നതുകൊണ്ട് സ്ഥലംമാറ്റത്തില്‍ ഒതുക്കിയെന്നാണ് സൂചന.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കൊച്ചി ഓഫീസിന്റെ ചുമതലയുള്ള പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുല്‍ ശര്‍മയ്ക്ക് പകരം കര്‍ണാടകയിലെ ഹാസനില്‍നിന്നുള്ള പ്രോജക്ട് ഡയറക്ടറെ നിയമിച്ച് ഉത്തരവായി. ഉടന്‍ ചുമതലയേല്‍ക്കാനാണ് അദ്ദേഹത്തിനും ലഭിച്ച നിര്‍ദേശം.
Content Highlights: Following the kooriyad national highway collapse and other issues