കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം: സെപ്റ്റംബർ രണ്ടാംവാരം ഗർഡർ സ്ഥാപിക്കും, ട്രോളി നിർമാണം തുടങ്ങി

കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ സ്ഥാപിക്കുന്ന കോമ്പോസിറ്റ്‌ ഗർഡർ
കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ സ്ഥാപിക്കുന്ന കോമ്പോസിറ്റ്‌ ഗർഡർ

കുറ്റിപ്പുറം: ദേശീയപാതാ 66-ലെ കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ കോമ്പോസിറ്റ് ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനായി ട്രോളിയുടെ നിര്‍മാണം തുടങ്ങി. ഹൈദരാബാദിലാണ് നിര്‍മാണം നടക്കുന്നത്. നേരത്തെ രണ്ട് തവണ കോമ്പോസിറ്റ് ഗര്‍ഡര്‍ സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രോളി വഴി കോമ്പോസിറ്റ് ഗര്‍ഡര്‍ റെയില്‍വേ പാളങ്ങള്‍ക്ക് മുകളിലൂടെ മറുവശത്തേക്ക് കൊണ്ടുപോകാനുള്ള പദ്ധതി കരാര്‍ കമ്പനി തയ്യാറാക്കിയത്.

നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ കോമ്പോസിറ്റ് ഗര്‍ഡര്‍ സ്ഥാപിക്കാന്‍ കഴിയുമെന്നാണ് കരാര്‍ കമ്പനി ഇപ്പോള്‍ കരുതുന്നത്. ജൂണ്‍ 26-നാണ് കോമ്പോസിറ്റ് ഗര്‍ഡര്‍ സ്ഥാപിക്കാന്‍ ആദ്യം ശ്രമം നടത്തിയത്. എന്നാല്‍ അവസാനഘട്ട വെല്‍ഡിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അന്ന് നടന്നില്ല.പിന്നീട് ജൂലായ് രണ്ടിന് രാത്രിയില്‍ വീണ്ടും ശ്രമിച്ചെങ്കിലും ഗര്‍ഡര്‍ ഹൈഡ്രോളിക് ജാക്കികള്‍ ഉപയോഗിച്ച് വലിക്കുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കികളില്‍ ഘടിപ്പിച്ച റോപ്പിന്റെ പിന്‍ഭാഗത്തെ രണ്ട് സപ്പോര്‍ട്ടിങ് പ്‌ളേറ്റുകള്‍ക്ക് തകരാര്‍ സംഭവിച്ചു. ഇതോടെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ തടസ്സപ്പെട്ടു.

10 മീറ്ററോളം മാത്രമാണ് അന്ന് ഗര്‍ഡര്‍ മുന്നോട്ട് നീക്കാന്‍ കഴിഞ്ഞത്. ഇതിനെ തുടര്‍ന്ന് പിന്നീട് ഗര്‍ഡര്‍ പഴയ സ്ഥലത്തേക്കുതന്നെ നീക്കിവെക്കുകയും ചെയ്തു. റെയില്‍വേ മേല്‍പ്പാലത്തിന്റെ റെയില്‍പ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്ത് സ്ഥാപിക്കുന്ന 'റ' ആകൃതിയിലുള്ളതാണ് കോമ്പോസിറ്റ് ഗര്‍ഡര്‍. കോമ്പോസിറ്റ് ഗര്‍ഡറിന് 63.7 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമാണുള്ളത്. നിലവിലെ റെയില്‍പ്പാതയ്ക്ക് മുകളില്‍ ഏഴ് മീറ്റര്‍ ഉയരത്തിലാണ് കോമ്പോസിറ്റ് ഗര്‍ഡര്‍ സ്ഥാപിക്കുക.

കോമ്പോസിറ്റ് ഗര്‍ഡര്‍ എത്രയും വേഗം സ്ഥാപിക്കണം- പ്രവാസി കോണ്‍ഗ്രസ്
കുറ്റിപ്പുറം: റെയില്‍വേ മേല്‍പ്പാലത്തില്‍ കോമ്പോസിറ്റ് ഗര്‍ഡര്‍ എത്രയും വേഗത്തില്‍ സ്ഥാപിക്കണമെന്ന് മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോമ്പോസിറ്റ് ഗര്‍ഡര്‍ സ്ഥാപിക്കുന്നത് വൈകുന്നതുമൂലം കുറ്റിപ്പുറത്ത് ആറുവരിപ്പാതയുടെ നിര്‍മാണം മന്ദഗതിയിലാണ്.sswഇതുമൂലം ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും വര്‍ധിച്ചിരിക്കുകയാണെന്നും യോഗം ആരോപിച്ചു. പ്രസിഡന്റ് ഹാരസ് പൊറ്റാരത്ത് അധ്യക്ഷത വഹിച്ചു. ആനന്ദന്‍ മൂര്‍ക്കത്ത്, ഭാസ്‌കരന്‍ ഇറക്കിങ്ങല്‍, മുസ്തഫ പുഴനമ്പ്രം, ഇ.വി. ഷംസുദീന്‍, സക്കീര്‍ തൊഴുക്കാട്ട്, സൈനുല്‍ ആബിദ്, അസറു പാഴൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Content Highlights: Construction of a trolley to install the composite girder on the Kuttippuram railway overpass on NH