കൊച്ചിയിലെ നദികളിലുള്ള മത്സ്യങ്ങളിൽ ധാതുസാന്നിധ്യം: ജില്ലാ കളക്ടർക്ക് ദേശീയ ഹരിതട്രിബ്യൂണൽ നോട്ടീസ്

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ന്യൂഡൽഹി: കൊച്ചിയിലെ നദികളിലുള്ള മത്സ്യങ്ങളിൽ അപകടകരമായനിലയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടിൽ എറണാകുളം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് ദേശിയ ഹരിതട്രിബ്യുണൽ നോട്ടീസ് അയച്ചു. ദേശിയ ഹരിതട്രിബ്യുണൽ ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. കേസിൽ ഹരിതട്രിബ്യുണലിന്റെ ചെന്നൈയിലുള്ള സതേൺ സോണൽ ബെഞ്ച് തുടർനടപടികൾ സ്വീകരിക്കാനും ജസ്റ്റിസ് ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. കൊച്ചിയിലെ നദികളിലുള്ള മത്സ്യങ്ങളിലും കക്ക, ഞണ്ട് തുടങ്ങിയവയിലും അപകടകരമായ തോതിൽ സിങ്ക്, കാഡ്മിയം, ക്രോമിയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനനത്തിലാണ് ദേശിയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തത്. മഴയ്ക്ക് മുമ്പും മഴയ്ക്ക് ശേഷവും ഉള്ള കാലത്താണ് മത്സ്യങ്ങളിലും മറ്റും അപകടകരമായ തോതിൽ ധാതുസാന്നിധ്യമെന്നും കൊച്ചിൻ സർവ്വകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 

സ്വമേധയാ എടുത്ത കേസിൽ, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് ഡയറക്ടർ, കൊച്ചിൻ സർവ്വകലാശാലയിലെ മറൈൻ ബയോളജി ഡിപ്പാർട്മെന്റ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള തീരദേശ മാനേജ്‌മെന്റ് അതോറിറ്റി, എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരെ ദേശീയ ഹരിതട്രിബ്യൂണൽ കക്ഷിചേർത്തു. കേസ് ഹരിതട്രിബ്യൂണലിന്റെ ചെന്നൈയിലുള്ള സതേൺ സോണൽ ബെഞ്ച് പരിഗണിക്കുന്നതിനുമുമ്പ് എല്ലാ കക്ഷികളോടും മറുപടിനൽകാൻ ദേശീയ ഹരിതട്രിബ്യൂണൽ നിർദേശിച്ചു.

Content Highlights: National Green Tribunal notice to ernakulam District Collector on Mineral presence in fish