46 കൊല്ലം മുന്‍പ് നടുക്കടലില്‍ അപ്രത്യക്ഷമായ എംവി കൈരളി; ഇന്നും ഓര്‍മകളുടെ ചുഴിയില്‍ ഉറ്റവര്‍

കോട്ടയം: കേരളതീരത്ത് ഒരു കപ്പല്‍കൂടി മുങ്ങിയപ്പോള്‍ മലയാളികളുടെ ഓര്‍മ്മകള്‍ വേഗം നാലുപതിറ്റാണ്ട് പിന്നിലേക്ക് പോകുന്നു. കേരളത്തിന്റെ അഭിമാനനൗക, കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ 'എംവി കൈരളി' എന്ന ചരക്കുകപ്പല്‍ നടുക്കടലില്‍ അപ്രത്യക്ഷമായ സംഭവം വീണ്ടും ഓര്‍മ്മയിലെത്തും.
ആ കപ്പലിനൊപ്പം കാണാതായ ഉറ്റവരെ പ്രതീക്ഷിച്ചിരിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇന്നും ഓര്‍മ്മകളുടെ ചുഴിയില്‍. എംവി കൈരളിയുടെ ക്യാപ്റ്റനായിരുന്ന മരിയാദാസ് ജോസഫിന്റെ കോട്ടയം ഉപ്പൂട്ടിക്കവലയിലെ സര്‍പ്പക്കളത്തില്‍ വീട്ടിലുള്ളവരും ഇതേ പ്രതീക്ഷയിലാണ്.
ഈ വീടിന്റെ ചുവരുകളില്‍ നിറയെ കപ്പലിന്റെ ചിത്രങ്ങള്‍. ഭിത്തിയിലുറപ്പിച്ച തട്ടില്‍ ഒരു കപ്പലിന്റെ മാതൃക നിധിപോലെ സൂക്ഷിച്ചിരിക്കുന്നു. ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ മരിയാദാസിന് അന്നത്തെ കേരള മുഖ്യമന്ത്രി, സമാനമായ ഒരു കപ്പല്‍മാതൃക സമ്മാനിക്കുകയായിരുന്നു.
സ്വപ്നസാക്ഷാത്കാരമായി പണിതീര്‍ത്ത വീട്ടില്‍ കയറിത്താമസിച്ചശേഷമാണ് മരിയാദാസ്, എംവി കൈരളിയില്‍ യാത്രതിരിച്ചത്. പിന്നീട് ആ വീട്ടിലേക്ക് അദ്ദേഹം മടങ്ങിവന്നില്ല.
1979 ജൂലായ് മൂന്നിനാണ്, 23 മലയാളികളടക്കം 51 ജീവനക്കാരുമായി, മരിയാദാസ് ജോസഫ് കപ്പിത്താനായ എംവി കൈരളി കാണാതായ വിവരം പുറംലോകം അറിയുന്നത്. കപ്പലിനെക്കുറിച്ചോ യാത്രക്കാരെക്കുറിച്ചോ ഇതുവരെ ഒരു വിവരവും ഇല്ല. എന്നാലും, പ്രിയപ്പെട്ടവര്‍ എന്നെങ്കിലും വീടിന്റെ പടികടന്നുവരുമെന്ന പ്രതീക്ഷയില്‍ ഓരോ വീട്ടുകാരും കാത്തിരിക്കുന്നു.
ഒരു തുമ്പും കിട്ടാതെ അന്വേഷണം അവസാനിപ്പിച്ച ഷിപ്പിങ് കോര്‍പ്പറേഷന്‍, ലഭിച്ച ഇന്‍ഷുറന്‍സില്‍നിന്ന് തുച്ഛമായ ഒരു തുക നഷ്ടപരിഹാരമായി കുടുംബങ്ങള്‍ക്ക് നല്‍കി എല്ലാം അവസാനിപ്പിച്ചു.
എന്നാല്‍, എല്ലാം മറക്കാന്‍ മരിയാദാസിന്റെ ഭാര്യ മേരിക്കുട്ടി തയ്യാറല്ലായിരുന്നു. അമ്മയുടെ പ്രതീക്ഷകള്‍ക്ക് കൂട്ടായി മൂത്തമകന്‍ ജെയിംസ് ജോസഫ്, അച്ഛനെ തേടാന്‍ അദ്ദേഹത്തിന്റെ വഴിതന്നെ തിരഞ്ഞെടുത്തു. ഇന്ന് മര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനാണ് ജെയിംസ് ജോസഫ്.
ഇളയമകന്‍ ജോണ്‍ ജോസഫും കപ്പലിലെ ജോലിതന്നെ തിരഞ്ഞെടുത്തു. ഇവരുടെ കപ്പല്‍യാത്രകളിലും അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തിരതല്ലിവരുന്നു.
2010-ല്‍ മേരിക്കുട്ടി മരിച്ചു. എംവി കൈരളിക്കും അച്ഛനുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും എന്തു സംഭവിച്ചെന്നറിയാന്‍ എന്നെങ്കിലും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്നും കുടുംബത്തിലുള്ളവരെന്ന്, മൂത്തമകന്റെ ഭാര്യ ടിജി ജെയിംസ് പറയുന്നു.
Content Highlights: mv kairali ship missing