തളിപ്പറമ്പിലെ 'ഔചിത്യം'; ബേബിയെ തള്ളി ഗോവിന്ദൻ, 'പാർട്ടി രേഖയിൽ വ്യക്തികളെ പരാമർശിക്കുന്നില്ല'

എം.വി.ഗോവിന്ദന്‍, എം.എ.ബേബി
എം.വി.ഗോവിന്ദന്‍, എം.എ.ബേബി

തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമർശം തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ അത്തരത്തിൽ വ്യക്തികളെ കുറിച്ച് പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ ബേബി തന്നെ കുറിച്ച് നടത്തിയ പരോക്ഷ വിമർശനത്തെ തള്ളിയത്.

ഒരു സെമിനാറിൽ, തളിപ്പറമ്പിൽ എം.വി.ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ബേബി ഇത്തരമൊരു പരാമർശം നടത്തിയത്. ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമായിരുന്നുവെന്നാണ് ബേബി പറഞ്ഞത്.

എന്നാൽ, അത്തമൊരു വ്യക്തിപരമായ വിലയിരുത്തൽ പാർട്ടി നടത്തിയിട്ടില്ലെന്നാണ് ഗോവിന്ദൻ ഇതിനോട് പ്രതികരിച്ചത്. 'തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പകൽവെളിച്ചം പോലെ ജനങ്ങളഉടെ കൈയിയിലുണ്ട്. അതാണ് സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ഏകകണ്ഠമായി അംഗീകരിച്ച രേഖ. ആ രേഖയിൽ ഏതെങ്കിലും വ്യക്തികളെ സംബന്ധിച്ച് പരാമർശിച്ചിട്ടില്ല. പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അങ്ങനെയാണ് പാർട്ടി എല്ലാ സന്ദർഭങ്ങളിലും കാര്യങ്ങൾ പരിശോധിക്കുന്നത്.' ഗോവിന്ദൻ പറഞ്ഞു.

Content Highlights: MV Govindan refutes MA Baby's critique regarding the Taliparamba candidacy., The party election review report contains no personal remarks against leaders., CPM focuses on organizational weaknesses rather than individual candidate issues