അഡ്മിഷന് കോഴ: മന്ത്രി പികെ ബഷീറിനെതിരേ ലീഗ് പ്രമേയം, EMEA കോളേജ് ജനറൽസെക്രട്ടറി സ്ഥാനമൊഴിയാൻ നിർദേശം

#സ്വന്തം ലേഖകൻ
പി.കെ. ബഷീർ | ഫോട്ടോ - മാതൃഭൂമി
പി.കെ. ബഷീർ | ഫോട്ടോ - മാതൃഭൂമി

മലപ്പുറം: മുസ്‌ലിംലീഗിന്റെ തേഞ്ഞിപ്പലത്തുനടന്ന മൺസൂൺ ക്യാമ്പിൽ മന്ത്രി പി.കെ. ബഷീറിനെതിരേ പ്രമേയം പാസാക്കി. മന്ത്രി ജനറൽ സെക്രട്ടറിയായ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിൽ വിദ്യാർഥി പ്രവേശനത്തിന് മാനേജ്‌മെമെന്റ്് ക്വാട്ടയിൽ വൻ തുക കോഴവാങ്ങുന്നതായി വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് പ്രമേയം അവതരിപ്പിച്ചത്. കോളേജ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മന്ത്രി ഒഴിയണമെന്നാണ് പ്രമേയത്തിലുള്ളത്. ജില്ലാ കമ്മിറ്റി നിയോഗിക്കുന്ന നിരീക്ഷകരുടെ സാന്നിധ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്നതാണ് ക്യാമ്പിലാണ് ഈ പ്രമേയം.

കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിൽ ബിരുദ, ബിരുദാനന്തര, ബി.എഡ്. കോഴ്‌സുകൾക്ക് മാനേജ്‌മെന്റ് ക്വാട്ടയിൽ വൻതുകകൾ കോഴയായി വാങ്ങുന്നുണ്ടെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. അത് പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരാണ്. മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ മേലേത്തട്ടിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നതായിരുന്നു ഇ.എം.ഇ.എ. കോളേജിന്റെ ലക്ഷ്യം. ലീഗ് മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കോളേജ് അത്തരം കാര്യങ്ങൾ പാടേ വിസ്മരിച്ച്, ഇപ്പോൾ കച്ചവട കേന്ദ്രമായി മാറിയിരിക്കുകയാണെന്നാണ് വിമർശനം.

സൗജന്യമായി സ്ഥലം ലഭ്യമാക്കുകയും പാർട്ടി എം.പി.മാരിൽനിന്നും എം.എൽ.എ.മാരിൽനിന്നും ഫണ്ടുകൾ ശേഖരിച്ചും കെട്ടിടവും അനുബന്ധ ഉപകരണങ്ങളും തയ്യാറാക്കിയുമാണ് സ്ഥാപനം കെട്ടിപ്പടുത്തതെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. നേരത്തേ എം.എസ്.എഫ്. ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെതിരേ പരസ്യമായി പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് അത് വിലക്കി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ പ്രാദേശിക എം.എസ്.എഫ്. നേതാക്കൾക്കെതിരേ മന്ത്രി പ്രതികാര നടപടികൾക്ക് ഒരുങ്ങുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രമയേത്തിൽ ചൂണ്ടിക്കാണിക്കുന്നു.