മത്സരിക്കാനൊന്നും ഒരു കാലത്തും പ്രയാസമുണ്ടായിട്ടില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രന്‍ | Photo: Mathrubhumi
മുല്ലപ്പള്ളി രാമചന്ദ്രന്‍ | Photo: Mathrubhumi

കണ്ണൂർ: മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി നിർദേശിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനനൽകി കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് മത്സരിക്കാനൊന്നും ഒരു കാലത്തും പ്രയാസമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കുകയാണെങ്കിൽ എവിടെ വേണമെങ്കിലും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സ്വാഗതംചെയ്യുമെന്ന വിശ്വാസമുണ്ട്. ഇതിൽ തന്റെ തീരുമാനമാണ് ഏറ്റവും പ്രധാനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പ് രംഗത്ത് വന്നശേഷം ഇതുവരെ ഒരു ഘട്ടത്തിലും തനിക്ക് സ്ഥാനാർഥിത്വം നിഷേധിച്ച് ഒരു തിരഞ്ഞെടുപ്പും കടന്നുപോയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ട മണ്ഡലങ്ങളിലാണ് ഇതുവരെ മത്സരിച്ചത്. കഴിഞ്ഞതവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റായതിനാൽ നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. പറഞ്ഞതിൽ എല്ലാമുണ്ടല്ലോ, വരികൾക്കിടയിൽനിന്ന് വായിക്കാമെന്നായിരുന്നു ഇത്തവണ മത്സരിക്കാൻ സന്നദ്ധനാണോ എന്ന ചോദ്യത്തിനുള്ള മറുപടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ പല കാരണങ്ങളുണ്ടായിരുന്നുവെന്നും കോൺഗ്രസിലെ ഗ്രൂപ്പ് വടംവലി അതിലൊന്നായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Content Highlights: contest in assembly election if party asks mullappally ramachandran