ജമാഅത്തെ ഇസ്‌ലാമി വേദിയിൽ CPM നേതാവ്; അറിയാതെ പോയതാണ്, ഫ്ളക്സ് ആർക്കും വെക്കാമെന്ന് വിശദീകരണം

#ന്യൂസ് ഡെസ്ക്ക്
ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം. പ്രാദേശികനേതാവും കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമായ ജി. അബ്ദുൽ അക്ബർ പങ്കെടുത്തപ്പോൾ
ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം. പ്രാദേശികനേതാവും കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമായ ജി. അബ്ദുൽ അക്ബർ പങ്കെടുത്തപ്പോൾ

മുക്കം: ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം. നേതാവായ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തത് വിവാദമാകുന്നു. സി.പി.എം. പ്രാദേശികനേതാവും കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമായ ജി. അബ്ദുൽ അക്ബറാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കക്കാട് ബ്രാഞ്ച് സംഘടിപ്പിച്ച പ്രാദേശികസമ്മേളനത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് കാരശ്ശേരി കക്കാടിലെ ഇസ്‌ലാമിക് സെൻററിലായിരുന്നു പരിപാടി.

ജമാഅത്തെ ഇസ്‌ലാമി യൂണിറ്റ് പ്രസിഡൻറ് ജാസിം തോട്ടത്തിൽ, വെൽഫെയർ പാർട്ടി കീഴുപറമ്പ് പഞ്ചായത്ത് അംഗം സെലീന എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ജി. അബ്ദുൽ അക്ബർ വേദിപങ്കിട്ടത്.

എന്നാൽ, നാട്ടുകാർ സംഘടിപ്പിച്ച ആദരവ് പരിപാടി എന്ന നിലയിലാണ് താൻ പങ്കെടുത്തതെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടിയാണെന്ന് അറിയുമായിരുന്നില്ലെന്നും അബ്ദുൽ അക്ബർ പറഞ്ഞു. വേദിക്കുപിന്നിൽ ആർക്കും ഏതുരീതിയിലുള്ള ഫ്ലെക്സും വെക്കാമെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ‘മാതൃഭൂമി’യോട് പറഞ്ഞു. അതേസമയം, ഇങ്ങനെയൊരു വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സി.പി.എം തിരുവമ്പാടി ഏരിയാസെക്രട്ടറി വി.കെ. വിനോദ് പറഞ്ഞു.

Content Highlights: Panchayat President's Jamaat-e-Islami Participation Sparks Controversy in Mukkom