MSC എൽസ-3 കപ്പൽ മുങ്ങിയ സംഭവം; നഷ്ടപരിഹാരം തേടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കപ്പൽ കമ്പനി

കൊച്ചി: കേരളാതീരത്ത് അറബിക്കടലിൽ എംഎസ്‌സി എൽസ-3 കപ്പൽ മുങ്ങിയതുമൂലം സർക്കാർ ആരോപിക്കുന്നതുപോലെ ഗുരുതരമായ പാരിസ്ഥിതികപ്രശ്നം ഉണ്ടായിട്ടില്ലെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് ഫയൽചെയ്യാൻ അധികാരമില്ലെന്നും കാണിച്ച് കപ്പൽക്കമ്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തു. മുങ്ങിയ കപ്പലിന്റെയും ഇപ്പോൾ വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റുചെയ്തിട്ടിരിക്കുന്ന എംഎസ്‌സി അക്കിറ്റെറ്റ-2 എന്ന കപ്പലിന്റെയും ഉടമകൾ വ്യത്യസ്തരാണെന്നും കപ്പൽ അറസ്റ്റുചെയ്ത ഉത്തരവ് നീക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
കേരളത്തിന്റെ തീരത്തുനിന്ന് 14.5 നോട്ടിക്കൽ മൈലിന് പുറത്തായതിനാൽ കേന്ദ്ര സർക്കാരിനേ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽചെയ്യാനാകൂ എന്നാണ് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി ഫയൽചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നത്. ഇതിൽ മറുപടി ഫയൽചെയ്യാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ ഹർജി 21-ന് പരിഗണിക്കാൻ മാറ്റി.
അതിനിടയിൽ എംഎസ്‌സി എൽസ-3 കപ്പലിന്റെ രജിസ്‌ട്രേഡ് ഉടമസ്ഥരായ എൽസ-3 മാരിടൈം ഐഎൻസി ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽചെയ്തു. ബാധ്യത മാരിടൈം നിയമപ്രകാരം പരിമിതപ്പെടുത്തണമെന്നാണ് ഇതിൽ ആവശ്യപ്പെടുന്നത്.
9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഫയൽചെയ്ത അഡ്മിറാലിറ്റി സ്യൂട്ടാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കപ്പൽക്കമ്പനിയുടെ സത്യവാങ്മൂലത്തിൽനിന്ന്
- കപ്പൽ മുങ്ങിയത് സംസ്ഥാനത്തിന്റെ സമുദ്രാതിർത്തിക്കു പുറത്താണ്. എസ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ സമുദ്രപരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്.
- നേരിയതോതിൽ മാത്രമാണ് എണ്ണച്ചോർച്ച ഉണ്ടായത്.
- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ സമുദ്രജലത്തിനും വായുവിനും കാര്യമായ മാറ്റമില്ലെന്നു കണ്ടെത്തിയിരുന്നു
- കേന്ദ്രസർക്കാർ മത്സ്യബന്ധനം നിരോധിച്ചിട്ടില്ല. സംസ്ഥാനസർക്കാരിന് ഇക്കാര്യത്തിൽ അധികാരമില്ല.
- ഭയംകാരണം മത്സ്യവിപണിക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം അവകാശപ്പെടാനാകില്ല. മത്സ്യം കഴിക്കുന്നത് ആരോഗ്യപ്രശ്നത്തിനിടയാക്കുമെന്ന് ഒരു പഠനത്തിലും പറയുന്നില്ല
- ട്രോളിങ് നിരോധന സമയമാണ്. അതിനാൽ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി നഷ്ടപരിഹാരം തേടുന്നത് നിലനിൽക്കില്ല
- ഹാനികരമായ രാസവസ്തുക്കളൊന്നും വെള്ളത്തിൽ വീണിട്ടില്ല.
- മലിനീകരണത്തിനു കാരണമായേക്കാവുന്ന പ്ലാസ്റ്റിക് തരികൾ വാരിമാറ്റുന്നുണ്ട്
- ശുചീകരണത്തിനു മലിനീകരണ നിയന്ത്രണ ബോർഡിന് 1.37 കോടി രൂപ ചെലവായെന്നു പറയുന്നതിന് തെളിവില്ല. കുഫോസിന്റെ പഠനത്തിന് 45 ലക്ഷം ചെലവുപറയുന്നത് ഇതുമായി ബന്ധമില്ല
- കപ്പലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര ക്ലെയിമിന്റെ കാര്യത്തിൽ നോഡൽ ഏജൻസിയായി ഷിപ്പിങ് ഡയറക്ടർ ജനറലിനെ നിയമിച്ചകാര്യം സർക്കാർ മറച്ചുവെച്ചു.
Content Highlights: Shipping company claims no environmental damage from MSC Elsa-3 sinking off Kerala coast