എം.കെ. മുനീറിന്റെ കോഴിക്കോട് നടക്കാവിലെ വീട് ജപ്തി ഭീഷണിയിൽ

#സ്വന്തം ലേഖകൻ
എം.കെ. മുനീർ ഫോട്ടോ - അരുൺ നിലമ്പൂര്‍ / മാതൃഭൂമി ഡോട്ട്കോം
എം.കെ. മുനീർ ഫോട്ടോ - അരുൺ നിലമ്പൂര്‍ / മാതൃഭൂമി ഡോട്ട്കോം

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ കോഴിക്കോട് നടക്കാവിലെ വീട് ജപ്തി ഭീഷണിയിൽ. കിഴക്കേ നടക്കാവിലെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് മുനീറിന് 58 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്. ഇത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. പക്ഷേ ഇതും അദ്ദേഹത്തിന് അടച്ചു തീർക്കാൻ ആയിരുന്നില്ല. ഇതോടെയാണ് ഈ മാസം മാർച്ച് 31ന് മുമ്പ് ബാധ്യത തീർത്തില്ലെങ്കിൽ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കോഴിക്കോട് ടൗൺ സർവീസ് സഹകരണ ബാങ്കിൽനിന്ന് പത്തുവർഷം മുമ്പ് ഈ വീടിന്റെ നവീകരണാർത്ഥം 70 ലക്ഷത്തോളം രൂപ മുനീർ വായ്പയെടുത്തിരുന്നു.വായ്പയുടെ ഘട്ടങ്ങളായുള്ള തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാധ്യതയായത്. മുൻ മുഖ്യമന്ത്രിയും എം.കെ. മുനീറിന്റെ പിതാവുമായ സി.എച്ച്. മുഹമ്മദ് കോയ പണിത വീടാണിത്. ഇത് പിന്നീട് മുനീർ പുതുക്കി പണിയുകയായിരുന്നു.

കോഴിക്കോട്ടെ ലീഗിനെ സംബന്ധിച്ചിടത്തോളം ഒരു വീട് എന്നതിനപ്പുറം മുസ്ലിംലീഗിന്റെ ഒരു ആസ്ഥാനമന്ദിരം പോലെ പ്രവർത്തിച്ചിരുന്ന സ്ഥലമാണിത്. നിരവധിതവണ എംഎൽഎയും മന്ത്രിയും ഒക്കെയായ മുനീറിന്റെ വീടിനും ജപ്തി ഭീഷണി ഉണ്ടായിരിക്കുന്നു എന്നത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ കോഴിക്കോട് ജാഫർ ഖാൻ കോളനിയിലെ മുനീറിന്റെ മറ്റൊരു വീടും ജപ്തി ഭീഷണി നേരിട്ടിരുന്നു. തുടർന്ന് വിൽപന നടത്തിയാണ് ഇതിന്റെ ബാധ്യത തീർത്തത്. വർഷങ്ങൾക്കുശേഷം മുനീറിന്റെ മറ്റൊരു വീടും സമാനാവസ്ഥയിൽ ആയിരിക്കുകയാണ്.

Content Highlights: MK Muneer faces a 48 lakh debt settlement deadline for his Crescent House property., The Kozhikode Town Service Cooperative Bank issued a seizure notice expiring March 31., The residence holds historical significance as the former home of CH Mohammed Koya., This is the second instance of a property seizure threat for the leader.