ഭീതി പടർത്തി ചിന്നക്കനാലിന്റെ 'സർവ്വാധിപൻ’; മിഷൻ ചക്കക്കൊമ്പൻ വിജയം കാണുമോ? ഭീഷണിയായി മഴയും മൂടൽമഞ്ഞും

ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയെ വിറപ്പിക്കുന്ന കാട്ടുകൊമ്പൻ, ചക്കക്കൊമ്പൻ. പകൽ സമയം ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും തുരുത്തുകളിലും വിശ്രമിക്കുകയും രാത്രിയാകുന്നതോടെ തീറ്റതേടി കൃഷിയിടങ്ങളിലേക്കും ജനവാസമേഖലകളിലേക്കും ഇറങ്ങുന്ന ഈകൊമ്പൻ പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിട്ട് നാളുകളേറെയായി. ആനയെ മയക്കുവെടിവെച്ച് പിടികൂടെ റേഡിയോ കോളർ അണിയിക്കാനുള്ള അതിസങ്കീർണായ ദൗത്യത്തിലാണ് വനംവകുപ്പ്.
അരിക്കൊമ്പന്റെ നാടുകടത്തലിനു ശേഷം ചിന്നക്കനാൽ മേഖലയിലെ വമ്പനായി മാറിയ ചക്കക്കൊമ്പനെ മയക്കുവെടിവെച്ചു വീഴ്ത്തുകയെന്നത് വനംവകുപ്പിന്റെ ദൗത്യസംഘത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. അതിന് ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഇതേ ആവാസവ്യവസ്ഥയിൽ തന്നെ സ്വതന്ത്രമാക്കി വിടാനാണ് വനംവകുപ്പിന്റെ പദ്ധതി. അതുപക്ഷേ, നാട്ടുകാർക്ക് സ്വീകാര്യമല്ല, ആനയെ പൂർണമായും പ്രദേശത്തുനിന്ന് നാടുകടത്തണമെന്ന നാട്ടുകാരുടെ ആവശ്യം.
ചിന്നക്കനാലിന്റെ 'സർവ്വാധിപനിലേക്ക്'
ചിന്നക്കനാൽ വനമേഖലയിലെ കാട്ടാനകളിൽ ഏറ്റവും ഉയരമുള്ള ഒറ്റയാനാണ് ചക്കക്കൊമ്പൻ. ഏതാണ്ട് 10 അടിയോളം ഉയരം ഈ കൊമ്പനുണ്ടെന്നാണ് കരുതുന്നത്. അരിക്കൊമ്പനേക്കാൾ ശരീരവലിപ്പും ചക്കക്കൊമ്പനുണ്ട്. 35-നും 40-നും ഇടയിൽ പ്രായം കണക്കാക്കുന്ന ചക്കക്കൊമ്പൻ, ശരീര പ്രതൃതിയിലും അക്രമസ്വഭാവത്തിലും ചിന്നക്കനാലിലെ കാട്ടാനക്കൂട്ടത്തിലെ വമ്പനാണ്. ചക്കതേടി ജനവാസ മേഖലകളിലേക്ക് സ്ഥിരമായി എത്തിയിരുന്നതിനാലാണ് പ്രദേശവാസികൾ ഇതിനെ സ്നേഹത്തോടെ 'ചക്കക്കൊമ്പൻ' എന്ന് വിളിച്ചുതുടങ്ങിയത്. ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശങ്ങളിലാണ് പ്രധാന സഞ്ചാരം. സിങ്കുകണ്ടം, മതികെട്ടാൻ ചോല, 301 കോളനി, ബി.എൽ. റാം, ആനയിറങ്കൽ ഡാം പരിസരം എന്നിവയാണ് ഇതിന്റെ വിഹാരകേന്ദ്രങ്ങൾ.
ഒരു കാലത്ത് ശാന്തസ്വഭാവക്കാരനായിരുന്നു ഈ കൊമ്പൻ. പക്ഷേ, പട്ടെന്നാണ് ഇതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായത്. മുൻപ് ഈ മേഖല ഭരിച്ചിരുന്ന അരിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടിവെച്ച് നാടുകടത്തിയതാണ് ചക്കക്കൊമ്പന്റെ സ്വഭാവത്തിലെ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനൊപ്പം ചിന്നക്കനാലിന്റെ പ്രധാന കാട്ടുകൊമ്പനായിരുന്ന 'മുറിവാലൻ' ചരിയുകയും ചെയ്തതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മദപ്പാടിലായ ചക്കക്കൊമ്പൻ മുറിവാലനെ ആക്രമിക്കുകയും കുത്തേറ്റ മുറിവാലൻ ചരിയുകയുമായിരുന്നു. അരിക്കൊമ്പനെ നാടുകടത്തുകയും മുറിവാലൻ ചെരിയുകയും ചെയ്ത ശേഷം മേഖലയിലെ മറ്റ് കൊമ്പന്മാരെ ഒതുക്കി ചക്കക്കൊമ്പൻ ചിന്നക്കനാലിന്റെ സ്വയം പ്രഖ്യാപിത 'സർവ്വാധിപനായി' മാറി.
മൂന്ന് വർഷം മുൻപ് നടന്ന അരിക്കൊമ്പൻ ദൗത്യത്തിൽ ചക്കക്കൊമ്പൻ നിർണായക പങ്കാണ് വഹിച്ചത്. അന്ന് മദപ്പാടിലായിരുന്ന ചക്കക്കൊമ്പനും അരിക്കൊമ്പനും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടായിരുന്നു. അരിക്കൊമ്പനെ വനംവകുപ്പ് ഉദ്ദേശിച്ച മയക്കുവെടി കേന്ദ്രത്തിൽ എത്തിക്കാൻ ഈ ഏറ്റുമുട്ടൽ വഴിയരുക്കി. അന്ന് അരിക്കൊമ്പനെ പൂട്ടാൻ സഹായിച്ച് വനംവകുപ്പിന്റെ 'ഹീറോ' ആയ ചക്കക്കൊമ്പനാണ് ഇന്ന് അതേ വനംവകുപ്പിന്റെ പ്രധാന നോട്ടപ്പുള്ളിയായി മാറിയിരിക്കുന്നത്.
ജനവാസമേഖലയിൽ ഭീതി
ചക്കക്കൊമ്പൻ കൃഷിയിടങ്ങളിലിറങ്ങി ഏലം, വാഴ, തെങ്ങ് എന്നിവ തകർക്കുന്നത് തുടർച്ചയായ സംഭവങ്ങളാണ്. പ്ലാവുകളിൽ ചക്ക മൂപ്പെത്തുമ്പോൾ ആന വീടുകളിലേക്ക് എത്തുമെന്ന പേടി കാരണം, കായ്ക്കുന്ന ചക്കകൾ ഉടൻ വെട്ടിമാറ്റാൻ നാട്ടുകാർ നിർബന്ധിതരാവുകയാണ്. അരിക്കൊമ്പനേക്കാൾ ശരീരവലിപ്പമുള്ള ചക്കക്കൊമ്പൻ, അതിവേഗത്തിൽ പാഞ്ഞടുക്കുന്ന സ്വഭാവക്കാരനാണ്. പെട്ടെന്ന് ദിശ മാറാനും പിന്നിലേക്ക് തിരിഞ്ഞ് ആക്രമിക്കാനും ഇതിന് കഴിയും. വാഹനങ്ങൾക്ക് നേരെ പാഞ്ഞെടുക്കുന്നതും നിർത്തിയിട്ട വാഹനങ്ങൾ തകർക്കുന്നതും പതിവാണ്. പടക്കം പൊട്ടിച്ചാൽ ഭയന്നോടുന്നതിന് പകരം പടക്കം പൊട്ടിക്കുന്നിടത്തേക്ക് പാഞ്ഞടുത്ത് ആക്രമിക്കുന്ന പ്രകൃതമാണ് ഇവന്റേതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതിനോടകം അഞ്ചോളം മനുഷ്യ ജീവനാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ വിവിധ സമയങ്ങളിലായി നഷ്ടപ്പെട്ടിട്ടുള്ളത്. കെട്ടിടങ്ങളും വീടുകളും തകർക്കുകയും റേഷൻകട തകർത്ത് അരി തിന്നുകയും ചെയ്തിട്ടുണ്ട്. 2024 സെപ്റ്റംബറിൽ റേഷൻകട തകർത്ത് അരി തിന്ന സംഭവവുമുണ്ടായി. അന്ന് കട തകർക്കുമ്പോൾ അകത്തുണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചക്കക്കൊമ്പൻ പകൽ സമയം വനത്തിലും തുരുത്തുകളിലും വിശ്രമിക്കും. രാത്രിയാകുന്നതോടെ ജനവാസമേഖലകളിലേക്കിറങ്ങും. അടച്ചുറപ്പുള്ള വീടുകളിൽപോലും ഭയത്തോടെയും ഉറക്കം നഷ്ടപ്പെട്ടുമാണ് പ്രദേശവാസികൾ കഴിയുന്നത്. സന്ധ്യ മയങ്ങിയാൽ ജീവൻ കയ്യിൽ പിടിച്ച് വീടുകളിൽ കഴിയേണ്ട അവസ്ഥയിലാണ് കർഷകരും തോട്ടം തൊഴിലാളികളും.
'മിഷൻ ചക്കക്കൊമ്പൻ'
ജനങ്ങൾക്ക് ശല്യമായി മാറിയ അരിക്കൊമ്പനെപ്പോലെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിക്കുകയായിരുന്നു. എന്നാൽ, ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കഴുത്തിൽ സാറ്റലൈറ്റ്/റേഡിയോ കോളർ ഘടിപ്പിച്ച് തുറന്നുവിടാനാണ് വനംവകുപ്പിന്റെ പദ്ധതി. ചക്കക്കൊമ്പനെ പിടികൂടി മയക്കുവെടിവെച്ച് സാറ്റലൈറ്റ് റേഡിയോ കോളർ ഘടിപ്പിക്കും. തുടർന്ന് ആവശ്യമായ ചികിത്സ നൽകിയ ശേഷം സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുക എന്നതാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. കോളർ വഴി ആനയുടെ ലൊക്കേഷൻ 24 മണിക്കൂറും കൃത്യമായി ട്രാക്ക് ചെയ്യും. ഇതുവഴി ആന ജനവാസമേഖലകളിലേക്ക് നീങ്ങുമ്പോൾ നാട്ടുകാർക്ക് മുൻകൂട്ടി ജാഗ്രതാ നിർദ്ദേശം നൽകാനും സാധിക്കുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.
മൂന്നാർ ഡി.എഫ്.ഒ. സാജു വർഗീസിന്റെ നേതൃത്വത്തിലാണ് വനംവകുപ്പ് ദൗത്യം ഏകോപിപ്പിക്കുന്നത്. ഫീൽഡ് തല വിവരങ്ങൾ നൽകാൻ ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ വിനോദ് കുമാർ ഡി.കെ.യും രംഗത്തുണ്ട്. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അനുമോദ്, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ഡോ. സിറിൾ എന്നിവരുടെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാരും വയനാട്ടിൽ നിന്നുള്ള ദ്രുതപ്രതികരണസേന (ആർ.ആർ.ടി)യും ഫോറസ്റ്റ് വാച്ചർമാരും അടക്കം നൂറോളം അംഗങ്ങളാണ് ദൗത്യത്തിലുള്ളത്. വയനാട് മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള വിക്രം, ഭരത് എന്നീ രണ്ട് അനുഭവസമ്പന്നരായ കുങ്കിയാനകളെ ചിന്നക്കനാലിലെത്തിച്ചിട്ടുണ്ട്. ചിന്നക്കനാൽ സിമന്റ് പാലത്തിലാണ് കുങ്കിത്താവളവും ബേസ് ക്യാമ്പും സജ്ജീകരിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ ആനയുടെ സഞ്ചാരപഥം കൃത്യമായി അറിയാൻ തെർമൽ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്.
ദൗത്യത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാഭരണകൂടം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബർ 24 മുതൽ 26 വരെ മേഖലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തി. നവംബർ 25, 26 തീയതികളിൽ തൊഴിലുറപ്പ് ജോലികളും തോട്ടം ജോലികളും നിർത്തിവെക്കാൻ നിർദ്ദേശിച്ചു. ദൗത്യത്തിന് തടസ്സമുണ്ടാകാതിരിക്കാൻ സ്വകാര്യ ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചു. വ്ലോഗർമാർ കാട്ടിലേക്ക് കയറരുതെന്ന് കർശന മുന്നറിയിപ്പ് നൽകി. എമർജൻസി മെഡിക്കൽ ടീമിനെയും ആംബുലൻസുകളെയും ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തൻപാറ, ദേവികുളം, മൂന്നാർ ടാറ്റാ ടീ ആശുപത്രി എന്നിവിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
ദൗത്യസംഘത്തിനു മുന്നിലെ വലിയ വെല്ലുവിളികൾ
ചിന്നക്കനാലിന്റെ ഭൂപ്രകൃതി 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. മാറി വരുന്ന മഴയും മഞ്ഞും കാഴ്ചാ തടസ്സമുണ്ടാക്കുന്നു. മൂടൽമഞ്ഞിറങ്ങാൻ കൂടി തുടങ്ങിയാൽ ‘മിഷൻ’ കൂടുതൽ നീണ്ടുപോകും.
ആനയിറങ്കൽ ഡാമിന്റെയും തുരുത്തുകളുടെയും സാന്നിധ്യം വലിയ വെല്ലുവിളിയാണ്. ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയോട് ചേർന്ന് നിൽക്കുന്ന സമയത്ത് മയക്കുവെടി വയ്ക്കുക അസാധ്യമാണ്. മയക്കുവെടിയേറ്റ ആന പരിഭ്രാന്തനായി വെള്ളത്തിലിറങ്ങിയാൽ ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ട്. ആനയിറങ്കൽ ഡാമിന് നടുവിലുള്ള തുരുത്തിലേക്ക് ആന കയറി നിൽക്കുമ്പോഴും ദൗത്യം സാധിക്കില്ല. ജനവാസമേഖലകളും കൃഷിയിടങ്ങളും തൊട്ടടുത്തു സ്ഥിതി ചെയ്യുന്നതിനാൽ, നാട്ടുകാർക്ക് അപകടമുണ്ടാകാതെ ആനയെ സുരക്ഷിതമായ മേഖലകളിലേക്ക് എത്തിക്കുന്നത് ഏറെ ശ്രമകരമാണ്.
മുൻപ് പടക്കം പൊട്ടിച്ചാൽ വിരണ്ടോടിയിരുന്ന ആന, ഇപ്പോൾ പടക്കം പൊട്ടിക്കുമ്പോൾ പ്രത്യാക്രമണത്തിന് മുതിരുന്ന സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ചക്കക്കൊമ്പൻ സാധാരണയായി രാവിലെ എട്ടു മണിയോടെ ഉറങ്ങുന്ന പതിവുണ്ട്. നേരത്തെ, വനംവകുപ്പ് തെർമൽ ഡ്രോൺ വഴി ലൊക്കേഷൻ കണ്ടെത്തിയിരുന്നു. ആനയെ പടക്കം പൊട്ടിച്ച് ശല്യപ്പെടുത്തിയാൽ അത് വിരണ്ടോടാനും സംഘത്തിന് നേരെ തിരിയാനും സാധ്യതയുള്ളതിനാൽ രാവിലെ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചു. ഡാം പരിസരത്തുനിന്നും തുരുത്തിൽനിന്നും ആനയെ സിമന്റ് പാലത്തിലേക്കോ മറ്റോ എത്തിച്ചാൽ മാത്രമേ ഡോക്ടർമാർക്ക് സുരക്ഷിതമായി മയക്കുവെടി വെക്കാൻ സാധിക്കൂ.
പ്രദേശത്തെ കനത്ത മൂടൽമഞ്ഞ് ആനയുടെ സാന്നിധ്യവും സഞ്ചാരപഥവും കൃത്യമായി കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. കൂടാതെ പകൽ വെയിൽ കടുത്താൽ മയക്കുവെടിയേറ്റ ആനയുടെ മയക്കം പെട്ടെന്ന് വിട്ടുപോകാനുള്ള സാധ്യതയുമുണ്ട്. ദൗത്യമേഖലയുടെ ചുറ്റുവട്ടത്തായി അഞ്ചോ ആറോ ആനകൾ അടങ്ങുന്ന മറ്റ് കാട്ടാനക്കൂട്ടങ്ങൾ നിൽക്കുന്നത് ദൗത്യസംഘത്തിന് ഭീഷണിയുയർത്തുന്നു.
റേഡിയോ കോളർ പോരാ, നാടുകടത്തണമെന്ന് നാട്ടുകാർ
ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് അതേ മേഖലയിൽ തുറന്നുവിടാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ ചിന്നക്കനാലിലെ പ്രദേശവാസികളും ജനപ്രതിനിധികളും കടുത്ത പ്രതിഷേധത്തിലാണ്. ചക്കക്കൊമ്പനെ നാടുകടത്തുക തന്നെ വേണം എന്നതാണ് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നിലപാട്. റേഡിയോ കോളർ അണിയിച്ച് ചക്കക്കൊമ്പനെ ഇതേ മേഖലയിൽ തന്നെ തുറന്നുവിട്ടാൽ ആന വീണ്ടും ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും മനുഷ്യജീവനുകൾക്ക് ഭീഷണിയാകുമെന്നും പ്രദേശവാസികൾ പറയുന്നു.
റേഡിയോ കോളർ ധരിപ്പിച്ചതുകൊണ്ട് മാത്രം ആന ജനവാസമേഖലയിൽ ഇറങ്ങി നടത്തുന്ന ആക്രമണങ്ങൾ തടയാൻ കഴിയില്ലന്ന് നാട്ടുകാർ പറയുന്നു. ആന എവിടെ നിൽക്കുന്നു എന്ന് ട്രാക്ക് ചെയ്യാം എന്നതൊഴിച്ചാൽ മനുഷ്യജീവനുകൾക്ക് സംരക്ഷണം ലഭിക്കില്ല. മുൻപ് അരിക്കൊമ്പനെ മാറ്റിയതുപോലെ ചക്കക്കൊമ്പനെയും ഇവിടെനിന്ന് മാറ്റിപ്പാർപ്പിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്നും അവർ അഭിപ്രായപ്പെടുന്നു.
'വനംവകുപ്പ് പടിഞ്ഞാറു വശത്തുള്ള വനഭൂമിയിൽ മുഴുവൻ യൂക്കാലി മരങ്ങൾ വച്ചുപിടിപ്പിച്ചു. ആനകൾക്ക് തിന്നാൻ പുല്ലോ സ്വാഭാവിക ഭക്ഷണത്തോ അവിടെയില്ല. വനത്തിനുള്ളിൽ നിൽക്കാൻ കഴിയാതെ വരുമ്പോഴാണ് ആനകൾ ജനവാസമേഖലയായ റവന്യൂ ഭൂമിയിലേക്ക് ഇറങ്ങുന്നത്. മയക്കുവെടിവെച്ച് ഇതേ സ്ഥലത്ത് തുറന്നുവിടുന്നത് ശാസ്ത്രീയമല്ല. പിടിക്കുകയാണെങ്കിൽ മാറ്റിപ്പാർപ്പിക്കണം, അല്ലങ്കിൽ വെറുതെ എന്തിനാണ് അതിനെ ഉപദ്രവിക്കുന്നത്?' - ചിന്നക്കനാൽ ജനജാഗ്രത സമിതി അംഗം മൈക്കിൾ ചോദിക്കുന്നു.
301 കോളനി, 80 ഏക്കർ കോളനി എന്നിവ കാട്ടാനകൾ പരമ്പരാഗതമായി സഞ്ചരിച്ചിരുന്ന 'ആനത്താരകൾ' ആയിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്ക് ആനത്താരയാണെന്ന ധാരണയില്ലാതെ ഭൂമി പതിച്ചുനൽകിയതാണ് ഇന്നത്തെ രൂക്ഷമായ മനുഷ്യ-ആന സംഘർഷത്തിന് കാരണമെന്നാണ് വനംവകുപ്പിന്റെയും വിദഗ്ധരുടെയും വിലയിരുത്തൽ. എങ്കിലും, തങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണം വേണമെന്നും ആനയെ നാടുകടത്തണമെന്നുമുള്ള ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ.
Content Highlights: Forest department launched Mission Chakkakomban to tranquilize and fit a radio collar on the rogue elephant in Chinnakanal, Idukki., Locals strongly protest releasing the elephant back into the same habitat, demanding relocation instead., Operations face heavy challenges due to dense fog, difficult terrain near Anayirankal Dam, and nearby wild elephant herds., Section 144 and tourism bans have been enforced across specific wards in Chinnakanal panchayat for the mission.