മിഷൻ ചക്കക്കൊമ്പൻ ആരംഭിച്ചു; ആന 301 കോളനിയിൽ, നീക്കംനിരീക്ഷിച്ച് മയക്കുവെടിവെക്കും

#ന്യൂസ് ഡെസ്ക്
ചക്കക്കൊമ്പന്‍ (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി
ചക്കക്കൊമ്പന്‍ (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി

ചിന്നക്കനാൽ: ചക്കക്കൊമ്പൻ മെരുങ്ങുമോ... അതോ, കാട്ടിൽ മറയുമോ. വരും മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം അതായിരിക്കും. ശല്യക്കാരൻ കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യത്തിന് തുടക്കമായി. ചൊവ്വാഴ്ച വൈകീട്ടുവരെ എൺപതേക്കർ ഭാഗത്ത് നിന്ന ചക്കക്കൊമ്പൻ ഇപ്പോൾ 301 കോളനിയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം.

വൻ സന്നാഹം

മുത്തങ്ങയിൽനിന്നെത്തിച്ച രണ്ട് കുങ്കിയാനകൾ (വിക്രമും ഭരത്തും). 100 പേരടങ്ങുന്ന ദൗത്യസംഘം. ഇതിൽ അഞ്ച് വെറ്ററിനറി ഓഫീസർമാർ. ട്രെക്കിങ് ടീം അംഗങ്ങൾ 15 പേർ. റേഡിയോ കോളർ ഉൾപ്പെടെയുള്ള എല്ലാ ഉപകരങ്ങളും രണ്ടുവീതം. എല്ലാം സജ്ജമാണ്. ഇനി സാഹചര്യം അനുകൂലമായാൽമാത്രം മതി.

മയക്കുവെടിവെച്ച് പിടിക്കാൻ നിരപ്പായ അഞ്ച് സ്‌പോട്ട് ദൗത്യസംഘം തിരഞ്ഞെടുത്തിട്ടുണ്ട്. ആനയെ ട്രാക്കുചെയ്താൽ ഇവിടേക്ക് അതിനെ എത്തിക്കാനാകും ശ്രമം.

എത്തിച്ചുകഴിഞ്ഞാൽ മയക്കുവെടിവെക്കും. മൂന്നുമിനിറ്റിനകം മയങ്ങിത്തുടങ്ങും. ശാന്തനായെന്ന് ഉറപ്പുവന്നാൽ, കുങ്കിയാനകളുടെ പുറത്തുകയറി ചക്കക്കൊമ്പന്റെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിക്കും. മഞ്ഞുമൂടിയ കാലാവസ്ഥയും ചിന്നക്കനാലിലെ ദുഷ്‌കരമായ ഭൂപ്രകൃതിയും ദൗത്യസംഘത്തിന് വെല്ലുവിളിയാണ്. എങ്കിലും, സാഹചര്യം അനുകൂലമാകും എന്നുതന്നെയാണ് പ്രതീക്ഷ. ചിന്നക്കനാൽ ഫാത്തിമമാതാ സ്‌കൂളാണ് ബേസ് ക്യാമ്പ്.

ഗൗരവം ചോരാതെ മോക്ഡ്രിൽ

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ സിമന്റുപാലം മേഖലയിൽ ദൗത്യസംഘം മോക്ഡ്രിൽ നടത്തി. ആദ്യം ഡ്രോണും മറ്റു സംവിധാനങ്ങളുമായി ഒരുസംഘം ബി.എൽ.റാം മേഖലയിലേക്ക് പോയി. പരിശോധനകൾക്കുശേഷം ആദ്യ കുങ്കിയാന ഭരത്തിനെ ആ ഭാഗത്തേക്ക് കൊണ്ടുപോയി. പിന്നാലെ മയക്കുവെടിസംഘവും ആനയുടെ ശരീരം തണുപ്പിക്കാനുള്ള വെള്ളവുമായി മൊബൈൽ ടാങ്കർ യൂണിറ്റും പോയി. മയക്കുവെടി വെക്കാനുള്ള സമയത്തിനുശേഷം രണ്ടാമത്തെ കുങ്കിയാന വിക്രമും സംഭവസ്ഥലത്തെത്തി.

കോളർ ധരിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ സംഘം അവലോകനംചെയ്തു. ഒരുമണിക്കൂറോളം മോക്ഡ്രിൽ നീണ്ടു.

വിദേശി കോളർ

അരിക്കൊമ്പന് ഘടിപ്പിച്ചത് ഡൽഹിയിൽനിന്ന് വരുത്തിച്ച 10 കിലോയുള്ള റേഡിയോ കോളറായിരുന്നു എങ്കിൽ, ചക്കക്കൊമ്പനെ ധരിപ്പിക്കുന്നത് വിദേശത്തുനിന്ന് വരുത്തിച്ച അഞ്ചുകിലോയുള്ള ആധുനികസംവിധാനങ്ങളോടുകൂടിയ റേഡിയോ കോളറാണ്. ഇതിന് അഞ്ചുമുതൽ ഏഴുവർഷംവരെ ബാറ്ററി കാലാവധി ഉണ്ടായിരിക്കും. ജി.പി.എസ്., റേഡിയോ സിഗ്‌നലുകൾ എന്നിവമുഖേന പ്രവർത്തിക്കുന്ന കോളറിൽനിന്നുള്ള സന്ദേശങ്ങൾ സി.സി.എഫ്., രണ്ട് ആർ.ഒ.മാർ, ഡി.എഫ്.ഒ. എന്നിവർക്ക് ലഭിക്കും.

അവധി പ്രഖ്യാപിച്ചു

ദൗത്യഭാഗമായി ചിന്നക്കനാൽ ഗ്രാമപ്പഞ്ചായത്തിലെ ആറ് വാർഡിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒൻപത്, 10, 11, 12 വാർഡുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുമാണ് അവധി.

ചികിത്സയ്ക്കും സജ്ജം

അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിനായി ചിന്നക്കനാൽ കുടുംബാരോഗ്യകേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തൻപാറ കുടുംബാരോഗ്യകേന്ദ്രം, ദേവികുളം സാമൂഹികാരോഗ്യകേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളിൽ 25-ന് രാവിലെ ഏഴുമുതൽ ആവശ്യമായ ഡോക്ടർമാർ, നഴ്സിങ് ജീവനക്കാർ, ആംബുലൻസ് സൗകര്യം, അടിയന്തരചികിത്സാ സംവിധാനങ്ങൾ എന്നിവ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Content Highlights: Mission Chakkakomban launched with a 100-member task force including five veterinary officers., Two kumki elephants, Vikram and Bharath, deployed for the operation., Advanced foreign-made GPS radio collar weighing 5 kg to be fitted on the elephant., Educational institutions in six wards of Chinnakkanal declared holiday.