'മിന്നൽ മാജിക്'; ഉദ്ഘാടനംവരെ അനിശ്ചിതത്വം, ലേബലടക്കം തയ്യാറാക്കി, പേരുമാറ്റം അവസാനനിമിഷം

#ന്യൂസ് ഡെസ്‌ക്
'മിന്നൽ' വേഗത്തിൽ പാലക്കാട് മേനോൻപാറ മലബാർ ഡിസ്റ്റിലറീസിൽ തുടങ്ങിയ വിദേശമദ്യനിർമാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും മദ്യക്കുപ്പികൾ നിർമാണപ്ലാന്റിലെ കൺവേയറിലൂടെ വരുന്നത് കാണുന്നു
'മിന്നൽ' വേഗത്തിൽ പാലക്കാട് മേനോൻപാറ മലബാർ ഡിസ്റ്റിലറീസിൽ തുടങ്ങിയ വിദേശമദ്യനിർമാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും മദ്യക്കുപ്പികൾ നിർമാണപ്ലാന്റിലെ കൺവേയറിലൂടെ വരുന്നത് കാണുന്നു

പാലക്കാട്: ഉദ്ഘാടനദിവസം രാവിലെവരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പുതിയ മദ്യത്തിന്റെ പേരിന്റെ കാര്യത്തിൽ ബിവറേജസ് കോർപ്പറേഷൻ തീരുമാനത്തിലെത്തിയത്. മലബാർ മിസ്റ്ററി എന്ന പേരിൽ ലേബലും മദ്യം പായ്ക്ക് ചെയ്യാനുള്ള ഹാർഡ്‌ബോർഡ് പെട്ടികളും പ്ലാന്റിൽ തയ്യാറാക്കിയിരുന്നു. സാംപിൾ ബ്ലെൻഡിങ്ങും ഇതേ ലേബലുകളിലാണ് നടന്നത്. ശനിയാഴ്ച രാവിലെ മന്ത്രിയുടെ ഓഫീസ് നിർദേശപ്രകാരം പേര് 'മിന്നൽ മാജിക്' എന്നാക്കി മാറ്റുകയായിരുന്നു. ഉദ്ഘാടനച്ചടങ്ങിനിടെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ തയ്യാറാക്കിയ 18 കെയ്സ് മദ്യവും ലേബലില്ലാതെയാണ് ഇറക്കിയത്. ഹാർഡ്‌ബോർഡ് പെട്ടികളിൽ മലബാർമിസ്റ്ററി എന്നെഴുതിയഭാഗം മറയ്ക്കുകയും ചെയ്തു.

'മലബാർ മിസ്റ്ററി', 'മലബാർ മിസ്റ്റ്' എന്നീ പേരുകളിലെ മലബാർ എന്നത് മുൻപ് പൊതുജനങ്ങൾ സാമൂഹികമാധ്യമത്തിലൂടെ നിർദേശിച്ച പേരുകളിൽ ഉൾപ്പെട്ടിരുന്നു. സമ്മാനം പ്രഖ്യാപിച്ച് സാമൂഹികമാധ്യമത്തിലൂടെ പേരുക്ഷണിച്ച സംഭവത്തിൽ ഹൈക്കോടതി വിമർശനവും സ്റ്റേയും വന്നതോടെ ബെവ്‌കോ വെട്ടിലായിരുന്നു. 'മലബാർ' എന്ന് മദ്യത്തിനുമുമ്പിൽ ചേർക്കുന്നതിൽ ആക്ഷേപമുന്നയിച്ച് എം.ബി. രാജേഷിന് മലബാർമേഖലയിൽനിന്ന് പരാതിയും എത്തി. വിവാദം കനത്തതോടെ മറ്റൊരുപേര് വേണമെന്ന് മന്ത്രിയുടെ ഓഫീസ് നിർദേശിക്കയായിരുന്നു. പേരുസംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ മദ്യ ബ്രാൻഡിന് മികച്ച പ്രചാരം നൽകിയതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

മലബാർ ഡിസ്റ്റിലറീസിൽ ഉത്പാദനം തുടങ്ങി

പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന ബ്രാൻഡി അവസാനനിമിഷത്തെ പേരുമാറ്റത്തോടെ 'മിന്നൽമാജിക്' എന്നപേരിൽ പുറത്തിറക്കി. മേനോൻപാറയിലെ കമ്പനിഹാളിൽനടന്ന ചടങ്ങിൽ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പ്ലാന്റ് ഉദ്ഘാടനംചെയ്തു.

വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. അരലിറ്റർ കുപ്പിക്ക് 400 രൂപയാണ് വില. ഒരുമാസത്തിനുള്ളിൽ ബെവ്‌കോ ഔട്ട്ലെറ്റുകളിലൂടെ മദ്യം വില്പനയ്ക്കെത്തും. നേരത്തേ 'മലബാർ മിസ്റ്ററി' എന്നപേരിലാണ് മദ്യം ഇറക്കുന്നതെന്ന് വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ, 'മലബാർ' എന്ന് ഉപയോഗിക്കുന്നതിൽ പരാതിയുയർന്നതോടെ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പേരു മാറ്റാൻ നിർദേശിച്ചത്.

മോനോൻപാറയിൽ പൂട്ടിപ്പോയ ചിറ്റൂർ സഹകരണ ഷുഗർഫാക്ടറിയുടെ പുനരുദ്ധാരണഭാഗമായി സ്ഥാപിച്ച മലബാർ ഡിസ്റ്റിലറീസ് കമ്പനിയുടെ ആദ്യ സംരംഭമാണിത്. നാലരമാസംകൊണ്ടാണ് പ്ലാന്റ് സജ്ജീകരിച്ചത്. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സിൽനിന്നുള്ള 'ജവാൻ' റമ്മിനുശേഷം സർക്കാർതലത്തിൽ പുറത്തിറക്കുന്ന രണ്ടാമത്തെ ബ്രാൻഡാണ് മിന്നൽമാജിക് ബ്രാൻഡി.

75,000 ചതുരശ്രയടി വിസ്തീർണമുള്ള പ്ലാന്റിൽ മൂന്ന് ലൈൻ സ്വയംനിയന്ത്രിത ബോട്ടിലിങ് പ്ലാന്റാണ് സജ്ജീകരിക്കുന്നത്. ഇതോടെ ദിവസം 13,500 കെയ്‌സ് വീതം (1.08 ലക്ഷം ലിറ്റർ) മദ്യം ഉത്പാദിപ്പിക്കാനാവും. നിലവിൽ ഒരു ബോട്ടിലിങ് യന്ത്രത്തിലൂടെ ദിവസം 3,500 കെയ്‌സ് മദ്യമാണ് ഉത്പാദിപ്പിക്കുന്നത്.

Content Highlights: Discover the dramatic last-minute name change of a new liquor brand from `Malabar Mystery` to `Minnal Magic` in Palakkad, Kerala.