റഹീം പോയത് ഗ്രാമർ പരീക്ഷയ്ക്കല്ല; പൊതുവിഷയത്തിൽ പ്രതികരിക്കാൻ - മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: എ.എ. റഹീമിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റഹീം ഒരു പൊതുവിഷയത്തിൽ ഇടപെടാനാണ് പോയതെന്നും അവിടെ പ്രതികരണത്തിനാണ് മറിച്ച് ഗ്രാമർ നോക്കി സംസാരിക്കുന്നതിനല്ല പ്രാധാന്യമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
'സൈബർ ആക്രമണം നടത്തുന്നവരുടെ വിചാരം അവർ ലോക പണ്ഡിതർ ആണെന്നാണ്. റഹീമിന് അറിയാവുന്ന ഭാഷയിൽ കമ്മ്യൂണിക്കേറ്റ് ചെയ്തു. അയാൾ ഒരു പൊതുവിഷയത്തിൽ പ്രതികരിക്കാനാണു പോയത്. അല്ലാതെ ഗ്രാമറിന്റെ പരീക്ഷ എഴുതാൻ അല്ല.' മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എംഎൽഎയുടെ വട്ടിയൂർക്കാവിലെ ഓഫീസുമായി ബന്ധപ്പെട്ട് ശബരീനാഥൻ പങ്കുവെച്ച പോസ്റ്റിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. പ്രശാന്ത് അനിയനെപോലെ ആണെന്ന് പറഞ്ഞിട്ട് നീതിയും ന്യായവും ഇല്ലാത്ത പ്രവൃത്തിയാണ് ഇപ്പോൾ ചെയ്തത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പാറശാല ബ്ലോക്ക് ഓഫീസിൽനിന്ന് വിഎസിന്റെ ചിത്രം എടുത്തു മാറ്റിയത് മര്യാദകേടാണെന്നും സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു.
'തിരഞ്ഞെടുപ്പ് സമയമായിട്ടുപോലും കുറ്റക്കരെയെല്ലാം അറസ്റ്റ് ചെയ്യട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. അതേസമയം, കോൺഗ്രസ് ഇപ്പോഴും പറയുന്നില്ല സോണിയ ഗാന്ധിയുടെ അടുത്ത് പോറ്റിയെ കൊണ്ടുപോയത് ആരാണെന്ന്. ഒരു പ്രാവശ്യമാണ് പോയതെങ്കിൽ പ്രസാദം കൊടുക്കാൻ പോയതാണെന്ന് പറയാം. വീണ്ടും വീണ്ടും പോയാൽ അതിന് പിന്നിൽ എന്താണെന്ന് ജനം സംശയിച്ചാൽ, അതിൽ തെറ്റ് പറയാൻ പറ്റില്ല.' മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം ഒരു മാസത്തിനകം പുറപ്പെടുവിക്കാൻ തീരുമാനമായതായി മന്ത്രി അറിയിച്ചു. 'തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. നാമമാത്രമായ ശമ്പള വർധനവ് മാത്രമാണ് മാനേജ്‌മെന്റുകൾ മുന്നോട്ടുവെച്ചത്.' മന്ത്രി പറഞ്ഞു.
മന്ത്രി വിളിച്ച യോഗത്തിൽ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. 'തൊഴിലാളികൾക്ക് കാലാനുസൃതമായ ശമ്പളം ലഭിക്കാൻ സർക്കാർ ഇടപെടും. മാനേജ്‌മെന്റുകളുടെ വാശിക്ക് വിട്ടുകൊടുക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം. സർക്കാർ നിശ്ചയിച്ച മിനിമം വേതനം മാനേജ്‌മെന്റുകൾ അംഗീകരിക്കണം.' മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ ജനുവരി 14 മുതൽ 18 വരെയായിരിക്കും നടക്കുക എന്നും മന്ത്രി അറിയിച്ചു. 'തേക്കിൻകാട് മൈതാനം പ്രധാന വേദിയാകും. 25 വേദികളിലായി മത്സരങ്ങൾ നടക്കും. 249 ഇനങ്ങൾ. 15,000 മത്സരാർഥികൾ മാറ്റുരയ്ക്കും. വിദ്യാർത്ഥികളുടെ ബയോഡേറ്റ അടക്കം പരിശോധിക്കും.' മന്ത്രി പറഞ്ഞു.
Content Highlights: Kerala Minister V. Sivankutty defends A.A. Rahim`s public statement, criticizes cyber-attacks, and addresses other political and public issues. Learn more.