മാധ്യമപ്രവർത്തകരും ജനങ്ങളും വിനീത വിധേയരും ദാസന്മാരുമായി നിൽക്കണമെന്ന മാടമ്പി ആക്രോശങ്ങൾ കേരളത്തിൽ വിലപ്പോവില്ല- ആർ ബിന്ദു

തിരുവനന്തപുരം: ന്യായമായ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയ്ക്ക് നേരെ കയർത്തു സംസാരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മാധ്യമപ്രവർത്തകരും ജനങ്ങളും വിനീത വിധേയരും ദാസന്മാരുമായി നിൽക്കണമെന്ന മട്ടിലുള്ള മാടമ്പി ആക്രോശങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ലെന്നും മാടമ്പി മേലാളിത്തങ്ങളെ കെട്ടുകെട്ടിച്ച മണ്ണാണ് കേരളത്തിന്റെതെന്നും മന്ത്രി പറഞ്ഞു.
ഗോദി മീഡിയ ആകുകയാണ് കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വഴിയെന്നാണ് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ധരിച്ചുവെച്ചിരുന്നതെങ്കിൽ ആ ധാരണ തിരുത്താൻ ഒരു മാധ്യമപ്രവർത്തക തന്നെ ഉണ്ടായത് അഭിമാനകരമാണ്. വിമർശകരായ മാധ്യമപ്രവർത്തകർക്ക് നേർക്കുള്ള ഭീഷണികളാണ് ഗോദി മീഡിയയെ വളർത്താനും നിഷ്പക്ഷ മാധ്യമപ്രവർത്തനത്തെ തളർത്താനും സംഘപരിവാറിന് പ്രധാന ആയുധം.
ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ എന്തുകൊണ്ടാണ് ഇന്ത്യ വാലറ്റത്തു നിൽക്കുന്നതെന്ന് തെളിയിക്കുകയാണ് മുൻ കേന്ദ്ര മന്ത്രി ചെയ്തത്. സത്യത്തോട് പക്ഷം പിടിക്കുകയെന്നതിൽ വിട്ടുവീഴ്ച ചെയ്യാതെ എങ്ങനെയാണ് ലോകമെങ്ങുമുള്ള മാധ്യമപ്രവർത്തകർ മാധ്യമധർമ്മത്തെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് തെളിയിക്കുകയാണ് മാധ്യമപ്രവർത്തക സുലേഖ ചെയ്തത്. മന്ത്രി പറഞ്ഞു.
Content Highlights: Minister R Bindu criticizes BJP state president`s behavior towards a journalist, defending press freedom and denouncing feudal attitudes.