മെസ്സി വിവാദം; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലുൾപ്പെടെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി റെയ്ഡ്

#ന്യൂസ് ഡെസ്‌ക്
റിപ്പോര്‍ട്ടര്‍ ടിവി മേധാവി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ എസ്‌ഐടി സംഘം റെയ്ഡിനെത്തിയപ്പോള്‍ |ഫോട്ടോ:ഷമീർ മച്ചിങ്ങൽ
റിപ്പോര്‍ട്ടര്‍ ടിവി മേധാവി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ എസ്‌ഐടി സംഘം റെയ്ഡിനെത്തിയപ്പോള്‍ |ഫോട്ടോ:ഷമീർ മച്ചിങ്ങൽ

കൊച്ചി: മെസ്സി വിവാദത്തിൽ അഞ്ച് സ്ഥലങ്ങളിൽ എസ്.ഐ.ടി പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് എസ്.ഐ.ടി പരിശോധന നടക്കുന്നത്. ഇന്ന് പുലർച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്. എസ്.ഐ.ടി രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രത്യക്ഷനടപടികൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്‌പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത റെയ്ഡ് നടക്കുന്നത്.

വലിയതോതിലുള്ള തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ജിഎസ്ടി വകുപ്പിന്റെ അടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പുലർച്ചെ മുതലുള്ള റെയ്ഡെന്നാണ് വിവരം.

റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഐടി സംഘം റെയ്ഡിനെത്തിയപ്പോൾ |ഫോട്ടോ:മാതൃഭൂമി

സുപ്രധാന രേഖകൾ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പരിശോധന. കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്. ആർബിസിയുടെ ഓഫീസ് ഉൾപ്പെടുന്ന റിപ്പോർട്ടർ ചാനലിന്റെ കെട്ടിടത്തിലും പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്.

സ്‌പോൺസർഷിപ്പ് പദ്ധതി കള്ളപ്പണം വെളുപ്പിക്കലിനും നികുതി വെട്ടിക്കലിനും വേണ്ടി നടത്തിയ നീക്കമായിരുന്നുവെന്നാണ് കായിക വകുപ്പ് കണ്ടെത്തിയത്.  സ്പോൺസറെ നിശ്ചയിച്ചതിൽ ഗുരുതര ചട്ടലംഘനങ്ങൾ ഉണ്ടായെന്നും അർജന്റീന ടീം സന്ദർശനം സ്വീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപയാണ് കൈമാറിയത്. 126 കോടി രൂപയിൽ 77.16 കോടി രൂപ 2025 ജൂണിലും ബാക്കിത്തുക നവംബറിലുമാണ് വിദേശ അക്കൗണ്ടിലേക്ക് മാറ്റിയത്.

സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയും തട്ടിപ്പ് ആരോപണങ്ങളും അന്വേഷിക്കാൻ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്. സ്പോൺസർ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ സ്രോതസ്സും, ഈടായി നൽകിയ ഭൂമിയുടെ വിലയിൽ ഒരു വർഷംകൊണ്ട് ഉണ്ടായ അസാധാരണ വർധനവും കൂടാതെ ഫെമ ചട്ടങ്ങൾ ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചതിനെക്കുറിച്ചുമൊക്കെയാണ് നിലവിൽ അന്വേഷണം നടക്കുന്നത്. 

ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ സാമ്പത്തിക ക്രമക്കേടുകളും നികുതി വെട്ടിപ്പ് ആരോപണങ്ങളും വലിയ വിവാദമായി ഉയർന്നു വന്നിരുന്നു.

കായികവകുപ്പും സംസ്ഥാന ജി.എസ്.ടി വകുപ്പും നടത്തിയ അന്വേഷണങ്ങളിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് ഇത് വലിയൊരു രാഷ്ട്രീയ-സാമ്പത്തിക വിവാദമായി മാറിയത്.

ഇത്രയും വലിയൊരു അന്താരാഷ്ട്ര ഇവന്റിന്റെ സ്പോൺസർഷിപ്പ് ടെൻഡറുകൾ ഒന്നും കൂടാതെ ഒരു സ്വകാര്യ കമ്പനിക്ക് നൽകിയതിൽ മുൻ എൽ.ഡി.എഫ് സർക്കാരിലെ കായികവകുപ്പിന് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. നികുതി വെട്ടിപ്പ് കണ്ടെത്താൻ വൈകിയതിൽ ചില ജി.എസ്.ടി ഉദ്യോഗസ്ഥർ സ്പോൺസർമാർക്ക് ഒത്താശ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. മാത്രവുമല്ല, മെസ്സിയും സംഘവും കേരള സന്ദർശനം ഔദ്യോഗികമായി സ്വീകരിച്ചിരുന്നോ എന്നതിലും വ്യക്തമായ തെളിവുകളില്ല

Content Highlights: Kerala authorities conduct simultaneous investigations at five locations amid Messi visit row, including homes and offices linked to the controversy.