മദ്യനികുതി: പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

#ന്യൂസ് ഡസ്ക്
എംബി രാജേഷ് | ഫോട്ടോ: അരുണ്‍ കൃഷ്ണൻകുട്ടി/മാതൃഭൂമി
എംബി രാജേഷ് | ഫോട്ടോ: അരുണ്‍ കൃഷ്ണൻകുട്ടി/മാതൃഭൂമി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ നാട്ടിൽ മുഴുവൻ മദ്യമൊഴുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുൻമന്ത്രി എംബി രാജേഷ്. കേരളത്തിൽ മദ്യം ഒഴുക്കി, നികുതിയിളവിലൂടെ സർക്കാരിന് വലിയ വരുമാനനഷ്ടമുണ്ടാക്കുന്നതിന് പിന്നിലെ താൽപര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. കർണാടക മദ്യലോബിയാണ് ഇതിന് പിന്നിലുളളത്. ഇതിന് എത്ര കിട്ടിയെന്ന് വി.ഡി സതീശൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീര്യംകുറഞ്ഞ മദ്യമെന്ന പേരിൽ ലഭ്യമാക്കുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിർമിക്കുന്ന മദ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ അനുമതി കൊടുത്തിരുന്നു. അത് കൃഷിക്കാരെ സഹായിക്കാനാണ്. അന്ന് അതിന് വൈനിന്റെ അതേ നികുതിയാണ് ഏർപ്പെടുത്തിയത്. ഇത്തരം മദ്യത്തിന് 251 ശതമാനമാണ് ഇപ്പോൾ നികുതിയുള്ളത്. സ്പിരിറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ഈ മദ്യത്തിനാണ് 120 ശതമാനമാക്കി നികുതി കുറച്ചത്. ഒരൊറ്റ കമ്പനിയുടെ ആവശ്യമായിരുന്നു അത്. ഇതേ ആവശ്യമുന്നയിച്ച് ആ കമ്പനി എൽഡിഎഫ് സർക്കാരിനേയും സമീപിച്ചിരുന്നു. എന്നാൽ, അന്ന് സർക്കാർ അതിന് വഴങ്ങിയില്ല. നികുതി കുറച്ചത് ഈ കമ്പനിക്ക് വലിയ വിപണി കിട്ടാൻ സഹായിക്കും. അതിനുള്ള സഹായമാണ് സർക്കാർ നൽകിയത്.

ഇത് റെഡി ടു ഡ്രിങ്ക് പാനീയമാണ്. നികുതി കുറയ്ക്കുമ്പോൾ അത് വ്യാപകമാവും, സുലഭമാവും. ശീതളപാനീയം പോലെ കുട്ടികളും യുവജനങ്ങളും അത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. മദ്യത്തിനെതിരേ വലിയ പ്രചാരണം നടത്തിയവരാണ് ഇത്തരം തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ ആവശ്യം വന്നപ്പോൾ അതിന്റെ ദോഷവശങ്ങൾ ആലോചിച്ച് ആ തീരുമാനത്തിൽനിന്ന് പിന്മാറിയിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ച് പറയുന്ന ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് നികുതിയിളവിലൂടെ കുറഞ്ഞത് 600 കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടാക്കുന്നത്. ഈ ത്യാഗം സഹിക്കാനുണ്ടായ കൊടുക്കൽവാങ്ങൽ എന്താണെന്ന് പുറത്തുവരണം. സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള വിസ്മയമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ഇരുട്ടടി നൽകുന്ന ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്നും എബി രാജേഷ് ആരോപിച്ചു. 1534 കോടി രൂപ ബജറ്റിൽ വെട്ടിക്കുറച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: MB Rajesh alleges a 600 crore revenue loss due to alcohol tax cuts in the 2026 budget., Claims the move benefits a single private company linked to the Karnataka liquor lobby., Warns that ready-to-drink beverages will become easily accessible to youth and children., Highlights a 1534 crore budget cut for local self-government institutions., Accuses the government of violating election promises.