'നാളെ കേൾക്കുമായിരുന്നൊരു ചിയേഴ്സ് ഇന്നുസന്ധ്യയ്ക്ക് വീണുടഞ്ഞ ആഘാതം'; കുഞ്ഞാമന്റെ മരണത്തില്‍ മേതിൽ

തിരുവനന്തപുരം: പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമന്റെ മരണത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്‍. നാളെ കേള്‍ക്കുമായിരുന്നൊരു ചിയേര്‍സ് ഇന്ന് സന്ധ്യയ്ക്ക് ചുവട്ടില്‍ വീണുടഞ്ഞതിന്റെ ആഘാതമായി മനസ്സില്‍ നില്‍ക്കുകയാണ് കുഞ്ഞാമനെന്ന് അദ്ദേഹം പറഞ്ഞു.
'സുഹൃത്തുക്കളായ ജോണിയും വിഷ്ണുവും ഞാനും മാത്രമുള്ളൊരു കൂടിച്ചേരലില്‍ എന്റെ സന്തോഷം കെടുത്തിക്കൊണ്ട് സംഭവിച്ചൊരു നാലാമനായാണ് ഞാന്‍ കുഞ്ഞാമനെ ആദ്യമായി കാണുന്നത്. പക്ഷേ, മിനുറ്റുകള്‍ക്കുള്ളില്‍ ഞങ്ങള്‍ക്കിടയിലെ ഹൃദ്യ സംഭാഷണത്തില്‍ ജോണിയും വിഷ്ണുവും കേള്‍വിക്കാരുടെ പദവിയിലായി. നാളെ കേള്‍ക്കുമായിരുന്നൊരു ചിയേര്‍സ് ഇന്ന് സന്ധ്യയ്ക്ക് ചുവട്ടില്‍ വീണുടഞ്ഞതിന്റെ ആഘാതമായി മനസ്സില്‍ നില്‍ക്കുന്നു കുഞ്ഞാമന്‍', മേതിലിന്റെ വാക്കുകള്‍.
ഡോ. എം. കുഞ്ഞാമനെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞാമനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയ സുഹൃത്തും പൊതുപ്രവര്‍ത്തകനുമായ കെ.എം ഷാജഹാനാണ് അദ്ദേഹത്തിന്റെ മൃതദേഹം ആദ്യം കണ്ടത്.
ദീര്‍ഘകാലം കേരള സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമന്‍. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിച്ചത്. ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന ദളിത് ചിന്തകനും എഴുത്തുകാരനുമായിരുന്ന കുഞ്ഞാമന്‍ ദളിത്-സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
Content Highlights: maythil radhakrishnan reacts to m Kunjaman's death