മാതാ അമൃതാനന്ദമയി ദേവിയുടെ ഭാരതപര്യടനം; 38 ദിവസം നീളുന്ന യാത്രയ്ക്ക് നാളെ തുടക്കം

#ന്യൂസ് ഡെസ്ക്
മാതാ അമൃതാനന്ദമയി
മാതാ അമൃതാനന്ദമയി

അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ ഭാരതപര്യടനത്തിന് ഒക്ടോബർ 29-ന് തുടക്കമാവും. അമൃതപുരിയിൽനിന്ന് വ്യാഴാഴ്ച പുലർച്ചയോടെ യാത്ര തുടങ്ങുന്ന അമ്മയുടെ കേരളത്തിലെ ആദ്യത്തെ പരിപാടി വയനാട് മാനന്തവാടിയിലാണ്. ഒക്ടോബർ 30, 31 തീയ്യതികളിലായി നടക്കുന്ന മാനന്തവാടി ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിൽ മുഖ്യകാർമ്മികത്വം വഹിക്കുന്ന അമ്മ തുടർന്ന് മൈസൂർ, ബാംഗ്ളൂർ, ഹൈദരാബാദ്, പുണെ, മുംബൈ, അഹമ്മദാബാദ്, ന്യൂഡൽഹി, ഫരീദാബാദ്, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യും.

അഹമ്മദാബദ്, ഫരീദാബാദ് എന്നിവടങ്ങളിൽ ഒഴികെ ബാക്കിയെല്ലായിടത്തും നടക്കുന്ന ബ്രഹ്മസ്ഥാന വാർഷിക മഹോത്സവ ചടങ്ങുകളിൽ അമ്മ സംബന്ധിക്കും. നവംബർ 21-ന് അഹമ്മദാബാദിലെ പൊതു പരിപാടിയിലാണ് അമ്മ പങ്കെടുക്കുക. ഫരീദാബാദിൽ അമൃത ആശുപത്രിയിലാണ് പരിപാടി.

ഒക്ടോബർ 30 മുതൽ ഡിസംബർ ആറുവരെയുള്ള 38 ദിവസം നീളുന്ന പര്യടനത്തിൽ രാജ്യത്തെ 10 നഗരങ്ങളിൽ അമ്മ സഞ്ചരിക്കും. റോഡ് മാർഗമായിരിക്കും യാത്ര. മാതാ അമൃതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസി- സന്യാസിനിമാരും ബ്രഹ്മചാരി-ബ്രഹ്മചാരിണിമാരും വിദേശികളടക്കമുള്ള ആശ്രമ അന്തേവാസികളും ഉൾപ്പടെ ആയിരത്തോളം പേർ അമ്മയെ ഭാരതയാത്രയിൽ അനുഗമിക്കുന്നുണ്ട്. ഡിംസബർ‌ അഞ്ച്, ആറ് തീയതികളിലായി കൊൽക്കത്തയിൽ നടക്കുന്ന ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന് ശേഷം അമ്മ അമൃതപുരിയിലേയ്ക്ക് മടങ്ങും.

Content Highlights: Mata Amritanandamayi's 38-day Bharat Yatra begins tomorrow., The yatra covers 10 cities across India including Wayanad, Bangalore, Mumbai, and Kolkata., Over 1,000 ashram residents and devotees are accompanying Amma on the road journey.