മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ സര്‍വീസ് റോഡ് ഒലിച്ചുപോയി; മൂന്നാംദിവസവും ഗതാഗതക്കുരുക്ക്

കല്ലിടുക്കില്‍ ദേശീയപാത സര്‍വീസ്‌റോഡിലെ ടാര്‍ പൂര്‍ണമായും ഒലിച്ചുപോയനിലയില്‍, മുടിക്കോട്ട് തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ഗതാഗതക്കുരുക്ക്
കല്ലിടുക്കില്‍ ദേശീയപാത സര്‍വീസ്‌റോഡിലെ ടാര്‍ പൂര്‍ണമായും ഒലിച്ചുപോയനിലയില്‍, മുടിക്കോട്ട് തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ഗതാഗതക്കുരുക്ക്

പട്ടിക്കാട്(തൃശ്ശൂര്‍): മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയില്‍ അടിപ്പാതനിര്‍മ്മാണം നടക്കുന്ന മുടിക്കോട്, കല്ലിടുക്ക് മേഖലകളില്‍ സര്‍വീസ് റോഡിലെ ടാര്‍ മഴയില്‍ ഒലിച്ചുപോയി. കനത്ത മഴയില്‍ വെള്ളം റോഡിനു കുറുകെ ഒഴുകിയതാണ് കാരണം. കാനകള്‍ ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം.

റോഡ് തകര്‍ന്ന ഭാഗങ്ങളില്‍ ക്വാറിച്ചെളി ഉപയോഗിച്ചാണ് ഇപ്പോഴും കുഴിയടയ്ക്കല്‍ നടത്തുന്നത്. ദേശീയപാതയില്‍ നിര്‍മാണം നടത്തുന്ന സമയത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുള്ളതാണ്. ഇത് പാലിക്കാതെയാണ് നിര്‍മാണം. സുരക്ഷിതയാത്ര ഒരുക്കിയിട്ടില്ലെന്നത് മാത്രമല്ല അപകടമേഖലയെ കാണിക്കുന്ന സൂചനാബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല.ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ സുരക്ഷാജീവനക്കാരെ ഉപയോഗിച്ച് ഗതാഗതനിയന്ത്രണം നടത്താന്‍പോലും നിര്‍മാണക്കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.

മണിക്കൂറുകളോളം കുരുക്കില്‍പ്പെട്ടും ഇന്ധനനഷ്ടം സഹിച്ചും യാത്ര ചെയ്യുമ്പോഴും ടോള്‍ നല്‍കുന്നതില്‍ കുറവൊന്നുമില്ല.

മൂന്നാംദിവസവും ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്

പട്ടിക്കാട്: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും വന്‍ ഗതാഗതക്കുരുക്ക്. രാവിലെ പാലക്കാട്ടു നിന്ന് തൃശ്ശൂരിലേക്കുള്ള പാതയിലും വൈകീട്ട് തൃശ്ശൂരില്‍നിന്ന് പാലക്കാട്ടേയ്ക്കുള്ള പാതയിലുമാണ് കുരുക്ക് രൂക്ഷമായത്. അടിപ്പാതനിര്‍മാണം നടക്കുന്ന മുടിക്കോട്, കല്ലിടുക്ക് മേഖലകളിലാണ് കുരുക്കുണ്ടായത്.

ഗതാഗതക്കുരുക്കില്‍പ്പെട്ട് സമയക്രമം പാലിക്കാനാകാതെ സ്വകാര്യ ബസുകള്‍ പലതും സര്‍വീസ് നിര്‍ത്തിവെച്ചു. ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ കുരുക്കില്‍നിന്ന് രക്ഷപ്പെട്ടു.

രാവിലെ അഞ്ചിന് തുടങ്ങിയ ഗതാഗതക്കുരുക്ക് ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലിന് തുടങ്ങിയ കുരുക്ക് രാത്രി ഏറെ വൈകിയും നീണ്ടു. അശാസ്ത്രീയമായി ഗതാഗതനിയന്ത്രണം നടത്തിയതാണ് മുടിക്കോട്ടെ കുരുക്കിന് കാരണം.

മൂന്നു വരിയിലൂടെ കടന്നുവരുന്ന വാഹനങ്ങളെ അര കിലോമീറ്റര്‍ ഒറ്റവരിയില്‍ കടത്തിവിടുന്നതാണ് പ്രതിസന്ധിക്ക് കാരണം. വീതി കുറഞ്ഞ ഈ ഒറ്റവരിയില്‍ ഒരു സമയം ഒരു വാഹനത്തിന് കഷ്ടിച്ചു മാത്രമേ കടന്നുപോകാന്‍ കഴിയൂ. റോഡിലെ കുഴിയില്‍ ഭാരമേറിയ ചരക്കുവാഹനങ്ങള്‍ സാവധാനം ഇറങ്ങിക്കയറുമ്പോള്‍ ഉണ്ടാകുന്ന അധികസമയമാണ് വാഹനങ്ങളുടെ നിര നീളുന്നത്.


 

Content Highlights: Major traffic jam on Mannuthy-Vadakkancheri National Highway near Pattikkad