മാനവീയം വീഥിയിലെ കലാവിലക്ക്: മന്ത്രി ഇടപെട്ടിട്ടും അയയാതെ മേയർ, കൂട്ടായ്മയെക്കുറിച്ച് അറിയില്ലെന്ന് വി.വി. രാജേഷ്

#ന്യൂസ് ഡെസ്ക്
വി.വി. രാജേഷ്, പി.സി. വിഷ്ണുനാഥ് | Photo: മാതൃഭൂമി
വി.വി. രാജേഷ്, പി.സി. വിഷ്ണുനാഥ് | Photo: മാതൃഭൂമി

തിരുവനന്തപുരം: വെള്ളയമ്പലം മാനവീയം വീഥിയിൽ കലാസന്ധ്യയ്ക്ക് അനുമതി നിഷേധിച്ച തിരുവനന്തപുരം കോർപ്പറേഷന്റെ നടപടിക്കെതിരേ മന്ത്രി പി.സി.വിഷ്ണുനാഥും പ്രതിപക്ഷ കൗൺസിലർമാരും രംഗത്ത്. എന്നാൽ മന്ത്രി ഇടപെട്ടിട്ടും തീരുമാനത്തിൽ അയവ് വരുത്താതെ മേയർ വി.വി.രാജേഷ്. മാനവീയം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗായിക പുഷ്‌പവതിയുടെ പരിപാടിക്കാണ് കോർപ്പറേഷൻ അനുമതി നിഷേധിച്ചത്.

മാനവീയം വീഥി രജതജൂബിലി ആഘോഷക്കമ്മിറ്റി എന്നൊരു കൂട്ടായ്മ ഉള്ളതായി അറിയില്ലെന്നും ആ സംഘടനയ്ക്ക് ആധികാരികത ഇല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും മേയർ ആവർത്തിച്ചു. കോർപ്പറേഷന് കീഴിലാണ് മാനവീയം വീഥി. അതേ പേര് ഉപയോഗിച്ച് സംഘടന രൂപവത്‌കരിച്ചാൽ അത് കോർപ്പറേഷനെ അറിയിക്കുകയും കോർപ്പറേഷനുമായി ബന്ധിപ്പിക്കുന്ന ഏതെങ്കിലും രേഖകൾ സമർപ്പിക്കുകയും വേണം. അല്ലെങ്കിൽ കോർപ്പറേഷന്റെ പ്രതിനിധി അതിലുണ്ടാകണം. അങ്ങനെയുണ്ടെങ്കിൽ അനുമതി നൽകും-മേയർ വി.വി.രാജേഷ് പറഞ്ഞു.

അതേസമയം കോർപ്പറേഷന്റെ നിലപാടിനെതിരേ മന്ത്രി പി.സി.വിഷ്ണുനാഥ് രംഗത്തെത്തി. അവസരം നിഷേധിക്കപ്പെടുന്ന കലാകാരൻമാർക്ക് അവസരം നൽകലാണ് സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവാദിത്വമെന്നും അത് നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു. പുഷ്പവതിയുടെ പാട്ടിന് നിരോധനം ഏർപ്പെടുത്തിയത് ഒരിക്കലും അംഗീകരിക്കാനാകില്ല. മലയാളത്തിലെ അറിയപ്പെടുന്ന കലാകാരിയും സംഗീതനാടക അക്കാദമി വൈസ് ചെയർപേഴ്‌സണുമൊക്കെയായിരുന്നു അവർ. മാനവീയം വീഥി ഇത്തരത്തിൽ കലാപ്രകടനങ്ങൾ നടത്താനുള്ള ഇടമാണ്. ഇവിടെ കലയ്ക്ക് വിലക്കേർപ്പെടുത്തിയ നടപടി കോർപ്പറേഷൻ പുനഃപരിശോധിക്കണം. ഇക്കാര്യം കോർപ്പറേഷനോട് ആവശ്യപ്പെടും. പക്ഷേ ഉത്തരവൊന്നും കൊടുക്കാനാകില്ല. കേരളത്തിലെ കലാകാരൻമാരുടെയും ജനങ്ങളുടെയും അഭിപ്രായത്തെയും വികാരത്തെയും കോർപ്പറേഷൻ ഉൾക്കൊള്ളുമെന്നാണ് കരുതുന്നത്-മന്ത്രി പറഞ്ഞു. അവസരം നിഷേധിക്കപ്പെട്ടാൽ കലാകാരൻമാർക്ക് സർക്കാർ മറ്റ് സ്ഥലങ്ങളിൽ അവസരം നൽകും. കനകക്കുന്നും നിശാഗന്ധിയുമൊക്കെ അതിനുള്ള ഇടങ്ങളാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

ഇതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് കോർപ്പറേഷനിലെ എൽ.ഡി.എഫ്., യു.ഡി.എഫ്. കൗൺസിലർമാരും രംഗത്തെത്തി. ഞായറാഴ്ച വൈകീട്ട് ഇവിടെ ‘നമ്മുടെ മാനവീയം, നമ്മുടെ ശബ്ദം’ എന്ന പേരിൽ ജനകീയ കൂട്ടായ്മ പ്രതിഷേധിക്കും. കോർപ്പറേഷനിലെ എൽ.ഡി.എഫ്. കൗൺസിലർമാരും ഈ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് അറിയിച്ചു.

Content Highlights: Trivandrum Corporation denied permission for Pushpavathi's concert at Maneeviyam Veedhi silver jubilee., Mayor VV Rajesh stated the organizing committee lacked official recognition and authorization from the corporation., Minister PC Vishnunadh criticized the ban, calling for a reconsideration to support artists., LDF and UDF councilors announced a joint public protest titled 'Nammaude Maneeviyam, Nammaude Shabdam'.