ഒടുവിൽ കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; വെടിവെച്ച് കൊല്ലണം എന്ന് നാട്ടുകാര്‍

#അരുണ്‍ അമൃതനാഥ് | മാതൃഭൂമി ന്യൂസ്
കൂട്ടിലായ കടുവയുടെ ദൃശ്യം (image: mbtv screengrab)
കൂട്ടിലായ കടുവയുടെ ദൃശ്യം (image: mbtv screengrab)

മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവ വനവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തിവരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. 

മെയ് 15-നാണ് തോട്ടംതൊഴിലാളിയായ ഗഫൂറിനെ കാളികാവ് എസ്റ്റേറ്റില്‍വെച്ച് കടുവ കൊലപ്പെടുത്തിയത്. അന്നുതുടങ്ങി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ദൗത്യസംഘം തിരച്ചില്‍ നടത്തിവരികയായിരുന്നു. 

പ്രദേശത്ത് പലതവണ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ക്യാമറകളില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നുവെന്ന് മാത്രമല്ല ഒരു തവണ കടുവയെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ പിടികൂടാന്‍ കഴിയാത്തത് വനംവകുപ്പിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. 

കടുവയെ വെടിവെച്ച് കൊല്ലണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ കടുവയുടെ സാന്നിധ്യം കാരണം ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ കടുവയെ മറ്റൊരു കാട്ടിലേക്ക് മാറ്റുക എന്നതായിരിക്കും വനംവകുപ്പിന്റെ തീരുമാനം എന്നാണ് വിവരം. 

Content Highlights: man eating tiger of kalikavu malappuram has been captured wild animal attacks kerala